
മക്കൾക്കുവേണ്ടി സ്വയം തീരുമാനമെടുത്ത് എന്തുകാര്യം ചെയ്യുമ്പോഴും മാതാപിതാക്കൾ സഗൗരവം ഓർമ്മിക്കേണ്ട ഒരമ്മയാണ് ഭരതമാതാവായ കൈകേയി. അവർ തന്റെ പുത്രനായ ഭരതനുവേണ്ടി രാജ്യം ആവശ്യപ്പെട്ട് നേടി. പക്ഷേ മകൻ തന്നെ ആ രാജ്യം വേണ്ടെന്ന് പറഞ്ഞു. ഭരതന് രാജ്യത്തെക്കാൾ വിലപ്പെട്ടതായിരുന്നു രാമൻ. അധികാരത്തെക്കാൾ വിലപ്പെട്ടതായി രാമനെക്കാണുന്ന ഭരതന്റെ ഭാരതീയതയിൽ അധികാരത്തിനുവേണ്ടി മാത്രം രാമനാമം ഉച്ചരിക്കുന്ന ഒരു ഭാരതീയ രാഷ്ട്രീയ പാർട്ടിക്കും പ്രസക്തിയുണ്ടായിരിക്കില്ല. ഭരതന്റെ ഭാരതീയത ഇല്ലാത്തവരായി നമ്മൾ മാറി എന്നതാണ് നാടിന്റെ ദുരന്തം. നമ്മുടെ, ഭാരതീയത കൈകേയിയുടെ ഭാരതീയതയായി മാറി നാടിനെ മുടിച്ചുകൊണ്ടിരിക്കുന്നു. രാമനെ കാട്ടിൽത്തള്ളി കൊട്ടാരത്തിൽ സസുഖം വാഴാം എന്ന് വ്യാമോഹിക്കുന്നതാണ് കൈകേയിയുടെ ഭാരതീയത. ഈ കൈകേയീ ഭാരതീയതയ്ക്കുള്ള മറുപടിയാണ് ഭരത ഭാരതീയത. അതിലെ ഒന്നാം പാഠം മക്കൾക്കുവേണ്ടി നമ്മൾ തീരുമാനം എടുക്കുന്നതും നടപ്പിൽ വരുത്തുന്നതുമല്ല സ്നേഹം എന്നതാണ്. മക്കളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച്, തീരുമാനമെടുത്ത് അത് നടപ്പിൽ വരുത്താൻ മക്കൾക്കൊപ്പം തുണയായിരിക്കലാണ് സ്നേഹം. കൈകേയി, ഭരതന്റെ അഭിപ്രായം കൂടി കേട്ടറിഞ്ഞുപരിഗണിച്ച് യുവരാജാഭിഷേക വിഷയത്തിൽ പ്രതികരിക്കാൻ പുറപ്പെട്ടിരുന്നെങ്കിൽ അവർക്ക് മകൻ തള്ളിപ്പറയുന്ന അമ്മയാകേണ്ട ഗതികേട് വരില്ലായിരുന്നു.
പുത്രദുഃഖത്താൽ നെഞ്ചുപൊരിഞ്ഞ് ദശരഥ മഹാരാജാവ് മരണപ്പെട്ടപ്പോൾ വസിഷ്ഠാദി ഗുരുജനങ്ങൾ മൃതശരീരം എണ്ണത്തോണിയിൽ കിടത്തി, ഭരത — ശത്രുഘ്നരെ വിളിച്ചുകൊണ്ടുവരുവാൻ കേകയത്തിലേക്ക് ദൂതരെ വിട്ടു. കേകയത്തെത്തിയ ദൂതരോട് ഭരതൻ കുശലപ്രശ്നം ചെയ്യുമ്പോൾ പാലിക്കുന്ന ക്രമം ഭരതമനോഭാവം വിളിച്ചോതുന്നതാണ്. ആദ്യം ഭരതൻ അന്വേഷിക്കുന്നത് ദശരഥനെപ്പറ്റിയാണ്, തുടർന്ന് കൗസല്യ, സുമിത്ര എന്നിവരെപ്പറ്റി കുശലാന്വേഷണം നടത്തിയ ശേഷമാണ് പെറ്റമ്മയായ കൈകേയിയെ കുറിച്ച് ഭരതൻ അന്വേഷണം നടത്തുന്നത്.
കൈകേയിയെപ്പറ്റി അന്വേഷണം നടത്തുമ്പോൾ ഭരതൻ ഉപയോഗിക്കുന്ന വിശേഷണ പദങ്ങൾ പ്രത്യേകം പഠനീയമാണ്.
”ആത്മകാമാ സദാ ചണ്ഡീ ക്രോധനാ പ്രാജ്ഞമാനിനീ
അരോഗാ ചാപി മേ മാതാ കൈകേയീ കിമുവാച ഹ” (അയോധ്യാകാണ്ഡം; സർഗം 70; ശ്ലോകം 10) എന്നാണ് ഭരതന്റെ അന്വേഷണം. ‘എന്റെ മാതാവും തന്നിഷ്ടക്കാരിയും വാശിയും കോപവുമുള്ളവളുമായ കൈകേയിക്കെങ്ങനെ’ എന്നാണ് ഭരതവാക്യത്തിന്റെ താല്പര്യം. ഇവിടെ ആത്മകാമ ശബ്ദത്തിന് സ്വാർത്ഥമതി എന്ന് അർത്ഥം പറയാവുന്നതാണ്. തന്റെ സ്വാർത്ഥത്തിനുവേണ്ടി വാശിപിടിക്കുന്ന ക്രോധശാലിനിയായിട്ടാണ് ഭരതൻ പെറ്റമ്മയെ വിശേഷിപ്പിക്കുന്നത്. ഒറ്റനോട്ടത്തിൽ ഈ ഭരതവാക്യം സംസ്കാര ശൂന്യമാണെന്നു തോന്നാം. അമ്മയെ തള്ളിപ്പറയുന്ന മകൻ നമ്മുടെ കാഴ്ചപ്പാടിൽ സംസ്കാര ശൂന്യനാണല്ലോ.
‘ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി — പെറ്റമ്മയും പിറന്നനാടും സ്വർഗത്തെക്കാൾ വലുതാണ്’ എന്നു പറയുന്ന ശ്രീരാമ സന്ദേശം മുൻനിർത്തി ചിന്തിച്ചാൽ പെറ്റമ്മയെ പിടിവാശിക്കാരിയായ സ്വാർത്ഥ എന്നൊക്കെ വിശേഷിപ്പിക്കുന്ന ഭരതന്റെ സമീപനം ചിന്തിക്കാൻ പോലും പറ്റാത്തത്രയും സംസ്കാര വിരുദ്ധമാണ് എന്ന് തോന്നാം. പക്ഷെ വൈകാരിക ആവേശം വെടിഞ്ഞ്, ഒന്നിരുത്തി ചിന്തിച്ചാൽ പെറ്റമ്മയാണെങ്കിലും പിറന്ന നാടാണെങ്കിലും സ്വാർത്ഥമാത്രമായ താല്പര്യത്തിനുവേണ്ടി ചിന്തയും വാക്കും പ്രവൃത്തികളും ഉപയോഗിച്ചാൽ അതിനെ ചോദ്യം ചെയ്യുന്നതാണ് ശരിയായ മാനവധർമ്മം എന്നു മനസിലാക്കാനാവും.
ഭരതൻ രാമമാതാവായ കൗസല്യയെയും ലക്ഷ്മണ — ശത്രുഘ്നന്മാരുടെ അമ്മയായ സുമിത്രയെയും വിശേഷിപ്പിക്കുന്നത് ധർമ്മിഷ്ഠകൾ എന്നാണ്. മറ്റുള്ളവരുടെ അമ്മയെ വാഴ്ത്തുപദങ്ങളെക്കൊണ്ടും സ്വന്തം അമ്മയെ അവരുടെ സ്വഭാവം വിശകലനം ചെയ്തുകൊണ്ടുള്ള വിമർശനാത്മക പദങ്ങളുപയോഗിച്ചും വിശേഷിപ്പിക്കുന്ന ഭരതന്റെ രീതി ഇന്നത്തെ ജനാധിപത്യ യുഗത്തിൽ കൂടുതൽ മാതൃകാപരമാണ്. മതങ്ങളും രാഷ്ട്രീയ പാർട്ടികളും രാഷ്ട്രങ്ങളും എന്നുവേണ്ട, പൊതുവേ ജനാധിപത്യ പൗരമാനവ സമൂഹവും മാതൃകയാക്കേണ്ട ഒരു സമീപനരീതിയാണിത്. സ്വന്തം മതത്തിന്റെയും പാർട്ടിയുടെയും വീഴ്ചകൾ സ്വയം എടുത്തുകാട്ടിയും മറ്റുള്ള മതങ്ങളുടെയും പാർട്ടിയുടെയും ഗുണഗണങ്ങൾ സൂചിപ്പിച്ചും സംസാരിക്കാൻ നമുക്ക് കഴിഞ്ഞാൽ പരദൂഷണം അടിത്തറയാകാത്തതും സ്വയംവിമർശനം അടിത്തറയായിരിക്കുന്നതുമായ യഥാർത്ഥ ജനാധിപത്യ സംസ്കാരം മതപരവും മതേതരവും ആയ സംഘടനകൾക്കും ഉണ്ടാവും. അതോടെ അപരവിദ്വേഷം മൂലധനമാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ശവസംസ്കാരവും സംഭവിക്കും.
പക്ഷേ ഇവിടെ നടക്കുന്നത് പരദൂഷണങ്ങളും സ്വയം ന്യായീകരണങ്ങളുമാണ്. സ്വന്തക്കാർ എന്തു ചെയ്താലും കുറ്റമല്ല എന്ന ന്യായീകരണമനസ് സ്വജനപക്ഷപാതമാണ്. 10 പോസ്റ്റർ ജീവിതത്തിൽ ഒരു മതിലിലും സംഘടനയ്ക്കുവേണ്ടി പതിപ്പിച്ചിട്ടില്ലാത്ത ഒരാൾ, പതിനായിരം പോസ്റ്റർ പതിച്ചിട്ടും വെറും മെമ്പർ എന്നതിനപ്പുറം ഒന്നും അല്ലാതിരിക്കുന്ന ആയിരക്കണക്കിന് പ്രവർത്തകരുടെ നേതാവായി ഒരു പ്രത്യേക കുടുംബത്തിൽ ജനിച്ചതുകൊണ്ട് മാത്രം എത്തിപ്പെടുന്നു. ഇതാണ് കുടുംബാധിപത്യം. ഈ കുടുംബാധിപത്യം ആവേശമായ സംഘടന മറ്റൊരു സംഘടനയിലെ മുഖ്യനേതാവിന്റെ ബന്ധു മതിയായ പ്രവർത്തന പരിചയമുള്ളതിനാൽ നേതൃത്വത്തിൽ എത്തുന്നതിനെ വിമർശിക്കുന്നത് കാണുമ്പോൾ, സ്വന്തം മന്ത് മണലിൽ പൂഴ്‌ത്തി അപരരെ മന്തുകാലാ എന്ന് അപഹസിക്കുന്നതുപോലെ ഓക്കാനമാണുണ്ടാക്കുന്നത്.
സ്വജനപക്ഷപാതവും കുടുംബാധിപത്യവും ഏതു സംഘടനയിൽ സംഭവിച്ചാലും അത് വലിയ സാമൂഹിക തിന്മയാണ്. ഇതില്ലാത്ത നില ഉണ്ടാവണമെങ്കിൽ പെറ്റമ്മ തെറ്റുചെയ്താലും തെറ്റുതന്നെ എന്നു പറയുന്ന രാമായണത്തിലെ ഭരതനെപ്പോലുള്ള മക്കളും മരുമക്കളും ഉണ്ടാവണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.