
മനഃസാക്ഷിയുള്ളവരെയെല്ലാം ഞെട്ടിച്ച മഹാദുരന്തമായിരുന്നു ഒരുവര്‍ഷം മുമ്പ് വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായത്. 298 പേരുടെ മരണമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. അതിനുമപ്പുറമായിരുന്നു അവശേഷിച്ചവര്‍ അഭിമുഖീകരിച്ച നിലനില്പ് പ്രതിസന്ധി. ഉറ്റവരെല്ലാം നഷ്ടപ്പെട്ട വ്യക്തികളും സര്‍വതും നഷ്ടപ്പെട്ട കുടുംബങ്ങളും നിരവധിയായിരുന്നു. മരിച്ചവരെയോര്‍ത്തുള്ള തീവ്രദുഃഖത്തോടൊപ്പം, അതിജീവിച്ചവരുടെ പുനരധിവാസവും വെല്ലുവിളിയായിരുന്നു. എന്നാല്‍ ദുരന്തമുണ്ടായി ഒരുവര്‍ഷമാകുമ്പോള്‍ ഇരകള്‍ക്ക് അസാധാരണ സഹായങ്ങളും പുനരധിവാസത്തിന് വേഗതയേറിയ നടപടികളുമാണ് സംസ്ഥാന സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്നുണ്ടായത്. കയ്യയച്ചുള്ള സഹായങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങളും എല്ലാ ഭാഗങ്ങളില്‍ നിന്നുമുണ്ടായി. എല്ലാവരും പ്രതീക്ഷിച്ച സഹായം ലഭിക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരില്‍ നിന്നുമാത്രമായിരുന്നു. എങ്കിലും നിശ്ചിത സമയത്തിനകം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഇച്ഛാശക്തിയോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.
ചൂരല്‍മല ദുരന്തത്തിന്റെ പ്രത്യേകത, പ്രകൃതി ദുരന്തത്തെ തുടര്‍ന്നുണ്ടായ നാശങ്ങള്‍ മാത്രമായിരുന്നില്ല. തുടക്കം മുതല്‍ നുണകളുടെ ഉരുള്‍പൊട്ടല്‍ പ്രവാഹവുമുണ്ടായി എന്നതാണ്. ഉരുള്‍പൊട്ടലിന്റെ കുത്തിയൊഴുക്ക് അവസാനിക്കുന്നതിന് മുമ്പേ, മരിച്ചവരുടെ ജഡങ്ങള്‍ മുഴുവന്‍ കണ്ടെത്തുന്നതിനുള്ള തെരച്ചിലില്‍ ഭരണ സംവിധാനങ്ങളും ജനങ്ങളുമാകെ കൈമെയ് മറന്ന് കഠിനാധ്വാനം നടത്തവേ, ആദ്യനുണയുടെ വിസ്ഫോടനമുണ്ടായത് ഇന്ത്യന്‍ പാര്‍ലമെന്റിലായിരുന്നു. ദുരന്തത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയെന്നും മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്നുമുള്ള കുറ്റപ്പെടുത്തല്‍ കേന്ദ്ര ദുരന്തനിവാരണ വകുപ്പിന്റെ ചുമതലക്കാരന്‍ കൂടിയായ ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നാണുണ്ടായത്. വസ്തുതകള്‍ നിരത്തി സംസ്ഥാന സര്‍ക്കാര്‍ ഖണ്ഡിക്കുന്നതുവരെയുള്ള മണിക്കൂറുകള്‍ക്കേ അതിന് ആയുസുണ്ടായുള്ളൂ. അവിടെ നിന്നാരംഭിച്ച നുണപ്രചരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അടുത്തഘട്ടമെന്ന നിലയിലായിരുന്നു ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനുമുളള കേന്ദ്ര സഹായം സംബന്ധിച്ച നുണകളുടെ പ്രവാഹം. നിയമപ്രകാരം എല്ലാവര്‍ഷവും സംസ്ഥാനങ്ങള്‍ക്ക് നല്‍കാറുള്ള തുക അനുദിച്ചത് ചൂരല്‍മലയ്ക്കുള്ള പ്രത്യേക സഹായമെന്ന് വരുത്താനുള്ള പ്രചരണങ്ങളായിരുന്നു തുടര്‍ന്നുണ്ടായത്. വായ്പയായി ധനസഹായം അനുവദിക്കുന്ന അപൂര്‍വ നടപടിയും പ്രത്യേക കേന്ദ്ര സഹായമായി അവകാശപ്പെട്ടു. അതിന്റെ പൊള്ളത്തരങ്ങള്‍ കണക്കുകളിലൂടെ സര്‍ക്കാരും വാര്‍ത്താമാധ്യമങ്ങളും തുറന്നുകാട്ടിയതോടെ പൂര്‍ണമായും പൊളിഞ്ഞു. ഹൈക്കോടതിയില്‍ നിന്ന് നിശിത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നതിന്റെ ജാള്യതയില്‍ പോലും പ്രത്യേക ധനസഹായം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതുമില്ല. ഇതിന്റെയെല്ലാം ഒടുവിലാണ് ദുരന്തത്തിന്റെ വാര്‍ഷികമാകുമ്പോള്‍ പുനരധിവാസം സംബന്ധിച്ച് പുതിയ നുണക്കഥകള്‍ മെനയുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേയ്ക്കാൻ എഴുതിത്തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണ് ചിലരുയർത്തുന്ന തെറ്റായ പ്രചരണങ്ങൾ. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തെ സംബന്ധിച്ചാണ് പുതിയ കുപ്രചരണങ്ങള്‍. ഭൂമി ഏറ്റെടുക്കുന്നതിന് ഉടന്‍ നടപടിയാരംഭിച്ചുവെങ്കിലും നിയമ വ്യവഹാരങ്ങള്‍ കാരണമുണ്ടായ സ്വാഭാവിക വൈകലിനെ സര്‍ക്കാര്‍ വീഴ്ചയായി വ്യാഖ്യാനിക്കാനാണ് ശ്രമിച്ചത്. മൂന്ന് മാസങ്ങള്‍ക്കകം മാതൃകാവീട് പണിതതിനെ, ഒരുവര്‍ഷമെടുത്തെന്നും പുനരധിവാസ വീടുകളുടെ പൂര്‍ത്തീകരണത്തിന് കാലങ്ങളെടുക്കുമെന്ന നുണകളായി പിന്നീട്. മാതൃകാവീട് കണ്ട ഗുണഭോക്താക്കള്‍ സ്വപ്നതുല്യമാണെന്ന സംതൃപ്തി രേഖപ്പെടുത്തിയിട്ടും കുപ്രചരണങ്ങള്‍ക്ക് കുറവേതുമുണ്ടായില്ല. ഒരേസമയം എല്ലാ വീടുകളുടെയും പണി ആരംഭിച്ചാല്‍ കുറച്ച് മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കാമെന്നിരിക്കെയാണ് സാമാന്യബോധം പോലുമില്ലാത്ത പ്രചരണം പ്രതിപക്ഷത്തെ ഉന്നത നേതാക്കള്‍ പോലും ഏറ്റെടുത്തത്. വീടിന്റെ ഘടന, നിര്‍മ്മാണ രീതികള്‍ എന്നിവയെക്കുറിച്ചെല്ലാം കുപ്രചരണങ്ങളുണ്ടായി. പണം വിനിയോഗിക്കുന്നതില്‍ അപാകങ്ങള്‍ ആരോപിക്കാനും ശ്രമിച്ചു.
വെള്ളക്കടലാസിലെഴുതി നല്‍കുന്ന അപേക്ഷയിലൂടെ എല്ലാ വിവരങ്ങളും നിയമപ്രകാരം ലഭ്യമാകുമെന്നിരിക്കെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ നിര്‍ബാധം നടത്തുകയാണ്. ഇതിനെല്ലാം സര്‍ക്കാര്‍ കൃത്യവും വ്യക്തവുമായ ഉത്തരങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അതാത് സമയങ്ങളില്‍ പുറത്തുവിടുന്നുണ്ട്. എങ്കിലും നിരന്തരമുള്ള ഇത്തരം പ്രചരണങ്ങള്‍ സംസ്ഥാനം ദുരന്തബാധിതവേളയിലും പുനരധിവാസത്തിന്റെ ആദ്യഘട്ടത്തിലും കാട്ടിയ കൂട്ടായ്മയെ തകര്‍ക്കുന്നതും ലോകത്തിനുമുന്നില്‍ സംസ്ഥാനത്തെ അപമാനിക്കുന്നതുമാണ്. ഇത്തരം പ്രചരണങ്ങളെ പ്രതിരോധിക്കുക എന്നതുകൂടി ചെയ്യേണ്ടിവരുന്നത് പുനധിവാസത്തിന്റെ സമയനഷ്ടം കൂട്ടാനേ സഹായിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കുവാന്‍ സന്നദ്ധമല്ലെന്നാണ് ഇതിലൂടെ യുഡിഎഫും ബിജെപിയും തല്പരകക്ഷികളും സ്വയം തെളിയിക്കുന്നത്. എന്തായാലും ഈ വര്‍ഷം ഡിസംബറില്‍ത്തന്നെ പുനരധിവാസ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും ജനുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്നും പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള കുപ്രചരണങ്ങളില്‍ കുടുങ്ങാതെ മഹാദുരന്തത്തിന്റെ ഇരകളായവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ കൂടെ നില്‍ക്കുകയാണ് ഈ ഘട്ടത്തില്‍ മനുഷ്യസ്നേഹികളായ മുഴുവന്‍ പേരുടെയും ഉത്തരവാദിത്തം. ‘
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.