16 December 2025, Tuesday

Related news

December 15, 2025
December 15, 2025
December 8, 2025
December 6, 2025
December 5, 2025
December 4, 2025
December 3, 2025
December 1, 2025
December 1, 2025
December 1, 2025

കേരള സർവകലാശാലാ വിസി സിൻറിക്കേറ്റിന് മുകളിലോ; ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
August 4, 2025 11:04 pm

കേരള സര്‍വകലാശാലാ ഭരണ പ്രതിസന്ധിയില്‍ വിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും ഹൈക്കോടതി ആരാഞ്ഞു. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടോയെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കണം. സിന്‍ഡിക്കേറ്റിന് മുകളിലാണോ വൈസ് ചാന്‍സലറെന്നും കോടതി ചോദ്യമുയര്‍ത്തി. ഇതില്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് നിര്‍ദേശം നല്‍കി. തന്നെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരം വിസിക്കല്ല, സിന്‍ഡിക്കേറ്റിനാണ് എന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. സര്‍വകലാശാലാ തര്‍ക്കം ആര്‍ക്കും ഭൂഷണമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് നാളെ പരിഗണിക്കാനായി മാറ്റി. 

ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സിന്‍ഡിക്കേറ്റിന്റെ തീരുമാനം അനുസരിക്കാതെ സര്‍വകലാശാലാ നിയമവും ചട്ടവും വിസി ലംഘിക്കുകയാണെന്ന് ഡോ. അനില്‍കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എല്‍വിന്‍ പീറ്റര്‍ ചൂണ്ടിക്കാട്ടി.
വിസി സസ്പെന്‍ഡ് ചെയ്താല്‍ അത് സിന്‍ഡിക്കേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ചട്ടം. അതനുസരിച്ച് ജൂലൈ ആറിന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സിന്‍ഡിക്കേറ്റ് തീരുമാനം പാലിക്കാതെ സസ്പെന്‍ഷന്‍ ഉത്തരവുമായി വിസി മുന്നോട്ടുപോകുകയാണ്. സിന്‍ഡിക്കേറ്റ് സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് നേരത്തെ നല്‍കിയിരുന്ന റിട്ട് ഹര്‍ജി പിന്‍വലിച്ചതെന്നും ഡോ. അനില്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വൈസ് ചാൻസലർ സിൻഡിക്കേറ്റിന്റെ അധികാരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കേണ്ട ഒരു ഓഫിസർ മാത്രമാണെന്ന് സർവകലാശാല കോടതിയെ അറിയിച്ചു. അതേസമയം വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കുമുള്ള പരസ്പര വാശിയാണ് അടിസ്ഥാന പ്രശ്നമെന്നും ഇരുകൂട്ടരുടെയും നീക്കം ആത്മാര്‍ത്ഥതയോടെയുള്ളതല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.