
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ വടക്കേകോട്ട മെട്രോസ്റ്റേഷന് സമീപത്തെ ട്രാക്കിന്റ മുകളിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാർ (32) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. തലയടിച്ച് റോഡിലേക്ക് വീണ നിസാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യാശ്രമത്തിന്റെ ഭാഗമായാണ് നിസാർ ചാടിയതെന്നാണ് സൂചന. വടക്കേകോട്ട മെട്രോ സ്‌റ്റേഷനിലെത്തിയ നിസാർ ടിക്കറ്റ് എടുത്തതിന് ശേഷം ആലുവക്ക് പോകുന്ന ഫ്ലാറ്റ് ഫോമിലെത്തി കുറച്ചു നേരം നിന്നതിന് ശേഷം ട്രാക്കിലേക്ക് ചാടുകയായിരുന്നു.
ട്രെയിൻ വരുന്ന സമയമല്ലാതിരുന്നതിനാൽ ട്രാക്കിൽ വൈദ്യുതി പ്രവാഹമില്ലായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാർ ഇടപെട്ട് ട്രാക്കിൽനിന്ന് കയറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, നിസാർ കൂട്ടാക്കിയില്ല. പകരം കൈവരിയിലൂടെ കയറി മുന്നോട്ടോടുകയായിരുന്നു. അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് സംഘം ഉടൻ സ്ഥലത്തെത്തുകയും താഴേക്ക് ചാടിയാൽ രക്ഷിക്കാനുള്ള വല ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എന്നാൽ വലയിൽ കുടുങ്ങാതെ മെട്രോ ട്രാക്കിൽ നിന്ന് താഴെ റോഡിലേക്കാണ് യുവാവ് ചാടിയത്. ഇതോടെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി.
സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്നും ഇതേക്കുറിച്ച് ഡയറക്ടറുടെ (സിസ്റ്റംസ്) നേതൃത്വത്തില്‍ വിശദമായ ഉന്നതതല അന്വേഷണം നടത്തി സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞാണ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് ചാടുന്നത്. ഇത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ എമര്‍ജന്‍സി ട്രിപ് സ്വിച്ച് പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ബന്ധം വിഛേദിച്ചശേഷം രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ട്രാക്കിന് മുകളിലെ എമര്‍ജെന്‍സി പാത്ത് വേയില്‍ കയറി നിലയുറപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് കടവന്ത്രമുതല്‍ തൃപ്പൂണിത്തുറവരെയുള്ള പാതയില്‍ തുടര്‍ന്ന് 40 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.