
ഡേ കെയറിൽനിന്ന് തിരിച്ചെത്തിയ ഒന്നര വയസ്സുകാരിയുടെ ദേഹത്ത് കടിയുടെയും മർദനത്തിൻ്റെയും പാടുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഡേ കെയർ ജീവനക്കാരി കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 137‑ലെ പരാസ് ടിയേറ റെസിഡൻഷ്യൽ കോംപ്ലക്സിലെ ഡേ കെയറില്‍ ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്.
കുഞ്ഞിന്റെ അമ്മ സാധാരണപോലെ മകളെ ഡേ കെയറിലാക്കി. വൈകുന്നേരം തിരികെ കൂട്ടിക്കൊണ്ടുവന്നപ്പോൾ കുഞ്ഞ് അസാധാരണമായി കരയുന്നത് ശ്രദ്ധയിൽപ്പെട്ടു. വസ്ത്രം മാറ്റിയപ്പോൾ ശരീരമാസകലം ചതവുകളും കടിയേറ്റ പാടുകളും കണ്ടതോടെ അമ്മയ്ക്ക് സംശയം തോന്നി. തുടർന്ന് ഡേ കെയറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരമായ ദൃശ്യങ്ങൾ കണ്ടത്. കുഞ്ഞ് കരച്ചിൽ നിർത്താതായപ്പോൾ ജീവനക്കാരി അതിനെ തറയിലേക്ക് വലിച്ചെറിയുന്നതും, തറയിൽ വീണ കുഞ്ഞിനെ അടിക്കുകയും പ്ലാസ്റ്റിക് ബാറ്റ് ഉപയോഗിച്ച് മർദിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഡേ കെയറിൽ ജോലി ചെയ്തിരുന്നത് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയാണ്. പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ജുവനൈൽ നിയമപ്രകാരം നടപടി സ്വീകരിക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ ഡേ കെയറിൽ ജോലിക്കെടുത്തതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.