13 December 2025, Saturday

Related news

October 31, 2025
October 22, 2025
October 20, 2025
October 19, 2025
October 15, 2025
October 13, 2025
October 13, 2025
October 10, 2025
October 9, 2025
October 6, 2025

ബസ് യാത്രയ്ക്കിടെ നഷ്ടമായ സ്വർണമാല ക്ഷമാപണക്കത്തിനൊപ്പം വീട്ടുപടിക്കല്‍

Janayugom Webdesk
പൊയിനാച്ചി(കാസര്‍കോട്)
August 12, 2025 6:33 pm

ബസ് യാത്രയ്ക്കിടെ നഷ്ടമായ സ്വർണമാല ക്ഷമാപണക്കത്തിനൊപ്പം ഉടമയുടെ വീട്ടുവരാന്തയിൽ തിരിച്ചെത്തി. പൊയിനാച്ചി പറമ്പിലെ റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ ദാമോദരന്റെ ഭാര്യ ഗീതയുടെ മാലയാണ് കള്ളന്റെ മനസ്സലിവിന് ഇടയാക്കി സന്ദേശവുമായി ഉടമയുടെ പക്കൽ തിരിച്ചെത്തിയത്. 

കഴിഞ്ഞ നാലിന് കാസർകോട് ‑ബന്തടുക്ക റൂട്ടിലോടുന്ന അക്ഷയ ബസിൽ പൊയിനാച്ചിയിൽ നിന്ന് പറമ്പിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഗീതയുടെ നാല് പവന്റെ താലിമാല നഷ്ടമായത്. ദാമോദരനും ഗീതയ്ക്കും സ്വർണത്തിന്റെ മൂല്യത്തേക്കാളേറെ നഷ്ടബോധം തോന്നിയത് താലിമാല നഷ്ടമായതിലായിരുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ടും ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെകില്‍ ദയവുചെയ്ത് തിരികെ ഏല്‍പ്പിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ടും മാലയുടെ ഫോട്ടോ സഹിതം ദാമോദരന്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. സമീപപ്രദേശങ്ങളിലെ ഗ്രൂപ്പുകളിലെല്ലാം ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഒൻപത് ദിവസത്തിന് ശേഷം മാലയും കത്തും ഇന്നലെ രാവിലെ ദാമോദരന്റെ വീട്ടുവരാന്തയില്‍ പ്രത്യക്ഷപ്പെട്ടത്. രാവിലെ പത്തര മണിയോടെയാണ് വരാന്തയിലെ ചാരുപടി ഇരിപ്പിടത്തിൽ മാലയും കത്തും കണ്ടെത്തിയത്. 

ഈ മാല എന്റെ കൈയില്‍ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു. എന്നാല്‍ കൈയില്‍ എടുക്കുന്തോറും നെഗറ്റീവ് ഫീലിംഗ്. ഒരു വിറയല്‍. പിന്നെ കുറേ ആലോചിച്ചു എന്ത് ചെയ്യണം. വാട്‌സാപില്‍ മെസേജ് കണ്ടു കെട്ടുതാലിയാണ്. പിന്നെ തീരുമാനിച്ചു, വേണ്ട ആരാന്റെ മുതല്‍ വേണ്ടാന്ന്. അങ്ങനെ വിലാസം കണ്ടുപിടിച്ചു. ഞാന്‍ എന്നെ പരിചയപ്പെടുത്തുന്നില്ല. ഇത്രയും ദിവസം മാല കൈയില്‍ വെച്ചതിന് മാപ്പ് വേദനിപ്പിച്ചതിനും മാപ്പ്. —– കുണ്ടംകുഴി. എന്നാണ് കത്തിൽ എഴുതിയിരുന്നത്. മാല തിരിച്ചുകിട്ടിയതിനു തൊട്ടുപിന്നാലെ ആ വിവരം അറിയിച്ചുകൊണ്ട് ദാമോദരന്‍ വീണ്ടും വാട്സാപ് ഗ്രൂപ്പുകളിൽ പോസ്റ്റ് ഇട്ടു. മാല നഷ്ടപ്പെട്ട വിവരം ഷെയര്‍ ചെയ്ത എല്ലാ സുമനസുകള്‍ക്കും നന്ദി അറിയിച്ചു. മാല തിരികെ കൊണ്ടുവന്ന് വെച്ച അജ്ഞാതനായ സുഹൃത്തിന് സര്‍വേശ്വരന്‍ നല്ലത് വരുത്തട്ടെയെന്നും പോസ്റ്റിൽ പറഞ്ഞു. ഈ മെസേജും ഷെയർ ചെയ്യപ്പെട്ട് അജ്ഞാതനായ ആ സുഹൃത്തിലേക്ക് എത്തിച്ചേരുമെന്നാണ ദാമോദരന്റെ പ്രതീക്ഷ. 

മാല മനപൂർവം മോഷ്ടിച്ചതാവില്ലെന്നും ബസിനകത്ത് വണുപോയ മാല ആ വ്യക്തിയുടെ കൈയിൽ കിട്ടിയതാകാമെന്നുമാണ് കരുതുന്നത്. അന്യന്‍റെ മുതൽ അനുഭവിക്കേണ്ടതില്ലെന്ന ചിന്ത തുടക്കത്തിൽതന്നെ ആ വ്യക്തിയുടെ മനസിലുണ്ടായിരുന്നു. വാട്സാപ് ഗ്രൂപ്പുകളിൽ ദാമോദരന്റെ പോസ്റ്റ് കണ്ടപ്പോഴാണ് ആരുടെ മാലയാണെന്ന കാര്യം അറിവായത്. അതോടെ വിലാസം അന്വേഷിച്ച് കണ്ടുപിടിച്ച് മാല തിരിച്ചെത്തിക്കുകയായിരുന്നുവെന്ന് കരുതുന്നു. മോഷ്ടാവായി മുദ്രകുത്തപ്പെട്ടേക്കാമെന്ന ഭയമുള്ളതിനാൽ നേരിട്ടു വരാൻ കഴിഞ്ഞതുമില്ല. വാട്സാപ്പിൽ പോസ്റ്റിട്ടെങ്കിലും മാല ആ വ്യക്തിയുടെ കൈയിലാണ് ഉള്ളതെന്ന കാര്യം ആർക്കും കണ്ടുപിടിക്കാൻ കഴിയുമായിരുന്നില്ല. എന്നിട്ടും സ്വന്തം റിസ്ക്കിൽ ഉടമയുടെ വീട് തേടിപ്പിടിച്ച് മാല തിരികെ കൊണ്ടുവയ്ക്കാൻ കാണിച്ച നന്മയ്ക്കാണ് നാട്ടുകാർ നിറഞ്ഞ കൈയടി കൊടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.