
കെജിഎഫ് രണ്ട് ഭാഗങ്ങള്‍, കാന്താര, ചാര്‍ളി തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കു പിന്നാലെ ഒരു കൊച്ചു കന്നഡ ചിത്രം കൂടി കേരളക്കര കീഴടക്കുകയാണ്. സു ഫ്രം സോയെന്ന സുലോചന ഫ്രം സോമശ്വേര ജെ പി സാധാരണ മലയാളി പ്രേക്ഷകന് പരിചയമുള്ളതായി രാജ് ബി ഷെട്ടി മാത്രമേയുള്ളു, രണ്ടരമണിക്കൂറിലേറെയുള്ള ഈ ചിത്രത്തില്‍. എന്നിട്ടും വളരെ വേഗത്തില്‍ പ്രേക്ഷകന് ഈ ചിത്രത്തിലേക്കിറങ്ങി ചെല്ലന്നത് കഥ നടക്കുന്നത് കേരളത്തോട് വളരെയധികം സാമ്യമുള്ള ഭൂപ്രദേശത്തിലും, മലയാളിക്ക് പെട്ടെന്ന് തിരിച്ചറിയുന്ന കഥാപരിസരങ്ങളിലുമാണെന്നതാണ്. ജെ പി തുമിനാദ് ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമ ഹൊറര്‍ കോമഡി ഡ്രാമയാണ്.
കർണാടകയിലെ മർലൂർ എന്ന തീരദേശ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അശോക എന്ന ചെറുപ്പക്കാരന് ഒരു പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയം അവനെ ചില പ്രശ്നങ്ങളിലേക്കെത്തിക്കുന്നു. ആ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സോമേശ്വരയിലുള്ള സുലോചന എന്ന സ്ത്രീയുടെ പ്രേതം ബാധിച്ചെന്നുള്ള അവസ്ഥയിലേക്ക് അവന് മാറേണ്ടി വരുന്നു. അശോകനെ രക്ഷിക്കാന്‍ നാട്ടുകാരനായ രവിയെത്തുന്നു. സുലേചനയുടെ മകളായ ഭാനു അമ്മയെ തേടി ആ ഗ്രാമത്തിലെത്തുന്നതോടെ കഥ മുള്മുനയിലെത്തുന്നു. തുടർന്ന് ചില സംഭവങ്ങളിലൂടെ ഗ്രാമത്തിലെ ജീവിതം തലകീഴായി മാറുന്നതും ഹാസ്യരസത്തിൽ സിനിമയില്‍ അവതരിപ്പിക്കുന്നു.
ലൈറ്റർ ബുദ്ധ ഫിലിംസിന്റെ ബാനറിൽ ശശിധർ ഷെട്ടി ബറോഡ, രവി റായ് കലസ, രാജ് ബി ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കരുണാകര ഗുരുജിയെ അവതരിപ്പിക്കുന്ന രാജ് ബി ഷെട്ടിക്ക് പുറമേ ഷാനീൽ ഗൗതം (രവിയണ്ണ) ജെ പി തുമിനാദ് (അശോക), സന്ധ്യ അരക്കരെ (ഭാനു), പ്രകാശ് തുമിനാദ്, ദീപക് റായ് പനജെ, മൈം രാംദാസ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
സു ഫ്രം സുവിന്റെ മലയാളം ഡബ്ബ് പതിപ്പ് കേരളത്തിൽ വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫാറർ ഫിലിംസാണ്. സുമേധ് കെയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത്.
മലയാളി പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് വലിയ രീതിയില്‍ ആകര്‍ഷിക്കുന്ന ഈ ചിത്രം കന്നഡയില്‍ നിരവധി റിക്കോര്ഡുകളിട്ടു. ഒരു ഞായറാഴ്ച 72 അതിരാവിലെ ഷോകൾ പൂർണമായി നിറഞ്ഞ ആദ്യ കന്നഡ ചിത്രം, ബുക്ക് മൈ ഷോയിൽ 1.27 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് ഒരു കന്നഡ സിനിമയ്ക്ക് ഒരു ദിവസം വിറ്റഴിക്കപ്പെട്ട ഏറ്റവും കൂടുതൽ ടിക്കറ്റുകൾ, ഇങ്ങനെയാണ് റെക്കോര്‍ഡുകള്‍. കഷ്ടിച്ച് അഞ്ചരക്കോടിക്ക് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 100 കോടിയിലേക്ക് കടക്കുന്നുണ്ട്. മലയാളം ഡബ്ബിങ്ങില്‍ നിന്നു മാത്രം ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷ.
മലയാളത്തില്‍ പുറത്തിറങ്ങി കൊച്ചുകൊച്ചു വിജയങ്ങള്‍ നേടുന്ന പല ചിത്രങ്ങളും വന്താരനിരയില്ലാത്തവയാണ്. ബോക്സ് ഓഫീസ് കിലുക്കത്തിനപ്പുറം ഇത്തരം ചിത്രങ്ങളെ പ്രേക്ഷകരേറ്റുവാങ്ങുന്നത് ഒടിടി പ്ലാറ്റ് ഫോമുകളിലാണ്. തിങ്കളാഴ്ച നിശ്ചയവും വ്യസന സമേതം ബന്ധുമിത്രാദികളും പോലെ നമ്മുടെ അടുത്ത വീട്ടില്‍ നടക്കുന്ന ഒരു കൊച്ചു സംഭവം പോലെ സാധാരണ മലയാളിക്ക് കന്നഡയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന ഈ കഥ ആസ്വദിക്കാനാവുന്നുവെന്നതാണ് അതിരുകള്‍ കടന്ന് കേരളത്തിലെത്തി സു ഫ്രം സോ നേടിക്കൊണ്ടിരിക്കുന്ന വിജയം വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.