23 January 2026, Friday

Related news

October 5, 2025
August 17, 2025
August 16, 2025
July 31, 2025
July 20, 2025
January 24, 2025
November 10, 2024
October 1, 2024
August 16, 2024
August 15, 2024

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ ആര്‍ കേളു

Janayugom Webdesk
കൽപറ്റ
August 17, 2025 8:51 am

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ‑മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ‑പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. കല്‍പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യം കണ്ട മഹാ ദുരന്തത്തില്‍ നിന്ന് ജില്ലയെ കരകയറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ദുരന്ത മേഖലയിലെ അതിജീവിതര്‍ക്കായി കല്‍പ്പറ്റയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

പ്രതികൂല കാലാവസ്ഥയിലും പരേഡില്‍ അണിനിരന്ന സേനാ വിഭാഗങ്ങളെയും വിദ്യാര്‍ത്ഥികളെയും മന്ത്രി അഭിനന്ദിച്ചു. എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ എം എല്‍ എമാരായ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പത്മശ്രീ ചെറുവയല്‍ രാമന്‍, ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി, കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ ടി.ജെ ഐസക്ക്, എ ഡി എം കെ ദേവകി, സബ് കലക്ടര്‍ അതുല്‍ സാഗര്‍, അസിസ്റ്റന്റ് കലക്ടര്‍ പി പി അര്‍ച്ചന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

29 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു

എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെ 29 പ്ലാറ്റൂണുകള്‍ പങ്കെടുത്തു. പനമരം പൊലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ രാംജിത്ത് പി ഗോപി കമാന്ററായ പരേഡില്‍ കേരള പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിഭാഗം, ലോക്കല്‍ പൊലീസ്, ലോക്കല്‍ പൊലീസ് വനിതാ വിഭാഗം, എക്‌സൈസ്, വനം വകുപ്പ്, എന്‍സിസി, എസ്പിസി, സ്‌കൗട്ട്, ഗൈഡ്‌സ്, ജെ ആര്‍ എസി വിഭാഗങ്ങളുടെ പ്ലാറ്റൂണുകളാണ് പങ്കെടുത്തത്.

സേനാ വിഭാഗത്തില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനം വകുപ്പ് രണ്ടാം സ്ഥാനം നേടി. എന്‍എംഎസ്എം ഗവ കോളജ് കല്‍പറ്റ, തരിയോട് നിര്‍മല ഹൈസ്‌കൂള്‍ എന്നിവ എന്‍ സി സി വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എസ് പി സി വിഭാഗത്തില്‍ കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും തരിയോട് നിര്‍മല ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കല്‍പറ്റ എസ് കെ എം ജെ സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യൂഒവിഎച്ച് എസ് സ്‌കൂള്‍ എന്നിവ സ്‌കൗട്ട് വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. കണ്ണൂര്‍ ഡിഫന്‍സ് സര്‍വീസ് കോറിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒമ്പതിന് കണ്ണൂരിൽ നിന്ന് ആരംഭിച്ച് വടകര, കോഴിക്കോട്, മലപ്പുറം, കല്‍പറ്റ, ചൂരല്‍മല വരെ അഞ്ഞൂറ് കിലോമീറ്റര്‍ പിന്നിട്ട സൈക്കിള്‍ റാലി കല്‍പറ്റയിലെ പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. 

ശ്രദ്ധേയമായി സാംസ്‌കാരിക പരിപാടി

പരേഡിന് ശേഷം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികൾ അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായി. ഫാദര്‍ ടെസ്സ സ്‌പെഷ്യല്‍ സ്‌കൂള്‍, കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തം, ബാന്‍ഡ്, ഇരുള നൃത്തം, മലപ്പുലയാട്ട നൃത്തം എന്നിവ കാണികള്‍ക്ക് ആവേശമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.