തൃശൂര്‍
August 17, 2025 10:12 pm
കേരളത്തിന്റെ കാർഷികമേഖല വളർച്ചയുടെ പാതയിലാണെന്നും ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കേരളം കൈവരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. കർഷക ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കർഷക അവാർഡ് വിതരണവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക മേഖല ദേശീയതലത്തിൽ 2.1 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, സംസ്ഥാനത്ത് കേരളം 4.65 ശതമാനം വളർച്ച നേടി. കർഷകന്റെ വരുമാനത്തിൽ 50 ശതമാനം വരുമാനം വർധിപ്പിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ കൃഷിവകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കി. സമഗ്ര കാർഷിക വിള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി. കാലാവസ്ഥാ വ്യതിയാനവും വിപണി അനിശ്ചിതത്വവും വന്യമൃഗ ആക്രമണങ്ങളും കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും മൂല്യവർധിത ഉല്പാദനരംഗത്ത് മാറ്റം കൊണ്ടുവരുന്നതിനുമായി ലോകബാങ്കിന്റെ സഹകരണത്തോടെ 2365 കോടി രൂപയുടെ കേര പദ്ധതി നടപ്പിലാക്കുകയാണ്. നാല് ലക്ഷം കർഷകർക്ക് നേരിട്ടും പത്ത് ലക്ഷം കർഷകർക്ക് പരോക്ഷമായും കേര പദ്ധതിയുടെ പ്രയോജനം ലഭിക്കും. വന്യമൃഗ ശല്യം തടയാന്‍ കേന്ദ്ര നിയമത്തിൽ കാലോചിതമായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകൻ ജോസഫ് പള്ളൻ, കർഷകത്തൊഴിലാളി സംഗീത എ ആർ എന്നിവരെ റവന്യൂമന്ത്രി കെ രാജൻ ആദരിച്ചു. കർഷക അവാർഡ് ജേതാക്കളുടെ വിജയഗാഥ കോർത്തിണക്കിയ ഹരിതഗാഥ എന്ന പുസ്തകം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രകാശനം ചെയ്തു. സംസ്ഥാന കർഷക അവാർഡ് ജേതാക്കൾക്ക് മന്ത്രിമാരായ പി പ്രസാദും കെ രാജനും ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ചടങ്ങില്‍ കർഷകഭാരതി അവാർഡ് ജനയുഗം ഇടുക്കി ബ്യൂറോചീഫ് ആർ സാംബന്‍ ഏറ്റുവാങ്ങി. മേയർ എം കെ വർഗീസ്, എംഎൽഎമാരായ പി ബാലചന്ദ്രൻ, എൻ കെ അക്ബർ, എ സി മൊയ്തീൻ, മുരളി പെരുനെല്ലി, യു ആർ പ്രദീപ്, സനീഷ് കുമാർ ജോസഫ്, വി ആർ സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, ഇ ടി ടൈസൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക്, കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, മണ്ണ് സംരക്ഷണ പര്യവേഷണ വകുപ്പ് ഡയറക്ടർ സാജു കെ സുരേന്ദ്രൻ, സ്റ്റേറ്റ് ഹോട്ടികൾച്ചർ മിഷൻ ഡയറക്ടർ സജി ജോൺ, കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. എ സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു. രാവിലെ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കും കുറിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.