
മില്‍മ ഉല്പന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓണവിപണി ലക്ഷ്യമിട്ട് ‘മില്‍മ കൗ മില്‍ക്ക്’ ഒരു ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) നാളെ വിപണിയിലിറക്കും. പാലിന്റെ തനത് ഗുണമേന്മയും സ്വാഭാവിക തനിമയും നിലനിര്‍ത്തുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ ‘മില്‍മ കൗ മില്‍ക്ക്’ ഒരു ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വില.
‘മില്‍മ കൗ മില്‍ക്ക്’ ഒരു ലിറ്റര്‍ ബോട്ടിലിന്റെ ഉദ്ഘാടനവും പ്രകാശനവും ഇന്ന് രാവിലെ 11 ന് ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ മൃഗസംരക്ഷണ‑ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കുമെന്ന് ടിആര്‍സിഎംപിയു ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ 2024–2025 വര്‍ഷത്തില്‍ മികച്ച വില്പന കൈവരിച്ച മില്‍മ ഏജന്റുമാര്‍, മൊത്ത വിതരണ ഏജന്റുമാര്‍, റി-ഡിസ്ട്രിബ്യൂട്ടര്‍, ആപ്കോസ്, പാര്‍ലര്‍ എന്നിവരെ പാരിതോഷികം നല്‍കി ആദരിക്കും.
തെരഞ്ഞെടുത്ത ക്ഷീര സംഘങ്ങളില്‍ നിന്നും മില്‍മ നേരിട്ട് സംഭരിക്കുന്ന ശുദ്ധമായ പശുവിന്‍ പാലില്‍ നിന്നും ഉണ്ടാക്കുന്ന മില്‍മ കൗ മില്‍ക്കില്‍ 3.2 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന ഗുണമേന്‍മയുള്ള ഫുഡ്ഗ്രേഡ് പ്ലാസ്റ്റിക്ക് ബോട്ടിലാണ് പാക്കിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. ശീതികരിച്ച് സൂക്ഷിച്ചാല്‍ മൂന്നു ദിവസം വരെ മില്‍മ കൗ മില്‍ക്ക് കേടു കൂടാതിരിക്കും. നവീന പാക്കിങ് സംവിധാനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആവശ്യാനുസരണം സൂക്ഷിക്കാം, ഉപയോഗിക്കാം, എളുപ്പത്തില്‍ കൈകാര്യം ചെയ്യാം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് വില്പന. തുടര്‍ന്ന് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കും വിതരണം വ്യാപിപ്പിക്കും. മില്‍മ ഏജന്റുമാര്‍, മൊത്ത വിതരണ ഏജന്റുമാര്‍, റീ ഡിസ്ട്രിബ്യൂട്ടര്‍മാര്‍, ലുലു- റിലയന്‍സ് തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ വിതരണ ശൃംഖലകള്‍ എന്നിവര്‍ മുഖാന്തിരമായിരിക്കും മില്‍മ കൗ മില്‍ക്ക് വിതരണം നടത്തുക. ‘മില്‍മ കൗ മില്‍ക്കിന്റെ’ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി 20, 21 തീയതികളില്‍ ടിആര്‍സിഎംപിയു സമ്മാന പദ്ധതി നടപ്പിലാക്കും. ഈ തീയതികളില്‍ വിതരണം ചെയ്യുന്ന മില്‍മ കൗ മില്‍ക്ക് ഒരു ലിറ്റര്‍ ബോട്ടിലില്‍ ബാച്ച്കോഡിന്റെ കൂടെ ഒരു അഞ്ചക്ക നമ്പര്‍ ഉണ്ടാകും. ഈ നമ്പറിന്റെ അടിസ്ഥാനത്തില്‍ നറുക്കെടുപ്പിലൂടെ പത്ത് സമ്മാനാര്‍ഹരെ കണ്ടെത്തും. 15,000 രൂപ വീതമാണ് സമ്മാനമായി ലഭിക്കുക. 22 ന് നറുക്കെടുപ്പ് നടത്തി സമ്മാനാര്‍ഹരായവരുടെ നമ്പറുകള്‍ 23ലെ പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. 26ന് മില്‍മ ക്ഷീര ഭവനില്‍ നടത്തുന്ന ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും.
ലുലു — റിലയന്‍സ് തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ വിതരണ ശൃംഖലകള്‍, മില്‍മ നേരിട്ട് നടത്തുന്ന സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ നിന്നും മില്‍മ കൗ മില്‍ക്ക് ഒരു ലിറ്റര്‍ ബോട്ടില്‍ രണ്ടെണ്ണം ഒരുമിച്ച് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മില്‍മ ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 500 മില്ലിലിറ്റര്‍ പാല്‍ സൗജന്യമായി ലഭിക്കും. നാളെ മാത്രമായിരിക്കും ഈ സൗജന്യം ലഭിക്കുക.
വാര്‍ത്താസമ്മേളനത്തില്‍ ബോര്‍ഡംഗമായ കെ കൃഷ്ണന്‍ പോറ്റി, ടിആര്‍സിഎംപിയു മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അന്‍സാരി സി എ, മില്‍മ മാര്‍ക്കറ്റിങ് ഹെഡ് ജയ രാഘവന്‍ എന്നിവരും പങ്കെടുത്തു.
ഓണത്തിന് ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി നാല് രൂപ ലഭിക്കും
ഓണത്തോടനുബന്ധിച്ച് ജൂലൈയില്‍ സംഘങ്ങള്‍ തിരുവനന്തപുരം മേഖലാ യൂണിയനു നല്കിയ പാലളവിന്റെ അടിസ്ഥാനത്തില്‍ ലിറ്ററൊന്നിനു ആറ് രൂപ വീതം അധിക പാല്‍വില നല്കും. അധിക പാല്‍വിലയില്‍ നാല് രൂപ കര്‍ഷകനും ഒരു രൂപ സംഘത്തിനുമാണ്. കൂടാതെ ഒരു രൂപ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുന്നതാണ്.
ഈ സാമ്പത്തിക വര്‍ഷം 30 പുതിയ പദ്ധതികളാണ് മില്‍മ നടപ്പാക്കുക. വിദ്യാഭ്യാസ‑ചികിത്സാ ധനസഹായം, മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം, മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി തുടങ്ങിയവ നടപ്പിലാക്കും. പെന്‍ഷന്‍ പദ്ധതിയിലൂടെ പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്ക് 1000 രൂപ വീതം കര്‍ഷകര്‍ക്ക് നല്കും. അടിയന്തര ആശുപത്രിച്ചെലവുകള്‍ക്കായി 25000 രൂപ സംഘത്തില്‍ നിന്ന് നല്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്ന് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ ഓണസമ്മാനമായി 4.8 കോടി രൂപ നീക്കിവയ്ക്കാന്‍ ഭരണസമിതി തീരുമാനിച്ചതായി ബോര്‍ഡംഗം കെ ആര്‍ മോഹനന്‍ പിള്ള പറഞ്ഞു. ചരിത്രത്തിലാദ്യമായി ശബരിമലയിലേക്ക് ഏകദേശം 170 ടണ്‍ മില്‍മ നെയ്യ് നല്‍കുന്നതിന് ദേവസ്വം ബോര്‍ഡുമായി കരാര്‍ ഉണ്ടാക്കി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഇത് വിതരണം ചെയ്യും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടിആര്‍സിഎംപിയുവിന് 39 കോടി രൂപയുടെ ലാഭം ലഭിച്ചു. ഈ ലാഭത്തിന്റെ 85 ശതമാനം കര്‍ഷകര്‍ക്കായി മാറ്റിവച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.