
അഹമ്മദാബാദ്: ഗസ്സക്ക് വേണ്ടിയുള്ള ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിറിയൻ പൗരനെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്. ഇയാൾക്കൊപ്പം ഫണ്ട് പിരിവിന് ഉണ്ടായിരുന്ന മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഗുജറാത്ത് പൊലീസ് അറിയിച്ചു. ഗുജറാത്തിലെ പള്ളികളിൽ നിന്നാണ് ഇയാൾ പണപ്പിരിവ് നടത്തിയത്.
അലി മേഗാത് അൽ-അസ്റാണ് പിടിയിലായത്. ഇയാൾ പള്ളികളിൽ നിന്ന് ഗസ്സയുടെ പേരിൽ ഫണ്ട് പിരിവ് നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എലിസ് ബ്രിഡ്ജ് മേഖലയിലെ ഹോട്ടലിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് ജോയിന്റ് കമീഷണർ ശരത് സിങ്ഗാൽ പറഞ്ഞു.
സക്കരിയ ഹൈതം അൽ നസർ, അഹമ്മദ് അൽഹബാഷ്, യൂസഫ് അൽ-സഹർ എന്നീ മൂന്ന് പേരാണ് ഇനി പിടിയിലാവാനുള്ളത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അൽ-അസ്ഹർ പിടിയിലായത്. ഇയാളിൽ നിന്ന് 3600 ഡോളറും 25,000 രൂപയും കണ്ടെടുത്തു. അറസ്റ്റിന് പിന്നാലെ മറ്റ് മൂന്ന് പേർ മുങ്ങുകയായിരുന്നു. ഇവർക്കെതിരെ ഗുജറാത്ത് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് വിസയിലാണ് നാല് സിറിയൻപൗരൻമാരും ഇന്ത്യയിലെത്തിയത്. ജൂലൈ 22ന് കൊൽക്കത്തയിലെത്തിയ നാല് പേരും ആഗസ്റ്റിലാണ് അഹമ്മദാബാദിലെത്തിയത്. തുടർന്ന് ഗസ്സയിലെ പട്ടിണിയുടെ വിഡിയോ ചിത്രങ്ങൾ കാണിച്ച് പള്ളികളിൽ നിന്ന് പണം പിരിക്കുകയായിരുന്നു. എന്നാൽ, ഗസ്സയിലേക്ക് ഇവർ പണമയച്ചതിന് തെളിവുകളൊന്നുമില്ല.
ഇവരെ സംബന്ധിച്ച് ഗുജറാത്ത് തീവ്രവാദി വിരുദ്ധ സ്ക്വാഡ്, ദേശീയ അന്വേഷണ ഏജൻസി, ക്രൈംബ്രാഞ്ച് എന്നിവർ അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ ചില ഡിജിറ്റൽ ഇടപാടുകളിൽ സംശയമുണ്ടെന്നും കൊൽക്കത്തയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.