
പ്രമുഖ മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറിനും എതിരെ അസം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്തരിച്ച മുൻ ഗവർണർ സത്യപാൽ മാലിക്കും പാക്കിസ്ഥാനിലെ മാധ്യമപ്രവർത്തകൻ നജാം സേഥിയും പ്രതികൾ. ഇതിനു പുറമേ ഇന്ത്യയിലെ മറ്റൊരു മാധ്യമപ്രവർത്തകനായ അശുതോഷ് ഭരദ്വാജിനെയും തിരിച്ചറിയാത്ത ഏതാനും പേരെയും പ്രതികളാക്കിയിട്ടുണ്ട്. സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറും 22ന് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയെങ്കിലും സുപ്രീം കോടതി തടഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച സത്യപാൽ മാലിക് കഴിഞ്ഞ 5ന് അന്തരിച്ചു. ഗുവാഹത്തി സ്വദേശി ബിജു വർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേയ് 9ന് കേസെടുത്തത്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ‘ദ് വയർ’ ഓൺലൈൻ മാധ്യമത്തിൽ വന്ന ലേഖനങ്ങളും അഭിമുഖങ്ങളും രാജ്യവിരുദ്ധമാണെന്നാണ് പരാതിക്കാരൻ ആരോപിച്ചത്. കരൺ ഥാപ്പർ നടത്തിയ അഭിമുഖങ്ങൾ കേന്ദ്ര സർക്കാരിനെ കരിതേയ്ക്കുന്നതായി പരാതിക്കാരൻ പറയുന്നു. നജാം സേഥി, അശുതോഷ് ഭരദ്വാജ്, മുൻ ഗവർണർ സത്യപാൽ മാലിക് എന്നിവരുമായുള്ള അഭിമുഖങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഈ അഭിമുഖങ്ങൾ സൈന്യത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.