23 January 2026, Friday

പാർലമെന്റ് സമ്മേളനം; സ്വേച്ഛാധിപത്യം ശക്തമായതിന്റെ സൂചന

ഗ്യാന്‍ പഥക്
August 25, 2025 4:15 am

ഗസ്റ്റ് 21ന് സമാപിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ഫലപ്രാപ്തി പരിശോധിച്ചാൽ സന്തോഷകരമായിരിക്കില്ല. എങ്കിലും വലിയ പോരാട്ടങ്ങൾ മുന്നിലുണ്ടെന്നാണ് സമ്മേളനം അടിവരയിടുന്നത്. ഇറങ്ങിപ്പോക്കുകളും ബഹളങ്ങളും സഭാനടപടികൾ പലപ്പോഴും തടസപ്പെടുത്തിയെങ്കിലും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള പ്രതിപക്ഷ പോരാട്ടത്തിന്റെ ശക്തമായ വേദിയായി ഇരുസഭകളും (രാജ്യസഭയും ലോക്‌സഭയും) മാറിയെന്നത് വസ്തുതയാണ്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യം മുതലെടുത്ത് ബില്ലുകൾ അവതരിപ്പിക്കുകയും സുപ്രധാന നിയമങ്ങൾ പാസാക്കിയെടുക്കുകയുമാണ് ഭരണപക്ഷം ചെയ്തത്. അതുവഴി അവർ ജനാധിപത്യത്തെ തന്നെ പരിഹസിക്കുകയായിരുന്നു. അവതരിപ്പിക്കപ്പെട്ട ബില്ലുകളിൽ ഒന്ന് പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. കുറ്റപത്രം പോലുമില്ലാതെ, വെറും 30 ദിവസത്തെ അറസ്റ്റ് നേരിട്ടാൽ മാത്രം പുറത്താക്കുന്ന വ്യവസ്ഥകളുള്ളതാണ് ഈ ബില്ല്. 

അതുകൊണ്ട്, ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, ഇരുസഭകളിലും ഉന്നയിക്കപ്പെട്ട വിഷയങ്ങളുടെയും, ഭരണകക്ഷി പാസാക്കിയെടുക്കാൻ ശ്രമിച്ച കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ കൂടിയാണ് വർഷകാല സമ്മേളനത്തെക്കുറിച്ചുള്ള ഏതൊരു അവലോകനവും നടത്തേണ്ടത്. ഇന്ത്യാ സഖ്യത്തിന്റെ വലിയ പോരാട്ടത്തിനുശേഷം സർക്കാർ സമ്മതിച്ച ഓപ്പറേഷൻ സിന്ദൂർ ഒഴികെ പ്രതിപക്ഷം ആഗ്രഹിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ ഭരണകക്ഷിയായ എൻഡിഎ അനുവദിച്ചില്ല. വിവിധ രീതിയിലുണ്ടായ തടസങ്ങൾ കാരണം ലോക്‌സഭയ്ക്ക് നിശ്ചയിച്ച സമയത്തിന്റെ 29% മാത്രമേ പ്രവർത്തിക്കാൻ കഴിഞ്ഞുള്ളൂ, രാജ്യസഭയ്ക്കാകട്ടെ 34 %. ലോക്‌സഭയിൽ നിശ്ചയിച്ച സമയത്തിന്റെ 23 %, രാജ്യസഭ 6 % വീതമാണ് ചോദ്യോത്തര വേള പ്രവർത്തിച്ചത്.
നിയമനിർമ്മാണങ്ങളെക്കുറിച്ച് പാർലമെന്റ് ഫലപ്രദമായി ചർച്ച ചെയ്തില്ലെന്നത് നിരാശാജനകമാണ്. ബില്ലുകളെ‌ക്കുറിച്ചുപോലും പരിമിതസമയത്തെ ചർച്ച മാത്രമേ നടന്നുള്ളൂ. ബില്ലുകൾ ഏതാനും സമയത്തിനുള്ളിൽ പാസാക്കിയെടുക്കുകയായിരുന്നു. ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലുകളിൽ ഏകദേശം 27% പാർലമെന്ററി സമിതികൾക്ക് വിട്ടിരിക്കുകയാണ്. ഒരു ബില്ലും വകുപ്പുതല സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് നൽകിയില്ല. ലോക്‌സഭയുടെ പ്രവർത്തന സമയത്തിന്റെ ഏകദേശം 50% ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ചെലവഴിച്ചത്. രണ്ട് സഭകളിലും സ്വകാര്യ അംഗങ്ങളുടെ ഒരു വിഷയവും ചർച്ച ചെയ്യപ്പെട്ടില്ല. 2019 ജൂൺ മുതൽ ലോക്‌സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലെന്ന വസ്തുതയിൽ നിന്ന് ലോക്‌സഭാ നടപടികൾ ശരിയായി നടത്തുന്നതിൽ ഭരണകക്ഷി എത്രത്തോളം ഗൗരവമുള്ളവരാണെന്ന് ഊഹിക്കാവുന്നതാണ്. 

ബിഹാർ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ) ത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം, പഹൽഗാം ആക്രമണത്തെ ചൊല്ലിയുള്ള പ്രക്ഷുബ്ധാവസ്ഥ, ഓപ്പറേഷൻ സിന്ദൂറിനുശേഷമുള്ള തുടർ സംഭവവികാസങ്ങൾ, ഇന്ത്യ — പാക് യുദ്ധം തടയുന്നതിൽ പങ്കുണ്ടെന്ന് ആവർത്തിച്ചുള്ള അവകാശവാദം എന്നിവ സഭാനടപടികൾ തടസപ്പെടുത്തിയ വിഷയങ്ങളായിരുന്നു. സഭയുടെ ഉല്പാദനക്ഷമത കുറയുന്നതിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള നിരാശ പ്രകടിപ്പിച്ചു. എന്നാൽ എസ്ഐആറിനെ‌ക്കുറിച്ചുള്ള ചർച്ച അനുവദിക്കാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചതാണ് പ്രധാനമായും ഇരുസഭകളിലും തുടർച്ചയായ തടസങ്ങൾക്ക് കാരണമായത്. എന്നിട്ടും ഓം ബിർള പ്രതിപക്ഷത്തെ മാത്രം കുറ്റപ്പെടുത്തുകയും അതിനെ സംഘടിത തടസപ്പെടുത്തലെന്ന് മുദ്രകുത്തുകയുമാണ് ചെയ്യുന്നത്. സമ്മേളനത്തിന്റെ ആദ്യ ദിനങ്ങളിൽത്തന്നെ, രാജ്യസഭാ ചെയർമാനും ഉപാധ്യക്ഷനുമായ ജ‌ഗ്‌ദീപ് ധൻഖറിന് രാജിവയ്ക്കേണ്ടിവന്നത് ഗൗരവമേറിയ വിഷയമാണ്. ജഡ്ജിയെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം പരിഗണനയ്ക്കായി അംഗീകരിച്ചതിനാൽ ഭരണകക്ഷി അദ്ദേഹത്തിന്റെ രാജി അടിച്ചേല്പിക്കുകയായിരുന്നുവെന്ന ആക്ഷേപം നിലനിൽക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഉപരാഷ്ട്രപതിയുടെ അത്തരമൊരു നീക്കം അംഗീകരിക്കാൻ കഴിഞ്ഞില്ല. രാജിവയ്ക്കുക, അല്ലെങ്കിൽ ഇംപീച്ച്മെന്റ് നടപടി എന്ന വ്യക്തമായ സൂചന ധൻഖറിന് ലഭിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ കർഷകരുടെ പ്രശ്നം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ച ധൻഖറിന് രാജിവയ്ക്കേണ്ടിവന്നു. അതേസമയം നിലവിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ലോക്‌സഭാ സ്പീക്കർ അംഗീകരിക്കുകയും വിഷയം പരിശോധിക്കാൻ മൂന്നംഗ സമിതി രൂപീകരിക്കുകയും ചെയ്തു. എസ്ഐആർ വിഷയത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ആക്രമണോത്സുകമായിരുന്നു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരുമായി ചേർന്നുകൊണ്ട് പ്രതിപക്ഷത്തെ വെല്ലുവിളിച്ചതിനാൽ അവർക്കത് ഏറ്റവും പ്രധാനപ്പെട്ട വിഷയം തന്നെ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടർന്ന് ഹരിയാന, മഹാരാഷ്ട്ര, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മോഡി സർക്കാരുമായി എങ്ങനെ ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷത്തിന് തെളിയിക്കാനായി.
വലിയ തോതിൽ ബിജെപിക്ക് അനുകൂലമായി വ്യാജ വോട്ടർമാരെ ചേർക്കുന്നതിന് ഇസിഐ സഹായിച്ചുവെന്നാണ് ആരോപിക്കപ്പെട്ടത്. അതിന്റെ നേരിട്ടുള്ള ഗുണഭോക്താവ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു. വരാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ, ബിജെപിയെ വിജയിപ്പിക്കാൻ സഹായിക്കുന്നതിന് വൻതോതിൽ വോട്ടർമാരെ നീക്കം ചെയ്യുന്നതിനുള്ള വ്യവസ്ഥകളും ഇസിഐ കൊണ്ടുവന്നു. തുടർന്ന് രാജ്യമെമ്പാടും എസ്ഐആർ നടത്തുമെന്നും പ്രഖ്യാപിച്ചു, ഇത് പ്രതിപക്ഷത്തുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളെയും ആശങ്കയിലാഴ്ത്തി. അതുകൊണ്ടുതന്നെ എസ്ഐആർ വിഷയം ഇന്ത്യാ സഖ്യത്തെ ശക്തമായി ഒന്നിപ്പിക്കുന്നതിനും കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഇസിഐയുടെയും അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്താൻ അവർ സ്വയം പ്രതിജ്ഞാബദ്ധരാണ് എന്നതിനാൽ വിഷയം ശക്തമായി ഉന്നയിക്കുകയും എല്ലാ ദിവസവും സഭ സ്തംഭിപ്പിച്ചുകൊണ്ടാണെങ്കിലും പ്രതിഷേധിക്കുകയും ചെയ്തു.
തുടർന്ന് ഭരണകക്ഷി അപ്രതീക്ഷിതമായി ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ, 2025 എന്ന പേരിലുള്ള ഒരു നിയമനിർമ്മാണം കൊണ്ടുവരികയായിരുന്നു. ഇത് പ്രതിപക്ഷ ഐക്യത്തെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത്. ഓഗസ്റ്റ് 20ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറ്റ് രണ്ട് ബില്ലുകളും അവതരിപ്പിച്ചു. പ്രതിഷേധങ്ങൾക്കൊടുവിൽ ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടുകയായിരുന്നു. ഗുരുതര ക്രിമിനൽ കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചാൽ തെരഞ്ഞെടുക്കപ്പെട്ടവരെ — പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ — സ്വയമേവ നീക്കം ചെയ്യാൻ ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ 2025 നിർദേശിക്കുന്നു. 

തങ്ങളുടെ നിലനില്പിന് ഭീഷണിയും ഭരണഘടനയ്ക്കും രാജ്യത്തെ ജനാധിപത്യത്തിനും നേരെയുള്ള മറ്റൊരു ആക്രമണവുമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. മോഡി സർക്കാർ പ്രതിപക്ഷ നേതാക്കളെ ക്രൂരമായ നിയമങ്ങൾ ചുമത്തി ക്രിമിനൽ കേസുകളിൽ പ്രതിചേർക്കുന്നുണ്ടെന്നും, സിബിഐ, ഇഡി, എൻഐഎ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ അവർക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെന്നതും അവർ എടുത്തുപറയുന്നു. അവരിൽ പലരും അറസ്റ്റ് ചെയ്യപ്പെട്ട് വിചാരണയും കുറ്റപത്രവും ഇല്ലാതെ ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. നീതി, ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ എന്നിവയ്ക്ക് ഭീഷണിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സ്വേച്ഛാധിപത്യ ഭരണത്തിലേക്ക് നീങ്ങുകയാണെന്ന് കൂടുതൽ വ്യക്തമാക്കപ്പെടുകയാണ് ഇതിലൂടെ. അതുകൊണ്ടുതന്നെ വരും മാസങ്ങളിൽ പാർലമെന്റിനകത്തും പുറത്തും കൂടുതൽ ശക്തമായ പോരാട്ടത്തിന് പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യാ സഖ്യം പാർട്ടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങളുടെയും ജനാധിപത്യത്തിന്റെയും പ്രതീകമായ ബി സുദർശൻ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിച്ചുകൊണ്ട് അവർ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.