27 January 2026, Tuesday

മഹായുതിക്ക് ഭീഷണിയായി വീണ്ടും മറാത്താ സമരം; മനോജ് ജാരംഗേ പാട്ടീല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

Janayugom Webdesk
മുംബൈ
August 30, 2025 7:27 pm

മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരിന് ഭീഷണിയായി വീണ്ടും മറാത്താ സമരം. സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരായ (ഒബിസി) മറാത്തകള്‍ക്ക് 10% സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് ജാരംഗേ പാട്ടീല്‍ വെള്ളായാഴ്ച അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സര്‍ക്കാര്‍ അവകാശങ്ങള്‍ അംഗീകരിക്കുന്നത് വരെ മുംബൈ വിട്ട് പോകില്ലെന്നും പ്രഖ്യാപിച്ചു. ഇതേ ആവശ്യമുന്നയിച്ച് മുമ്പ് പലതവണ ഇയാള്‍ നിരാഹാരം അനുഷ്ഠിച്ചിട്ടുണ്ട്. മരണം വരെ സമരം ചെയ്യുമെന്നും അല്ലെങ്കില്‍ വെടിവെച്ച് കൊല്ലുക എന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി. 10% സംവരം യുക്തിക്ക് നിരക്കാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് പറഞ്ഞു. സംസ്ഥാനത്ത് 350-ലധികം ഒബിസി സമുദായങ്ങളുണ്ടെന്നും മറാത്ത സമുദായത്തെ ഉള്‍ക്കൊള്ളുമ്പോള്‍ ആ സമുദായങ്ങളോട് അനീതി ചെയ്യാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഉദ്ധവ് താക്കറെയും ശരദ് പവാറും ആണെന്നും പേര് വെളിപ്പെടുത്താതെ അദ്ദേഹം ആരോപിച്ചു.

ഓഗസ്റ്റ് 29 മുതല്‍ മറാത്താ സമുദായക്കാര്‍ പ്രതിഷേധത്തിനായി മുംബൈയിലെ ആസാദ് മൈതാനിയിലേക്ക് എത്തിത്തുടങ്ങി. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആദ്യം സമരത്തിന് അനുമതി നിഷേധിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറ് വരെ മാത്രം അനുമതി നല്‍കി. രാഷ്ട്രീയ ആധിപത്യവും ജനസംഖ്യയും കാരണം എണ്ണത്തില്‍ വലിയ സമൂഹമാണ് മറാത്താ സമൂഹം. ജനസംഖ്യയുടെ 30% പിന്നാക്കക്കാരാണെന്ന് സംസ്ഥാനത്തെ നിരവധി കമ്മിഷനുകള്‍ നടത്തിയ ഗവേഷണം പറയുന്നു. എന്നാല്‍ കണക്കെടുപ്പ് ശാസ്ത്രീയമല്ലെന്ന് ആരോപിച്ച പലരും ഇതിനെ എതിര്‍ത്തിട്ടുണ്ട്.

ഒബിസി സമുദായങ്ങള്‍ക്ക് നിലവില്‍ 27% സംവരണമാണുള്ളത്. ഇത് 350 ലധികം ചെറുതും വലുതുമായ സമുദായങ്ങള്‍ക്കായി പങ്കിടുന്നു. ജനസംഖ്യയിലും സാമൂഹ്യമായും പ്രബലമായ തില സമുദായങ്ങള്‍ ഒഴികെയുള്ളവര്‍ ഇപ്പോഴും സര്‍ക്കാര്‍ ജോലികള്‍ക്ക് മതിയായ വിദ്യാഭ്യാസം നേടാന്‍ പ്രായസപ്പെടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.