24 January 2026, Saturday

കടൽ മണല്‍ ഖനനം: ഇഴഞ്ഞ്‌ ലേല നടപടികൾ

ബേബി ആലുവ
കൊച്ചി
August 31, 2025 8:50 pm

കടൽ മണല്‍ ഖനനത്തിനെതിരെ കേരളത്തിൽ ശക്തമായ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ലേല നടപടികൾ ക്ലച്ച് പിടിക്കാതെ മുടന്തുന്നു. ഇതോടെ, ലേലത്തിൽ പങ്കെടുക്കേണ്ട സമയ പരിധി തുടർച്ചയായി നീട്ടേണ്ട ഗതികേടിലായി ഖനി മന്ത്രാലയം.

സമയ പരിധി നീട്ടൽ പരമ്പരയിലെ എട്ടാമത് ഊഴമാണ് ഇപ്പോഴത്തേത്. സെപ്റ്റംബര്‍ രണ്ടാണ് അവസാനമായി നിശ്ചയിച്ച സമയക്രമം. പക്ഷേ, അവിടം കൊണ്ടും കാര്യങ്ങൾ ഉദ്ദേശിച്ച കടവിലടുക്കില്ലെന്ന് ബോധ്യമായതോടെ വീണ്ടും തീയതി നീട്ടാൻ കേന്ദ്രം നിർബന്ധിതമാവുകയായിരുന്നു. ഒക്ടോബർ ഏഴിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ഈ ഈ സമയ പരിധിക്കുള്ളിലും ബിഡ് നൽകാൻ തള്ളിക്കയറ്റമുണ്ടാകുമെന്ന പ്രതീക്ഷ ബന്ധപ്പെട്ടവർക്കില്ല.
സംസ്ഥാന സർക്കാരിന്റെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും രാഷ്ട്രീയ സംഘടനകളുടെയും എതിർപ്പ് രൂക്ഷമായ സാഹചര്യത്തിൽ ലേലത്തിൽ സംബന്ധിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന സ്വകാര്യ‑വിദേശ കമ്പനികൾ മടിച്ചു നിൽക്കുന്നതാണ് കേന്ദ്ര സർക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ മറികടക്കാൻ മത്സ്യത്തൊഴിലാളി സമൂഹത്തെ പലവിധ വാഗ്ദാനങ്ങളിൽ കടുക്കി പ്രതിഷേധം തണുപ്പിക്കുന്നതിനുള്ള കുതന്ത്രങ്ങൾ കേന്ദ്ര സർക്കാരിന്റെ ആലോചനയിലുള്ളതായ വാർത്തകളും പ്രചരിക്കുന്നുണ്ട്.

തീരദേശ ജനതയുടെ വായ്മൂടിക്കെട്ടാനായാൽ സംസ്ഥാന സർക്കാരിന്റേതടക്കം മറ്റ് എതിർ ശബ്ദങ്ങൾ ദുർബലമാവും എന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. കൊല്ലം, ആലപ്പുഴ, ചാവക്കാട്, പൊന്നാനി എന്നിവിടങ്ങളിലെ കടൽ മേഖലകളിലാണ് കേന്ദ്രം കണ്ണ് വച്ചിരിക്കുന്നത്. ഇതിൽ, കൊല്ലം പരപ്പിലെ മൂന്ന് ബ്ലോക്കുകളിലെ 13 ഖനന ബ്ലോക്കുകളിൽ നിന്നായി 30 കോടി ടൺ മണലൂറ്റുന്നതിനുള്ള ടെണ്ടർ നടപടികളിലേക്കാണ് ഇപ്പോൾ ഖനി മന്ത്രാലയം കടന്നിട്ടുള്ളത്.
രാജ്യത്തെ 22 മത്സ്യ സങ്കേതങ്ങളിൽ ഏറ്റവും ഉല്പാദന ക്ഷമതയുള്ള മേഖലയായി കണ്ടെത്തിയിട്ടുള്ളതാണ് കൊല്ലം പരപ്പ്.

പിന്നാലെ, ബാക്കി കടൽ മേഖലയിലെ മണൽ വില്പനയ്ക്കുള്ള നടപടികളിലേക്ക് കടക്കുകയാണ് ഉദ്ദേശ്യം. കടൽ മണൽ, കരിമണൽ, അമൂല്യ ധാതുസമ്പത്ത് എന്നിവ കോർപ്പറേറ്റ്-വിദേശ കമ്പനികൾക്ക് കച്ചവടം ചെയ്യുന്നതിനായി’ സമുദ്രതട്ടിലെ ധാതുസമ്പത്തിന്റെ വികസന‑നിയന്ത്രണ നിയമം’ 2023 ൽ കേന്ദ്രം ഭേദഗതി ചെയ്തിരുന്നു. ഇതിനിടെ മണൽ ഖനന ഭീഷണിക്ക് പിന്നാലെ തീരക്കടലിലും ആഴക്കടലിലും മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഈയിടെ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പെരുമാറ്റ ചട്ടം പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ കടുത്ത ആശങ്കയുയർത്തിയിട്ടുണ്ട്. വിജ്ഞാപനത്തിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകളിൽ നിന്ന് വലിയ എതിർപ്പാണ് ഉയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.