
“ ‘കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ദുരിതം സഹിച്ചുവരികയാണ്. അടുത്തിടെ, പഹൽഗാമിൽ അതിന്റെ ഏറ്റവും മോശം വശം നാം കണ്ടു. ദുഃഖത്തിന്റെ ഈ സമയത്ത് നമ്മോടൊപ്പം നിന്ന സൗഹൃദരാജ്യത്തിന് എന്റെ നന്ദി രേഖപ്പെടുത്തുന്നു.” ചെെനയിലെ ടിയാന്‍ജിനില്‍ നിന്നുകൊണ്ട്, ചെെനയെക്കുറിച്ചുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇന്ത്യയും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളല്ലെന്നും മോഡിയോടൊപ്പം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും വ്യക്തമാക്കി. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) നേതാക്കളുടെ ഉച്ചകോടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുതെന്നാണ് ഇരുനേതാക്കളും ഉറപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇത് പുതിയ ഒരു തുടക്കമായി കരുതണം. കാലങ്ങളായി അതിര്‍ത്തിയുടെ പേരില്‍ മുഖാമുഖം നിന്നിരുന്ന ഇന്ത്യ — ചൈന ബന്ധത്തിലെ മഞ്ഞുരുകുന്നതിന്റെ സൂചന. പഹല്‍ഗാമില്‍ ഒപ്പം നിന്ന ചെെനയെക്കുറിച്ച് മോഡി പറയുമ്പോള്‍, ഇക്കഴിഞ്ഞ ജൂണില്‍ നടന്ന എസ്‌സിഒ യോഗത്തിലെ സംഭവങ്ങള്‍ ഓര്‍ക്കാതെ വയ്യ. പാകിസ്ഥാന്റെ സഖ്യകക്ഷിയായ ചൈന, അന്ന് സംയുക്ത പ്രസ്താവനയിൽ ആദ്യം പഹൽഗാമിനെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. എന്നാല്‍ ബലൂചിസ്ഥാനിലെ സംഭവങ്ങളെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യ പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ചു. 2024 ഏപ്രിലില്‍ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ കുറ്റപ്പെടുത്തുന്ന ഒരു പരാമര്‍ശത്തില്‍, 1950ൽ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ മുന്നറിയിപ്പ് നൽകിയിട്ടും നെഹ്രു ചെെനയ്ക്ക് വേണ്ടി നിലകൊണ്ടു എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പരിഹസിച്ചതും മറക്കാറായിട്ടില്ല.
2020ലെ ഗൽവാൻ ഏറ്റുമുട്ടലുകളെത്തുടർന്ന് അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ — ചൈന ചര്‍ച്ച പുനരാരംഭിച്ചത്. ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി മോഡിയും ഷിയും കഴിഞ്ഞ ഒക്ടോബറിൽ റഷ്യയിലെ കസാനിൽ കൂടിക്കാഴ്ച നടത്തി. തുടർന്ന്, ഡിസംബറിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ബെയ്ജിങ്ങില്‍ സംഭാഷണം നടത്തി. ഈ വര്‍ഷം ഫെബ്രുവരി 21ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വാങ് യിയെ കണ്ടു. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയുമായി സഹകരിക്കുന്നുണ്ടെന്ന് ഫെബ്രുവരിയിൽ ചൈനയും പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ 50% താരിഫ് ചുമത്തിയതിനെത്തുടർന്നാണ് ചൈനയുമായുള്ള ബന്ധത്തിൽ പുനരാലോചന ശക്തമാക്കാന്‍ മോഡി ഭരണകൂടം തീരുമാനിച്ചത്. 10 അംഗങ്ങളുള്ള ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ, പ്രതിരോധകാര്യ സംഘടനയാണ് എസ്‌സിഒ. ഭൂവിസ്‌തൃതിയിലും ജനസംഖ്യാടിസ്ഥാനത്തിലും ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്ര കൂട്ടായ്‌മ. ഇന്ത്യയും ചൈനയും റഷ്യയും പ്രധാന ശക്തികളും. ഉച്ചകോടിക്കിടയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായും മോഡി ചര്‍ച്ച നടത്തിയിരുന്നു. ഉക്രെയ്ന്‍ യുദ്ധത്തിനിടയില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണവാങ്ങിയതിന് പ്രതികാരമായാണ് ട്രംപ് ഇന്ത്യക്കുമേല്‍ 25% അധിക ചുങ്കം ഏര്‍പ്പെടുത്തിയത് എന്നതുകൊണ്ട് ഈ ചര്‍ച്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഏഷ്യൻ ശക്തികൾ ആഗോള വ്യാപാരത്തെക്കുറിച്ച് എന്ത് നിലപാടെടുക്കുമെന്ന് ട്രംപും ലോകവും ഉറ്റുനോക്കുകയും ചെയ്യുന്നു.
രാജ്യത്തിന്റെ നിലപാട് പ്രധാനമന്ത്രി ദുർബലപ്പെടുത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഭീകരതയുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് ചെെനയുടേതാണെന്നാണ് ഇന്ത്യ നിലപാടെടുത്തിരുന്നതെന്നും കുറ്റപ്പെടുത്തുന്നു. അതേസമയം നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയുടെ നല്ലവശത്തെ സിപിഐ സ്വാഗതം ചെയ്തു. ‘ലോകത്തിലെ ഏറ്റവും പുരാതനമായ രണ്ട് നാഗരികതകളുടെ നേതാക്കൾ തമ്മിലുള്ള ഇടപെടൽ, ഇരുവരും എതിരാളികളല്ല, പങ്കാളികളാകാനുള്ളവരാണെന്ന് ഉറപ്പിക്കുകയാണ്. രണ്ട് രാജ്യങ്ങൾക്ക് മാത്രമല്ല, ആഗോള ദക്ഷിണ ഐക്യം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര ബന്ധങ്ങളിൽ ബഹുധ്രുവതയുടെ പുരോഗതിക്കും സഹകരണം വളരെ പ്രധാനമാണ്’ എന്ന് പാര്‍ട്ടി വിലയിരുത്തി. ഇന്ത്യ — ചൈന ബന്ധത്തിലെ പ്രതീക്ഷാഭരിതമായ നീക്കത്തെ പിന്തുണയ്ക്കാൻ എല്ലാ ജനങ്ങളോടും ആഹ്വാനം ചെയ്തു. സാമ്രാജ്യത്വ ശക്തികൾ തങ്ങളുടെ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കാനും ലോകത്തെ വിഭജിക്കാനും ശ്രമിക്കുമ്പോള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും സഹകരണവും ഒരു ബദൽ ലോകക്രമത്തിന് ശക്തമായ പ്രചോദനമാകുമെന്ന് പ്രത്യാശിക്കാം. സമത്വം, നീതി, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങൾക്കിടയിലുള്ള ബന്ധമാണ് സമാധാനപൂര്‍ണമായ ലോകക്രമത്തിന് അനിവാര്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.