
ബിഹാറിലെ കരട് വോട്ടര്‍ പട്ടികയിലെ വന്‍ ക്രമക്കേടുകള്‍ പുറത്ത്. ഒരേ വ്യക്തിക്ക് രണ്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംശയിക്കുന്ന 5.56 ലക്ഷം കേസുകള്‍ ഡാറ്റാ അനലിസ്റ്റുകള്‍ കണ്ടെത്തി.
സംസ്ഥാനത്തെ 142 നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ഫോട്ടോകള്‍ ഒത്തുനോക്കിയുള്ള പരിശോധനയിലാണ് 5.56 ലക്ഷം കേസുകള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ കേസിലും വോട്ടര്‍മാരുടെയും ബന്ധുക്കളുടെയും പേരുകള്‍ ശരിയാണെന്നും അന്വേഷണത്തില്‍ ബോധ്യമായി. അഞ്ച് വര്‍ഷം വരെ പ്രായവ്യത്യാസത്തോടെയാണ് ഇവര്‍ കരട് പട്ടികയില്‍ രണ്ട് തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 1.29 ലക്ഷം കേസുകളിലും അവരുടെ രണ്ടാമത്തെ ഐഡികളിലെ പ്രായം പൊരുത്തപ്പെടുന്നു. രണ്ടിടത്ത് പേര് രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ ചിലരെ അന്വേഷണ സംഘം സന്ദര്‍ശിച്ചു. പലരും കുറച്ചുകാലമായി സംസ്ഥാനത്തല്ല താമസിക്കുന്നതെന്നും വ്യക്തമായി.
കരട് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷനും ഉദ്യോഗസ്ഥരും നടത്തേണ്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത ഇരട്ടിപ്പ് ഒഴിവാക്കല്‍ പ്രക്രിയയില്‍ ഇത്തരം കേസുകള്‍ കണ്ടെത്താന്‍ എളുപ്പമായിരുന്നു. ഫോട്ടോകള്‍ നോക്കി ഇരട്ടിപ്പ് കണ്ടെത്തുന്നതിനുള്ള സോഫ്റ്റ്വേര്‍ തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. ഇത് സുതാര്യമായി നടക്കാത്തതിനാല്‍ 5.5 ലക്ഷത്തിലധികം പേര് രണ്ട് തവണ വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജൂലൈയില്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധന (എസ്ഐആര്‍) ആരംഭിച്ചിരുന്നു.
മധേപുര നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ഇരട്ട പകര്‍പ്പുകളുള്ളത്, 9,411 എണ്ണം. തൊട്ടുപിന്നാലെ സിംഗേശ്വര് (8,416), പാരൂ (7,355), ബിഹാരിഗഞ്ച് (7,103) മണ്ഡലങ്ങളും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓണ്‍ലൈന്‍ ഡാറ്റാബേസിലുള്ള ഇരട്ട രണ്ട് വോട്ടര്‍ ഐഡികളും അന്വേഷണസംഘം പരിശോധിച്ചു. രണ്ടിലും ഒരേ വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകള്‍ കാണാം. ഇതെങ്ങനെ സംഭവിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥരോട് അന്വേഷിച്ചെങ്കിലും മറുപടിയില്ലായിരുന്നു.
മധുബന്‍ നിയോജകമണ്ഡലത്തില്‍ നൂറുകണക്കിന് വോട്ടര്‍ ഐഡികളും വോട്ടര്‍മാരുടെ ഫോട്ടോകളും ഇരട്ടിച്ചതായി കണ്ടെത്തി. വിവരങ്ങളും ഫോട്ടോയും പൊരുത്തപ്പെടുന്നതാണെന്ന് ഐടി കണ്‍സള്‍ട്ടന്‍സിയായ സിറ്റിസണ്‍റി സ്ഥിരീകരിക്കുന്നു. മധുബനില്‍ 6,400ത്തിലധികം ഇരട്ട രജിസ്ട്രേഷനുകള്‍ കണ്ടെത്തി. ഒരേ ഫോട്ടോകള്‍ ഉപയോഗിച്ചും വ്യത്യസ്ത ഫോട്ടോകള്‍ ഉപയോഗിച്ചുമാണ് പലരും രണ്ട് തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിലയിടത്ത് സ്ത്രീകളുടെ ഐഡിയില്‍ പുരുഷന്മാരുടെ ഫോട്ടോകള്‍ പതിച്ചിരിക്കുന്നതായും കണ്ടെത്തി. തെരഞ്ഞെടുപ്പ് കമ്മിഷന് നടപടികള്‍ കാര്യക്ഷമല്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും സിറ്റിസണ്‍റി സ്ഥാപകന്‍ അഹ‍്തോഷാം ഉല്‍ഹഖ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.