22 January 2026, Thursday

Related news

January 4, 2026
December 26, 2025
November 17, 2025
September 8, 2025
September 8, 2025
August 13, 2025
August 13, 2025

ശക്തന്റെ തട്ടകം ഒരുങ്ങി; തൃശൂരിൽ ഇന്ന് പുലിയിറങ്ങും

Janayugom Webdesk
തൃശൂർ
September 8, 2025 10:15 am

പുലികളെ വരവേൽക്കാൻ ശക്തന്റെ തട്ടകം ഒരുങ്ങി. സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി ഇന്ന് നടക്കും. വർഷങ്ങൾക്ക് ശേഷം സ്വരാജ് റൗണ്ടിൽ ഒൻപത് പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്. വൈകീട്ട് നാലരയോടെ ഓരോ സംഘവും റൗണ്ടിൽ പ്രവേശിക്കും. ഓരോ സംഘത്തിലും 51 വരെ പുലികളുണ്ടാകും. നിശ്ചലദൃശ്യങ്ങളും പുലിവണ്ടിയുമെല്ലാമുണ്ടാകും. ഇന്ന് നടക്കുന്ന പുലിക്കളിയിൽ വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽദേശം എന്നീ ടീമുകൾ പങ്കെടുക്കും. കഴിഞ്ഞതവണ 7 സംഘങ്ങളാണ് പങ്കെടുത്തത്.

 

പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കോർപ്പറേഷൻ ഉറപ്പുവരുത്തി. പതിവിൽ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദർശനത്തിനും ഇത്തവണ സമ്മാനമുണ്ട്. പുലിക്കളി സംഘങ്ങൾക്ക് ധനസഹായമായി 3,12,500 രൂപ വീതം നൽകും. മുൻകൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. കേന്ദ്രസഹായമായി 3 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെ ഗോപുരനടയിൽ വെളിയന്നൂർ ദേശം സംഘത്തിന് മേയർ എം കെ വർഗീസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും സംയുക്തമായി ഫ്ലാഗ്ഓഫ് ചെയ്ത് പുലിക്കളിക്ക് തുടക്കമാകും. പുലിക്കളി കാണാൻ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ആളുകളെത്തും. രാത്രി 10‑ന് നടക്കുന്ന സമാപനച്ചടങ്ങോടെയാണ് പുലിക്കളി പൂർണമാകുക. അതുവരെ പുലികൾ റൗണ്ടിൽ നിറഞ്ഞാടും. സമാപനത്തിൽ പുലികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. പുലിക്കളിയോടെയാണ് തൃശ്ശൂരിന്റെ ഓണാഘോഷം തീരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.