23 January 2026, Friday

Related news

January 21, 2026
January 15, 2026
January 15, 2026
January 8, 2026
January 5, 2026
December 27, 2025
December 24, 2025
December 19, 2025
December 8, 2025
December 3, 2025

കൈകളിൽ ഫംഗസ് ബാധ, സൂര്യപ്രകാശം കണ്ടിട്ട് നാളുകളായി; കുറച്ചുവിഷം തരൂവെന്ന് കോടതിയോട് ദര്‍ശന്‍

Janayugom Webdesk
September 10, 2025 10:22 am

ബെംഗളൂരു: കോടതിയിൽ പൊട്ടിക്കരഞ്ഞ് രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ. ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. വേറെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബെംഗളൂരുവിലെ സിറ്റി സിവിൽ കോടതി പരിഗണിക്കുമ്പോഴായിരുന്നു നാടകീയരംഗങ്ങൾ അരങ്ങേറിയത്. എന്നാൽ, ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജയിൽ മാറ്റണമെന്ന ആവശ്യവും കോടതി തള്ളി. പരപ്പന അഗ്രഹാര ജയിലിൽനിന്ന് ബല്ലാരി ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ദർശൻ ഹർജി സമർപ്പിച്ചത്. പരപ്പന അഗ്രഹാര ജയിലിൽ വളരെ മോശപ്പെട്ടനിലയിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും സൂര്യപ്രകാശം കണ്ടിട്ടു നാളുകളായെന്നും കരഞ്ഞുകൊണ്ടു പറഞ്ഞ ദർശൻ കൈകളിൽ ഫംഗസ് ബാധയുണ്ടായെന്നും ചൂണ്ടിക്കാട്ടി. ജയിലിൽ രണ്ട് കിടക്കവിരികളും രണ്ട് തലയണകളും നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇത് അനുവദിക്കാൻ നിർദേശിച്ച കോടതി, ജയിലെ പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള സൗകര്യങ്ങൾമാത്രമേ പാടുള്ളൂവെന്നും വ്യക്തമാക്കി.

നിലവിൽ ജയിൽമാറ്റേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. നടിയും ദർശന്റെ സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചതിനെത്തുടർന്നാണ് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിൽ പവിത്ര ഗൗഡ ഒന്നാം പ്രതിയും ദർശൻ രണ്ടാം പ്രതിയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.