
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർക്ക് സമയപരിധി വെച്ച സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ റഫറൻസിൽ സുപ്രീം sകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ഭിന്നാഭിപ്രായം. ബില്ലുകളിൽ ഗവർണർമാർ കാലതാമസം വരുത്താതെ തീരുമാനമെടുക്കണമെന്ന കാര്യത്തിൽ അഞ്ചംഗ ബെഞ്ച് യോജിച്ചപ്പോൾതന്നെ അതിനായി കോടതി സമയപരിധി നിശ്ചയിക്കുന്നതിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു. സമയപരിധി നിശ്ചയിക്കുന്നതിനോട് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി യോജിച്ചപ്പോൾ ഇത് ആശാസ്യമല്ല എന്ന നിലപാടാണ് ജസ്റ്റിസ് പി.എസ്. നരസിംഹ സ്വീകരിച്ചത്.
സമയക്രമം നിശ്ചയിക്കാത്ത പല നിയമങ്ങൾക്കും സുപ്രീംകോടതി സമയക്രമം നിശ്ചയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടിയപ്പോൾ നിയമങ്ങൾ പോലെയല്ല, ഭരണഘടനാ വ്യവസ്ഥകളെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ പരസ്യമായി ഖണ്ഡിച്ചു.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിന് പാർലമെന്റ് പാസാക്കിയ നിയമത്തിൽ സമയപരിധി പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ, കോടതി അഞ്ചുവർഷത്തെ സമയപരിധി നിശ്ചയിച്ചുവെന്ന് ചീഫ് ജസ്റ്റിസ് ഗവായി തന്റെ നിലപാടിന് ഉപോദ്ബലകമായ ഉദാഹരണമായി എടുത്തുകാട്ടുകയും ചെയ്തു. എന്നാൽ, നിയമത്തിലെ വ്യവസ്ഥകൾക്ക് സമയപരിധി വെച്ചതുപോലെ ഇത് കാണരുതെന്നും ഭരണഘടനാപരമായ വ്യവസ്ഥകളിൽ കാര്യം വ്യത്യസ്തമാണെന്നും ജസ്റ്റിസ് നരസിംഹ ചീഫ് ജസ്റ്റിസിനോട് വിയോജിച്ചു.
നിയമ നിർമാണം എത്രയും വേഗത്തിലാകണമെന്നില്ല എന്ന് താൻ പറയുന്നില്ലെന്ന് അദ്ദേഹം തുടർന്നു. അതെന്നു കരുതി കോടതികൾ സമയപരിധി നിശ്ചയിക്കുന്നത് അപായ സാധ്യതയാണ്. ഭരണഘടനാപരമായ അധികാരം പ്രയോഗിക്കേണ്ടത് അധികാരത്തിനുള്ളിൽ നിന്ന് തന്നെയാണെന്നും ആരും അടിച്ചേൽപിക്കേണ്ടതല്ലെന്നും റഫറൻസിനെ എതിർത്ത സംസ്ഥാനങ്ങളുടെ വാദത്തിൽ ഇടപെട്ട് ജസ്റ്റിസ് നരസിംഹ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.