27 January 2026, Tuesday

കടൽമണൽ ഖനനം: ലേല നടപടി വീണ്ടും പാളി

ബേബി ആലുവ
കൊച്ചി
October 3, 2025 7:52 pm

കേരളത്തിലെ കടൽ മണൽ ഖനനത്തിന്റെ ലേല നടപടികൾ ഒൻപതാം തവണയും പാളി. ഇതോടെ ടെണ്ടർ സമർപ്പിക്കാനുള്ള സമയ പരിധി കേന്ദ്ര സർക്കാർ വീണ്ടും നീട്ടിയിരിക്കുകയാണ്. നവംബർ ഏഴിലേക്കാണ് തീയതി നീട്ടി നൽകിയിരിക്കുന്നത്. ഈ മാസം ഏഴ് ആയിരുന്നു അവസാന സമയപരിധി.
ലേല നടപടിയുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങുന്നതിനുള്ള സമയം ജൂലൈ 15 ആയിരുന്നു. അതും 17 ലേക്ക് നീട്ടിയിട്ടുണ്ട്. കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ കണക്കുകൂട്ടലനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു നീങ്ങിയാൽ, നവംബർ ഏഴിനകം ബിഡ് സമർപ്പിക്കുന്നവരിൽ നിന്ന് യോഗ്യതയുള്ളവരെ ഡിസംബർ 16 ന് മുമ്പായി തെരഞ്ഞടുക്കാനും ഇവരിൽ നിന്ന് കരാറിന് തെരഞ്ഞെടുക്കപ്പെട്ടവരെ ഡിസംബർ 18 ന് മുമ്പായി പ്രഖ്യാപിക്കുവാനുമാണ് ഇപ്പോഴത്തെ തീരുമാനം. പ്രതീക്ഷ തകിടം മറിഞ്ഞാൽ സമയ പരിധി നീട്ടൽ പ്രക്രിയ ആവർത്തിക്കേണ്ടിവരും.
കൊല്ലം പരപ്പ് എന്ന ക്വയിലോൺ ബ്ലോക്കിൽ നിന്ന് 302.5 ദശലക്ഷം ടൺ മണൽ ഖനനം ചെയ്യാനുള്ള തത്രപ്പാടാണ് ഇപ്പോൾ നടക്കുന്നത്. പിന്നാലെ ആലപ്പുഴ, ചാവക്കാട്, പൊന്നാനി കടൽ മേഖലകളും വരും. കണ്ണൂർ, കോഴിക്കോട്, കൊച്ചി ഭാഗങ്ങൾ പിന്നാലെ ഈ പട്ടികയിലേക്ക് വരും. ഡ്രഡ്ജിങ്ങിനായി ഗൗതം അഡാനിയുടെ കമ്പനികളുടെ സക്ഷൻ ഹോപ്പർ, റോട്ടറി കട്ടർ, ബക്കറ്റ് ഡ്രെഡ്ജർ തുടങ്ങിയ സംവിധാനങ്ങളും കപ്പലുകളും തയ്യാറാണെങ്കിലും, ലേലത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച കമ്പനികൾ മടിച്ചു നിൽക്കുന്നതിന്റെ കാരണം സംസ്ഥാന സർക്കാരിന്റെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും ഭാഗത്തു നിന്നുള്ള എതിർപ്പുകൾ രൂക്ഷമായതിനാലാണ്.
മത്സ്യത്തൊഴിലാളികളെ വശത്താക്കാനും കമ്പനികളെ കയ്യിലെടുക്കാനുമുള്ള നീക്കങ്ങളും മുറുകിയിട്ടുണ്ട്. അതേസമയം, ഖനനത്തിന് മുമ്പായി പാലിക്കുമെന്ന് പാർലമെന്റിലടക്കം ഉറപ്പ് നൽകിയ പരിസ്ഥിതി ആഘാത പഠനം മുതലായ കാര്യങ്ങളിലൊന്നും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ആശങ്കകൾക്കൊന്നും കൃത്യമായ ഉത്തരവുമുണ്ടായിട്ടില്ല.
മത്സ്യബന്ധനം നടത്തുന്ന മേഖലയ്ക്ക് അപ്പുറത്താണ് ഖനനമെന്നാലും അത് മീൻപിടിത്തത്തിന് വലിയ തോതിൽ ദോഷം ചെയ്യുമെന്ന് ഖനിമന്ത്രാലയം സെക്രട്ടറി കെ എൽ കന്തറാവു, ഖനനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന യോഗത്തിൽ സമ്മതിച്ചിരുന്നതാണ്. എന്നിട്ടും പരിസ്ഥിതി ആഘാത പഠനത്തിനു പോലും മുതിരാതെ ലേലനടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട്‌ പാേകുകയാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.