23 January 2026, Friday

Related news

January 16, 2026
January 16, 2026
January 12, 2026
January 10, 2026
January 9, 2026
January 5, 2026
January 4, 2026
January 4, 2026
December 28, 2025
December 28, 2025

നഗരങ്ങളില്‍ ഫെഡറല്‍ സേനാ വിന്യാസം ശക്തമാക്കി ട്രംപ് ഭരണകൂടം

നിയമനടപടിക്കൊരുങ്ങി സംസ്ഥാനങ്ങള്‍
Janayugom Webdesk
വാഷിങ്ടണ്‍
October 6, 2025 10:07 pm

യുഎസ് നഗരങ്ങളെ ഫെഡറള്‍ സേനയുടെ നിയന്ത്രണത്തിലാക്കാനുള്ള നീക്കം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ശക്തമാക്കുന്നു. സംസ്ഥാനങ്ങളുടെ പ്രതിരോധങ്ങള്‍ക്കിടെയും കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് കൂടുതല്‍ ഫെഡറല്‍ സേനയെ വിന്യസിക്കുകയാണ് ഭരണകൂടം. നാഷണൽ ഗാർഡ് അംഗങ്ങൾ വിമാനമാര്‍ഗം സംസ്ഥാനത്തെത്തിയതായും കൂടുതല്‍ പേര്‍ വരുംദിവസങ്ങളിലെത്തുമെന്നും ഒറിഗോൺ ഗവർണർ ടിന കൊട്ടെക് പറഞ്ഞു. . ഒറിഗോണില്‍ സെെനിക ഇടപെടല്‍ ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. സേനാ വിന്യാസം സംബന്ധിച്ച് ഫെഡറല്‍ സര്‍ക്കാരുമായി ഔദ്യോഗിക ആശയവിനിമയം നടന്നിട്ടില്ലെന്ന് കൊട്ടെക് പറഞ്ഞു. ഓറിഗണ്‍ സംസ്ഥാനത്തെ പോർട്ട്‌ലൻഡ് നഗരത്തിൽ നാഷണൽ ഗാർഡിനെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കം ഫെഡറല്‍ കോടതി തടഞ്ഞിരുന്നു. കോടതിയുടെ ഈ നടപടി ട്രംപ് ഭരണകൂടത്തിന് നിയമപരമായ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.
200 ഗാർഡ് അംഗങ്ങളെ കാലിഫോർണിയയിൽ നിന്ന് ഒറിഗോണിലേക്ക് അയച്ചതായി പെന്റഗൺ ഞായറാഴ്ച അറിയിച്ചിരുന്നു. നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം വ്യക്തമാക്കി.
അതേസമയം, ചിക്കാഗോയിലെ ഫെഡറൽ ഉദ്യോഗസ്ഥരെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിനായി 300 നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കാൻ ട്രംപ് ശനിയാഴ്ച അനുമതി നൽകി. ഫെഡറൽ ഏജന്റുമാർ ഒരു സ്ത്രീയെ വെടിവെച്ചതിനെ തുടർന്നുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനാണ് കൂടുതല്‍ സേനയെ അയച്ചത്. ചിക്കാഗോയെ യുദ്ധമേഖലയെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വിശേഷിപ്പിച്ചത്. എന്നാൽ, ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം ആളിക്കത്തിക്കുകയാണെന്ന് ഇല്ലിനോയിസ് ഗവർണർ ജെബി പ്രിറ്റ്സ്കർ ആരോപിച്ചു.
കുറ്റകൃത്യങ്ങളും അസ്വസ്ഥതകളും നിറഞ്ഞ നഗരങ്ങളെന്നാണ് ട്രംപ് പോര്‍ട്ട്ലാന്‍ഡിനെയും ചിക്കാഗോയെയും വിശേഷിപ്പിക്കുന്നത്. രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തെത്തിയതുമുതല്‍ ബാൾട്ടിമോർ, മേരിലാൻഡ്; മെംഫിസ്, ടെന്നസി, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, ന്യൂ ഓർലിയൻസ്, ലൂസിയാന, കാലിഫോർണിയ നഗരങ്ങളായ ഓക്ക്‌ലാൻഡ്, സാൻ ഫ്രാൻസിസ്കോ, ലോസ് ഏഞ്ചൽസ് എന്നിവയുൾപ്പെടെ 10 നഗരങ്ങളിലേക്ക് ട്രംപ് സെെന്യത്തെ അയയ്ക്കുകയോ അതിനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.