
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുകയാണെന്നും അതിനാലാണ് നിയമസഭ നിരന്തരം തടസപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വസ്തുതകൾ വിഷമകരമായ രീതിയിൽ ഉയർന്നുവരുമെന്ന ഭയത്താലാണ് പ്രതിപക്ഷം ഒന്നും സഭയിൽ ഉന്നയിക്കാത്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സർക്കാർ ഒരു കാലത്തും കുറ്റവാളികളെ സംരക്ഷിച്ചിട്ടില്ല. ആര് തെറ്റ് ചെയ്താലും അവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുന്ന രീതിയും ശീലവുമാണ് സർക്കാരിനുള്ളത്. ആ നിലപാടാണ് ശബരിമല വിഷയത്തിൽ ഹൈക്കോടതിയിലും സർക്കാർ സ്വീകരിച്ചതും. അതിനാലാണ് കോടതി എസ്ഐടിയെ നിയോഗിച്ചത്. എന്നാൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഒരു രാഷ്ട്രീയത്തിന്റെ പേരിൽ ഉന്നയിക്കുന്ന മുദ്രാവാക്യമാണത്. എസ്ഐടിയുടെ അന്വേഷണം കുറ്റമറ്റതായി നടക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നുമാണ് പറയാനുള്ളത്.
പാർലമെന്ററി രീതി അനുസരിച്ച് പ്രതിപക്ഷത്തിന് സഭയിൽ ആവശ്യപ്പെടാം. പ്രശ്നം ഉന്നയിച്ചാൽ അതിന് വിശദീകരണം നൽകാൻ സർക്കാർ തയ്യാറാണ്. എന്തിനാണ് പ്രതിപക്ഷം ഭയപ്പെടുന്നത്. അവർ സഭയിൽ ഉയർത്തിയ ബോർഡുകളിൽ കാണാനായത് സര്‍ക്കാരിന് സഭയിൽ ഭയം എന്നാണ്. എന്നാലത് പ്രതിപക്ഷത്തിന്റെ ഭയമാണ്. ആ ഭയത്തിന്റെ ഭാഗമായാണ് അവർ സഭയില്‍ ഒന്നും ഉന്നയിക്കാതിരുന്നത്. ചോദ്യാത്തരവേള, അടിയന്തരപ്രമേയം, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ എന്നിങ്ങനെ ഉന്നയിക്കാൻ പല മാർഗങ്ങളുണ്ടായിരുന്നല്ലോ. ഇതിനെല്ലാം പുറമെ പ്രതിപക്ഷ നേതാവ് പല ഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ അവകാശം ഉപയോഗിച്ച് പല കാര്യങ്ങളും ഉന്നയിക്കാറുണ്ട്. എന്നാൽ ഇതിലേതെങ്കിലും ഒരു മാർഗം സ്വീകരിച്ചോ. ഇത് കാണിക്കുന്നത് പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നുവെന്നാണ്. അതേസമയം, പുകമറ സൃഷ്ടിക്കാനും ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രണ്ടു ദിവസമായി പ്രതിപക്ഷം സഭാനടപടികൾ നിരന്തരം തടസപ്പെടുത്തിയിട്ടും ഭരണപക്ഷം ഒരു തരത്തിലുള്ള പ്രകോപനവും ഉണ്ടാക്കിയില്ല. സുപ്രീം കോടതിയിൽ വല്ലാതെ തിരിച്ചടിയേൽക്കേണ്ടി വന്ന പ്രതിപക്ഷത്തെ ഒരംഗം ബഹളത്തിനിടെ തനിക്ക് മുന്നിൽ സ്പീക്കറുടെ ഡയസിന് സമീപത്ത് നിൽക്കുകയാണ്. അല്പനേരം കഴിഞ്ഞപ്പോൾ അപ്പുറത്തേക്ക് ചാടിക്കയറി. പിന്നീട് മൂന്ന് അംഗങ്ങൾ വാച്ച് ആന്റ് വാർഡിനെ ആക്രമിക്കുന്നത് കണ്ടു. മനുഷ്യനാണെന്ന പരിഗണന പോലുമില്ലാതെ പ്രതിപക്ഷ എംഎൽഎമാർ അവരെ പിടിച്ചുവലിക്കുകയാണ്.
നിശബ്ദ ജീവികളായ വാച്ച് ആന്റ് വാർഡിനെ എന്തിനാണ് ഇങ്ങനെ തള്ളിമാറ്റുന്നത്. അവരുടെ കൂട്ടത്തിലുള്ള എംഎൽഎ വനിതാ വാച്ച് ആന്റ് വാർഡിനെ തള്ളുന്നുണ്ടായിരുന്നു. എന്റെ നാട്ടിലൊരു വർത്തമാനമുണ്ട്, എട്ടുമുക്കാലട്ടി വച്ചതുപോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുന്നവർക്കെല്ലാം അറിയാം. പക്ഷേ നിയമസഭയുടെ പരിരക്ഷവച്ച് വാച്ച് ആന്റ് വാർഡിനെ ആക്രമിക്കാൻ പോവുകയാണ്. ഇതെല്ലാം അപമാനകരമാണ്. ജനാധിപത്യപരമായ രീതിയില്‍ സഭ പോകട്ടെയെന്ന് കരുതുമ്പോള്‍ അത് ദൗര്‍ബല്യമായി പ്രതിപക്ഷം കാണുന്നത് തീർത്തും അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.