23 January 2026, Friday

സൂപ്പര്‍ ലീഗ് കൂടുതല്‍ മികച്ചതായി മാറിയിരിക്കുകയാണെന്ന് കണ്ണൂര്‍ വാരിയേഴ്‌സ് പരിശീലകന്‍ മാനുവല്‍ സാഞ്ചസ്

Janayugom Webdesk
കണ്ണൂര്‍
October 10, 2025 5:01 pm

കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് സൂപ്പര്‍ ലീഗ് കൂടുതല്‍ മികച്ചതായി മാറിയിരിക്കുകയാണെന്ന് കണ്ണൂര്‍ വാരിയേഴ്സ് പരിശീലകന്‍ മാനുവല്‍ സാഞ്ചസ് പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ രണ്ടാം സീസണില്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമായി കാണുന്നു. മികച്ച ടീമിനെ തന്നെയാണ് മത്സരത്തിനൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ താരങ്ങളുടെ നിലവാരം മികച്ചതാണ്. കഴിഞ്ഞ സീസണില്‍ അപേക്ഷിച്ച് അവരുടെ മെന്റാലിറ്റിയില്‍ വളരെ അധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഓരോ ദിവസവും അവരുടെ കളി മെച്ചപ്പെടുന്നു. പക്ഷെ അവരെ ആരും ശ്രദ്ധിക്കപ്പെടുന്നില്ല. വരുന്ന സീസണില്‍ കളിക്കാന്‍ എത്തുന്ന വിദേശ താരങ്ങളും വളരെ അധികം പരിശ്രമിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റന്‍മാരായ ഉബൈദ് സി കെ , ഏണസ്റ്റീന്‍ ലവ്‌സാംബ, ആദ്യ മത്സരത്തില്‍ രണ്ട് ഗോളിന് അവസരം ഒരുക്കിയ അറ്റാക്കിംങ് താരം മുഹമ്മദ് സിനാന്‍ എന്നിവരും അതിഥികളായെത്തി. ഇന്ത്യ താരങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് പലകാര്യങ്ങളും പഠിക്കാന്‍ സാധിച്ചെുവെന്ന് ക്യാപ്റ്റനും കാമറൂണ്‍ താരവുമായ ഏണസ്റ്റിന്‍ ലവ്‌സാംബ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് ഇത്തവണ ഇറങ്ങുന്നത്. ടീമിലെ എല്ലാവരും കഠിനപരിശ്രമത്തിലാണെന്ന് ഉബൈദ് കൂട്ടിചേര്‍ത്തു. കണ്ണൂര്‍ പ്രസ്സ് ക്ലബ് പ്രസിഡന്റ് സി സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ സെക്രട്ടറി കബീര്‍ കണ്ണാടിപറമ്പ സ്വാഗതവും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി നന്ദിയും പറഞ്ഞു.

രണ്ടാം മത്സരത്തില്‍ എതിരാളി മലപ്പുറം എഫ്‌സി
സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ രണ്ടാം മത്സരത്തില്‍ മലപ്പുറം എഫ്‌സിയെ നേരിടും. ഞായറാഴ്ച രാത്രി 7.30 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ തിരുവനന്തപുരത്തെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ ഇറങ്ങുന്നത്. ടീം 11ന് രാവിലെ മലപ്പുറത്തേക്ക് പുറപ്പെടും. വൈകീട്ട് കോട്ടപ്പടി സ്റ്റേഡിയത്തില്‍ ടീം പരിശീലിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.