26 January 2026, Monday

ദാറുൽ ഉലൂം ദയൂബന്ദ് സന്ദർശിച്ച് അഫ്ഗാൻ വിദേശകാര്യ മന്ത്രി

Janayugom Webdesk
ന്യൂഡൽഹി
October 11, 2025 7:54 pm

ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക കലാലയങ്ങളിൽ ഒന്നായ ദാറുൽ ഉലൂം ദയൂബന്ദ് സന്ദർശിച്ച് അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ മുത്തഖി ഇന്ത്യ- അഫ്ഗാൻ ബന്ധം ഭാവിയിൽ കൂടുതൽ ശക്തമാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

”ഞങ്ങൾ പുതിയ നയതന്ത്രജ്ഞരെ അയക്കും. നിങ്ങളും കാബൂൾ സന്ദർശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഭാവിയിൽ കൂടുതൽ ശക്തമായ ബന്ധങ്ങളുണ്ടാകുമെന്നാണ് ഡൽഹിയിൽ എനിക്ക് ലഭിച്ച സ്വീകരണത്തിൽ നിന്ന് മനസ്സിലാകുന്നത്. സമീപഭാവിയിൽ ഇത്തരം സന്ദർശനങ്ങൾ പതിവായി ഉണ്ടായേക്കാം”- മുത്തഖി പറഞ്ഞു.ഡൽഹിയിൽ നിന്ന് അഫ്ഗാൻ പ്രതിനിധിസംഘത്തോടൊപ്പം റോഡ് മാർഗമാണ് മുത്തഖി ദയൂബന്ദിൽ എത്തിയത്. ദാറുൽ ഉലൂം വൈസ് ചാൻസിലർ അബുൽ ഖാസിം നുഅ്മാനി, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അർഷദ് മദനി തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഷ്പവൃഷ്ടി നടത്തിയാണ് മുത്തഖിയെ സ്വീകരിച്ചത്.

ദാറുൽ ഉലൂമിലെ നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും അഫ്ഗാൻ മന്ത്രിയെ സ്വീകരിക്കാനായി കാമ്പസിൽ എത്തിയിരുന്നു. മുത്തഖിക്ക് ഹസ്തദാനം നടത്താൻ ആളുകൾ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മുത്തഖിയുടെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥരും സുരക്ഷാ ഏജൻസികളും ദയൂബന്ദിലെത്തി സുരക്ഷ ഉറപ്പാക്കിയിരുന്നു. ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും ദയൂബന്ദിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.