
ലേ പ്രതിഷേധങ്ങളോടുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് മുൻ ഉദ്യോഗസ്ഥർ. സെപ്റ്റംബർ 24ന് ലേയിൽ നടന്ന ഭരണഘടനാ സംരക്ഷണത്തിനായുള്ള പ്രതിഷേധങ്ങളോടുള്ള കേന്ദ്ര നിലപാടിനെതിരെ കോൺസ്റ്റിറ്റ്യൂഷണൽ കണ്ടക്ട് ഗ്രൂപ്പ് എന്ന വിരമിച്ച സിവിൽ സർവീസുകാരുടെയും നയതന്ത്രജ്ഞരുടെയും സംഘമാണ് വിമർശനവുമായി രംഗത്തെത്തിയത്.
പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്നും അനുകമ്പയോടെയുള്ള പരിഗണന ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ‘നിയമപരമായ പ്രശ്നങ്ങൾ’ എങ്ങനെ പരിഹരിക്കാമെന്ന് കണ്ടെത്താൻ പ്രക്ഷോഭ നേതാക്കളുമായി ചർച്ച നടത്തണമെന്ന് കോൺസ്റ്റിറ്റ്യൂഷണൽ കണ്ടക്ട് ഗ്രൂപ്പ് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രകടനങ്ങൾ, കർഷക പ്രക്ഷോഭം, മണിപ്പൂരിലെ വംശീയ സംഘർഷം എന്നിവയുൾപ്പെടെ രാജ്യത്തെ പ്രതിഷേധങ്ങളോട് കേന്ദ്ര സർക്കാർ ആവർത്തിച്ച് യോഗ്യമല്ലാത്ത സമീപനം ഗ്രൂപ്പ് ഒരു തുറന്ന കത്തിൽ പറഞ്ഞു.
“ഒരു പ്രത്യേക വിഷയത്തിൽ ഇത്രയധികം ആളുകൾ പ്രതിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ ശ്രമിക്കുന്നതിനുപകരം, പ്രതിഷേധക്കാരെ ക്ഷമയോടെയും തുറന്ന മനസോടെയും കേൾക്കാൻ അവസരം നൽകുന്നതിനുപകരം, സർക്കാരിന്റെ പ്രതികരണം പലപ്പോഴും നിഷേധാത്മകമായും പങ്കാളികളുമായി ഗൗരവമായ കൂടിയാലോചന നടത്താതെയുമാണ്. സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ ശത്രുക്കളാണ്’ എന്നതാണ് വിശ്വാസം. ലഡാക്കിലും ഇതേ സമീപനമാണെന്ന് കത്തിൽ പറയുന്നു.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ സെപ്റ്റംബർ 24ന് ലേയിൽ പൊലീസ് വെടിവയ്പും അക്രമവും പൊട്ടിപ്പുറപ്പെട്ടു. വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സെപ്റ്റംബർ 26ന് ലേയിൽ ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തു. അദ്ദേഹം നടത്തിയ “പ്രകോപനപരമായ പ്രസ്താവനകളാണ്” അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നു.
2019 ഓഗസ്റ്റ് 5ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടർന്നാണ് സംസ്ഥാന പദവിക്കുള്ള ആവശ്യം ഉയർന്നത്. ലഡാക്കിൽ ഒരു നിയമസഭയുടെ അഭാവം കേന്ദ്രഭരണ പ്രദേശത്തെ നിവാസികൾക്കിടയിൽ അവരുടെ ഭൂമി, പ്രകൃതി, വിഭവങ്ങൾ, ഉപജീവനമാർഗങ്ങൾ എന്നിവയെക്കുറിച്ച് അരക്ഷിതാവസ്ഥ വർധിപ്പിക്കുന്നതിലേക്ക് നയിച്ചു. കൂടാതെ പ്രദേശത്തിന്റെ സാംസ്കാരിക സ്വത്വവും ദുർബലമായ ആവാസവ്യവസ്ഥയും അപകടത്തിലാകുമെന്ന ആശങ്കയും സൃഷ്ടിച്ചു.
ഇന്ത്യക്കൊപ്പം എപ്പോഴും നിലകൊണ്ട ജനങ്ങളുടെ വിശ്വാസവും ആത്മവിശ്വാസവും നഷ്ടപ്പെടുത്താൻ രാജ്യത്തിന് കഴിയില്ല. പ്രതിഷേധങ്ങൾ വഷളാകാൻ അനുവദിക്കരുത്. മറിച്ച് പരാതികൾ നേരത്തെ പരിഹരിക്കേണ്ടത് പ്രധാനമാണെന്ന് മുൻ ഉദ്യോഗസ്ഥർ പറഞ്ഞു. വാങ്ചുകിനെ മോചിപ്പിക്കണമെന്നും കോൺസ്റ്റിറ്റ്യൂഷണൽ കണ്ടക്ട് ഗ്രൂപ്പ് ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ നേതാക്കളുമായി എത്രയും വേഗം ചർച്ച നടത്തണം. അവർ ഉന്നയിക്കുന്ന നിയമാനുസൃതമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് കണ്ടെത്തണമെന്നും ഗ്രൂപ്പ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.