
തങ്ങളുടെ കയ്യൊപ്പായി തീവ്രഹിന്ദുത്വ അജണ്ട സ്വീകരിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം സജീവമായി വന്ന കാലം മുതലാണ് രാജ്യത്ത് വലതുപ്രതിലോമ രാഷ്ട്രീയം മറനീക്കി പുറത്തുവന്നത്. രാഷ്ട്രീയ ലക്ഷ്യത്തിനായി ഹിന്ദുമതം ഉപയോഗിക്കുന്നത് ആർഎസ്എസ് നൂറുവർഷമായി അതീവ കൗശലത്തോടെ തുടരുകയും ചെയ്യുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ‘സാമുദായിക ഐക്യവും സാമൂഹിക ഉത്തരവാദിത്തവും ഇന്ത്യയെക്കുറിച്ചുള്ള സംഘദർശനങ്ങളുടെ കാതലാണെന്ന് ആവർത്തിച്ചു. ഇരട്ടത്താപ്പിന്റെ വാചകമടി കേൾക്കുക — “ഒരു സമൂഹം, ഒരു രാജ്യം, ഒരു സംസ്കാരം, ഒരു രാഷ്ട്രം എന്നീ നിലകളിൽ നാം ഐക്യത്തിലാണ്. ഈ വലിയ സ്വത്വം മറ്റെന്തിനെക്കാളും മുകളിലാണെന്ന് ഓർമ്മിക്കണം. ഇക്കാരണത്താൽ, സമൂഹമനോഭാവങ്ങളിൽ യോജിപ്പും ആദരവും പുലർത്തേണ്ടതുണ്ട്. ഓരോരുത്തർക്കും അവരുടേതായ വിശ്വാസങ്ങളും പ്രതീകങ്ങളും ആരാധനാലയങ്ങളുമുണ്ട്. ചിന്തയിലോ, വാക്കിലോ, പ്രവൃത്തിയിലോ ഇവയെ അനാദരിക്കരുത്.” 2025 ഒക്ടോബർ രണ്ടിന്, ആർഎസ്എസ് നൂറ് വർഷങ്ങൾ പൂർത്തിയാക്കിയ ദിവസം പറഞ്ഞതാണിക്കാര്യങ്ങൾ. ഇവരുടെ വാക്കുകൾ ആത്മാര്‍ത്ഥമല്ല എന്ന് രാജ്യമറിയുന്നുണ്ട്. മതേതരത്വം തങ്ങളുടെ വിശ്വാസമായി സ്ഥാപിക്കാൻ സംഘ്പരിവാർ ആഗ്രഹിക്കുന്നില്ല, അതിനുള്ള ശ്രമവുമില്ല. ‘മറ്റുള്ളവർ’ എന്ന് വിളിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ ക്രൂരതകളും വന്യമായ വേട്ടയാടലും തുടരുകയാണ്.
ആർഎസ്എസ് മേധാവി ‘വലിയകാര്യങ്ങൾ’ വിളമ്പിയ നാളിൽത്തന്നെ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ സംഘ്പരിവാര്‍ എന്താണെന്ന് വ്യക്തമാക്കുന്ന ചെയ്തികൾ വീണ്ടും നടന്നു. അന്ന് ഗാന്ധി ജയന്തി ദിനമാണെന്ന് സംഘം പ്രവർത്തകർക്ക് ഓർക്കേണ്ടതുമില്ലല്ലോ. സാംബാൽ ജില്ലാ ഭരണകൂടം ഒരു പള്ളിയും വിവാഹ മണ്ഡപവും അന്ന് പൊളിച്ചുമാറ്റി. അവ സർക്കാർ ഭൂമിയിലാണ് നിർമ്മിച്ചതെന്നാണ് ആരോപണം. നാല് മാസങ്ങൾക്കുള്ളിൽ സാംബാലിൽ പൊളിച്ച രണ്ടാമത്തെ പള്ളിയായിരുന്നു അത്. മദ്രസ ഉൾപ്പെടെയുള്ള നിർമ്മിതികൾ ഗ്രാമസഭയുടേതും കുളംനികത്തിയ ഭൂമിയിലുമാണെന്നാണ് അധികാരികൾ അവകാശപ്പെട്ടത്. വിവാഹ മണ്ഡപം സംഭാവനകൾ ശേഖരിച്ചാണ് നിർമ്മിച്ചതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ പകരം ഭൂമി പ്രാദേശിക ഭരണകൂടവും അധികാരികളും ആവശ്യപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ ഉത്തർപ്രദേശിൽ തുടർച്ചയായി മുസ്ലിം ആരാധനാലയങ്ങൾ ആസൂത്രിതമായി നശിപ്പിക്കുകയാണ്. ഇത്തരം ചെയ്തികളുടെ ഭാഗമാണ് സാംബാലിലും സംഭവിച്ചത്. ഫെബ്രുവരിയിൽ, മീററ്റിലെ 168 വർഷം പഴക്കമുള്ള ഒരു പള്ളി അതിവേഗ റെയിൽ പദ്ധതിക്കായി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു. ഡൽഹി റോഡിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പള്ളി വികസനമെന്ന് ചുട്ടികുത്തി പൊലീസിന്റെ കനത്ത കാവലിൽ നശിപ്പിച്ചു. പ്രാഥമികമായി പള്ളിയുടെ പ്രധാന ഗേറ്റ് പൊളിച്ചുമാറ്റുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) നടപ്പാക്കുന്ന അതിവേഗ റെയിൽ ശൃംഖലയ്ക്കുള്ള വിശാലമായ പദ്ധതികളുടെ ഭാഗമായാണ് പള്ളി നീക്കം ചെയ്തതെന്നാണ് അധികാരികൾ ആവർത്തിക്കുന്നത്.
2024 ഡിസംബറിൽ, ഫത്തേപൂർ ജില്ലയിൽ 185 വർഷം പഴക്കമുള്ള ഒരു പള്ളിയുടെ ഭാഗം പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി. ബന്ദ‑ബഹ്റൈച്ച് ഹൈവേയിലേക്ക് ഇറങ്ങിയതാണ് പള്ളിയുടെഭാഗം എന്നായിരുന്നു കണ്ടെത്തിയ ആക്ഷേപം. നിയമവാഴ്ചയില്‍ ബുൾഡോസർരാജ് സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി അടിവരയിട്ട് പറഞ്ഞിട്ട് ഏതാനും ദിവസങ്ങൾക്കുള്ളിലായിരുന്നു ഇത് സംഭവിച്ചത്. ഓഗസ്റ്റ് 17ന് ‘നിയമവിരുദ്ധ നിർമ്മാണം’ ചൂണ്ടിക്കാട്ടി പള്ളിയുടെ ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നതായി ജില്ലാ ഭരണകൂടം അവകാശപ്പെട്ടു. നൂരി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി മേധാവി ജില്ലാ ഭരണകൂടത്തിന്റെ വാദത്തെ എതിർത്തു. “നൂരി മസ്ജിദ് 1839ൽ നിർമ്മിച്ചതാണ്. റോഡ് 1956ൽ നിർമ്മിച്ചതും. എന്നിട്ടും പൊതുമരാമത്ത് വകുപ്പ് പള്ളിയുടെ ചില ഭാഗങ്ങൾ റോഡിലേക്കിറങ്ങിയതും നിയമവിരുദ്ധവുമെന്ന് പറയുന്നു” — മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി മുതവല്ലി മുഹമ്മദ് മോയിൻ ഖാൻ വ്യക്തമാക്കി. ബന്ദ‑ബഹ്റൈച്ച് ഹൈവേ നമ്പർ 13 വീതി കൂട്ടുന്നതിന് നൂരി മസ്ജിദിന്റെ 20 മീറ്ററോളം ഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി, പിന്നീട് അവശിഷ്ടങ്ങൾ നീക്കം ചെയ്തു. യുപിയില്‍ പള്ളികൾ പൊളിക്കുമെന്ന പ്രഖ്യാപനം പ്രദേശത്തെ മുസ്ലിങ്ങൾക്കിടയിൽ കടുത്ത രോഷത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാരിനുകീഴിൽ മുസ്ലിം ജമാ അത്തുകളുടെ സ്വത്തുക്കൾ ലാക്കാക്കിയുള്ള നീക്കമായി ഇതിനെ കാണുന്നു. ഇസ്രയേലിൽ പലസ്തീനികളെ അടിച്ചമർത്തുന്ന പ്രവണതയുമായി താരതമ്യപ്പെടുത്തി ജനത തങ്ങളുടെ വേദനയും നിരാശ പങ്കുവച്ചു.
ഒക്ടോബർ രണ്ടിന് നടത്തിയ പ്രസംഗത്തിൽ, നിയമങ്ങൾ പാലിക്കണമെന്നും ക്രമസമാധാനം നിലനിർത്തുന്നതിലും ഐക്യത്തിലും മുന്നേറണമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. ചെറിയ കാര്യത്തിനോ സംശയത്തിന്റെ പേരിലോ നിയമം കയ്യിലെടുത്ത് തെരുവിലിറങ്ങുകയോ ഗുണ്ടായിസത്തിലും അക്രമത്തിലും ഏർപ്പെടുകയോ ചെയ്യരുത് എന്ന ആർഎസ്എസ് മേധാവിയുടെ വാക്കുകൾ എന്തായാലും സംഘം പ്രവർത്തകർക്കുള്ളതല്ല. പള്ളികൾ തകർക്കുന്നതും മുസ്ലിങ്ങൾക്കെതിരായ ആക്രമണവും തുടരുകയാണ്. ആർഎസ്എസ് നേതാവ് നടത്തിയ അനുരഞ്ജന പ്രസ്താവനകളും സംഘടനയുടെ പ്രത്യയശാസ്ത്രവും അതിനോടുചേർന്നുള്ള പ്രവർത്തനങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്. പ്രസംഗത്തിലെ അനുരഞ്ജന ഭാഷ ഏതൊരർത്ഥത്തിലും മതേതര വിഷയങ്ങളിൽ ആർഎസ്എസിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല. മതേതര ഘടനയ്ക്കെതിരെ സ്വന്തം ആളുകൾ സംഘടിപ്പിക്കുന്ന ആക്രമണത്തിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാൻ ആർഎസ്എസ് മേധാവി ശ്രമിക്കുന്നു എന്നാണ് കരുതേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.