
ചെറുകുളത്തൂരിന് പിന്നാലെ സമ്പൂർണ അവയവദാന ഗ്രാമമാകാൻ കോഴിക്കോട്ടെ മറ്റൊരു പ്രദേശം. കക്കോടി പഞ്ചായത്തിലെ ബദിരൂർ പ്രദേശമാണ് മനുഷ്യത്വത്തിന്റെ മഹാമാതൃകയിലേക്ക് ഒരു ചുവട് എന്ന സന്ദേശവുമായി സമ്പൂർണ അവയവദാന ഗ്രാമത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ അവയവദാന ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശമാണ് ചെറുകുളത്തൂർ. നിരവധി പേർക്കാണ് ഈ പ്രദേശം ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് അവസരമൊരുക്കിയത്. പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശം ദേശീയ തലത്തിൽ കൈവരിച്ച നേട്ടം നിരവധി ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കിയതാണ്. ഇതിന് പിന്നാലെയാണ് വെസ്റ്റ് ബദിരൂരിലെ ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബദിരൂരിലും പ്രവർത്തനങ്ങൾ നടക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള നൂറോളം പേരാണ് അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രങ്ങളിൽ ഒപ്പിട്ടത്. വനിതകളടക്കം 24 പേർ സ്വന്തം ശരീരം മരണാനന്തരം ദാനം ചെയ്യാനും സന്നദ്ധരായി.
1980 കളിൽ തന്നെ രക്തഗ്രൂപ്പ് ഡയറക്ടറി രൂപപ്പെട്ട പ്രദേശമായിരുന്നു ചെറുകുളത്തൂർ. ആദ്യ കാലങ്ങളിൽ മെഡിക്കൽ കോളജിൽ നിന്നു പോലും അപൂർവ രക്തഗ്രൂപ്പുകൾ തേടി ഇവിടേക്ക് ആളുകൾ എത്താറുണ്ടായിരുന്നു. തുടർന്ന് നേത്രദാന ഗ്രാമം എന്ന പദവി നേടിയെടുത്ത പ്രദേശം പിന്നീട് അവയവദാനമെന്ന ആശയത്തിലേക്ക് കടക്കുകയായിരുന്നു. സമാനമായ രീതിയിൽ തന്നെയാണ് ബദിരൂരിലെയും പ്രവർത്തനം. ജനങ്ങളുടെ വിഷയത്തിലുള്ള സമ്മതമാണ് പ്രധാനമെന്നും സൊസൈറ്റി ഇതിന്റെ കോർഡിനേഷൻ നിർവഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സൊസൈറ്റി പ്രസിഡന്റ് പ്രകാശൻ പൂതലേടത്ത്, സെക്രട്ടറി വി സുജീഷ് എന്നിവർ പറയുന്നു.
ആദ്യഘട്ടത്തിൽ സൊസൈറ്റി ഭാരവാഹികളുടെ കുടുംബാംഗങ്ങളെല്ലാം സമ്മതപത്രങ്ങളിൽ ഒപ്പിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയില്ലെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ സംരംഭം അർത്ഥ ശൂന്യമാകുമെന്നാണ് ഭാരവാഹികൾ പറയുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ പദ്ധതിയുമായി സഹകരിച്ചതോടെ ജനപ്രതിനിധികളിൽ നിന്ന് ലഭിച്ച സമ്മതപത്രങ്ങൾ മറ്റുള്ളവർക്ക് മാതൃകയായി അവതരിപ്പിക്കാൻ സാധിച്ചു. സമ്മതപത്രങ്ങൾ കൈമാറിയ കുടുംബങ്ങളെയെല്ലാം പൂർണമായ നടപടിക്രമങ്ങളെക്കുറിച്ച് ബോധവത്ക്കരിച്ചു. ഇതിനായി പ്രത്യേക ബോധവത്ക്കരണ പരിപാടി ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. വിവിധ ഡോക്ടർമാർ ബോധവത്ക്കരണ ക്ലാസുകൾ നയിച്ചു. സമ്മതപത്രം കൈമാറിയവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മനുഷ്യത്വത്തിന്റെ മഹാ മാതൃകയിലേക്ക് കൂടുതലായി അടുക്കുകയാണ് ബദിരൂർ പ്രദേശമിപ്പോൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.