
കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും ഉറപ്പാക്കുന്നതിനായി നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്താകെ സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങള്‍ക്ക് അരികിലെത്തി നടത്തുന്ന നവകേരള വികസനക്ഷേമ പഠന പരിപാടിയാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം കേള്‍ക്കുകയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കുകയും ചെയ്യും. തുടര്‍ച്ചയായി സമഗ്ര പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. അത് ക്രോഡീകരിച്ചും അപഗ്രഥിച്ചും നാടിന്റെ വരുംകാല പുരോഗതി എങ്ങനെയാകണമെന്ന രൂപരേഖയുണ്ടാക്കും.
സന്നദ്ധസേനാംഗങ്ങള്‍ ഓരോ വാര്‍ഡിലെയും വീടുകള്‍, ഫ്ലാറ്റുകള്‍, ഉന്നതികള്‍, മറ്റ് വാസസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ — വ്യാപാര കേന്ദ്രങ്ങള്‍, തൊഴില്‍ശാലകള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ബസ്, ഓട്ടോ/ടാക്സി സ്റ്റാന്റുകള്‍, വായനശാലകള്‍, ക്ലബുകള്‍, മറ്റു കൂട്ടായ്മകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും നവകേരള വികസന പദ്ധതികള്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവ മനസിലാക്കുകയും പഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.
നവകേരള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും ജനങ്ങളുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കുവാനും കഴിയും വിധമുള്ള പഠന പരിപാടിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. എല്ലാ കുടുംബങ്ങളില്‍ നിന്നും വികസനക്ഷേമ പദ്ധതികളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും തേടുവാനും, ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇതുവഴി സാധിക്കും. 2026 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധസേനാംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പരിപാടി നടപ്പിലാക്കുന്നത്.
ഓരോ തദ്ദേശ സ്ഥാപനത്തിലേയും വാര്‍ഡ് അടിസ്ഥാനത്തിലായിരിക്കും പഠന പരിപാടി നടത്തുക. ഓരോ വാര്‍ഡിലും നാലംഗ സന്നദ്ധ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കും. ഓരോ പ്രദേശത്തെയും വികസന ആവശ്യങ്ങള്‍, നടപ്പിലാക്കിയ പദ്ധതികളുടെ പോരായ്മകള്‍, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, മറ്റു സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തുടങ്ങിയവ ശേഖരിച്ച് പഠന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കും. മാര്‍ച്ച് 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതി നടത്തിപ്പിന് നാലംഗ സംസ്ഥാനതല ഉപദേശക സമിതി രൂപീകരിച്ചു. സംസ്ഥാനതല നിര്‍വഹണ സമിതിയും നിലവില്‍ വരും. തദ്ദേശസ്ഥാപന, നിയമസഭാ മണ്ഡലം, ജില്ലാ തലത്തിലും സമിതികള്‍ രൂപീകരിക്കും. സംസ്ഥാന സമിതിക്ക് സമര്‍പ്പിക്കുന്ന ക്രോഡീകരിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് ഉചിതമായ ശുപാര്‍ശ സര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതിന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റില്‍ പ്രത്യേക സംവിധാനമൊരുക്കും.
ചീഫ് സെക്രട്ടറിക്ക് പുറമേ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ഐഎംജി ഡയറക്ടര്‍ കെ ജയകുമാര്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് എന്നിവരാണ് സംസ്ഥാനതല ഉപദേശക സമിതിയിലുള്ളത്. സംസ്ഥാനതല നിര്‍വഹണസമിതി രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.