
പുതിയ വ്യവസായ നയത്തിന്റെ തുടർച്ചയായുള്ള വ്യത്യസ്ത മേഖലകളെ സമഗ്രമായി ഉൾക്കൊള്ളുന്ന നാല് ഉപമേഖലാ നയങ്ങള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്സ്, ഹൈടെക് ഫ്രെയിംവർക്ക് 2025, ഇഎസ്ജി എന്നീ നയങ്ങളാണ് വ്യവസായ മന്ത്രി പി രാജീവ് പ്രത്യേകമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ നിക്ഷേപക സൗഹൃദ വ്യാവസായികാന്തരീക്ഷത്തെ പുതിയ നയങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ ഉത്തരവാദിത്ത — സുസ്ഥിര വ്യവസായ വികസനത്തിൽ കേരളത്തെ മുൻപന്തിയിൽ നിർത്തുന്ന പ്രധാന സംരംഭമാണ് കേരള ഇഎസ്ജി നയം. പരിസ്ഥിതിക്ക് ഇണങ്ങുന്നതടക്കമുള്ള ഇഎസ്ജി തത്വങ്ങൾ നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതി- വായ്പാ ഇളവുകള്‍, സബ്സിഡികൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കും. അഞ്ച് വർഷത്തേക്ക് മൂലധന നിക്ഷേപത്തിന്റെ 100% റീഇംബേഴ്സ്മെന്റ് നൽകും. 2040 ആകുമ്പോഴേക്കും പൂർണമായും പുനരുപയോഗ ഊർജ ഉപയോഗവും 2050 ആകുമ്പോഴേക്കും കാർബൺ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിന് നയം ലക്ഷ്യമിടുന്നു. സൗരോര്‍ജം, കാറ്റാടിപ്പാടങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, ബയോമാസ് പദ്ധതികളിലും നിക്ഷേപം നടത്തും.
കയറ്റുമതി ക്രമാനുഗതമായി വർധിപ്പിക്കുന്നതിലും കേരള വ്യവസായങ്ങളെ ആഗോള മൂല്യശൃംഖലകളുമായി സംയോജിപ്പിക്കുന്നതിലും കേന്ദ്രീകരിക്കുന്നതാണ് കയറ്റുമതി പ്രോത്സാഹന നയം. 2027–28ല്‍ കയറ്റുമതി 20 ബില്യൺ ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ, ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ കേന്ദ്രമായി കേരളത്തെ പുനഃസ്ഥാപിക്കുകയെന്നതാണ് ലക്ഷ്യം. കയറ്റുമതി വൈവിധ്യവൽക്കരണം, അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, നൈപുണ്യ വികസനം, വിപണി ഇന്റലിജൻസ്, ‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡ് നിർമ്മാണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. നിലവിലെ കയറ്റുമതി, സമുദ്രോല്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, എൻജിനീയറിങ്, പെട്രോളിയം ഉല്പന്നങ്ങൾ എന്നീ മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് ബയോടെക്നോളജി, ലൈഫ് സയൻസസ്, എയ്റോസ്പേസ്, ഡിഫൻസ്, ഇലക്ട്രോണിക്സ്, ആയുർവേദം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, ടൂറിസം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ ഉയർന്ന മൂല്യമുള്ള മേഖലകളിലേക്കും വ്യാപിപ്പിക്കും.
സംസ്ഥാനത്തെ കാര്യക്ഷമതയുള്ള, മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനും ഉല്പാദനം, കയറ്റുമതി, ആഭ്യന്തര വാണിജ്യം എന്നിവയെ പിന്തുണയ്ക്കുന്നതിനുമുള്ള സമഗ്രമായ ദിശാരേഖ നൽകുന്നതാണ് കേരള ലോജിസ്റ്റിക്സ് നയം 2025. ഏകോപിതവും സാങ്കേതികവിദ്യ പ്രാപ്തമാക്കിയതുമായ സമീപനത്തിലൂടെ ലോജിസ്റ്റിക്സ് ചെലവ് ജിഎസ് ഡിപിയുടെ 10%ൽ താഴെയാക്കും. കേരളത്തിലുടനീളം ലോജിസ്റ്റിക് പാർക്കുകളുടെ ശൃംഖല സൃഷ്ടിക്കുകയും ചെയ്യും.
സാങ്കേതികവിദ്യ, ഗവേഷണ വികസനം, ബൗദ്ധിക സ്വത്തവകാശം എന്നിവയിൽ ഊന്നിയുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായവൽക്കരണത്തിലേക്ക് മാറുകയെന്നതാണ് കേരള ഹൈടെക് ഫ്രെയിംവർക്ക് 2025 നയത്തിന്റെ ലക്ഷ്യം. സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ & മാനുഫാക്ചറിങ് ഉൾപ്പെടെ ആഗോള വളർച്ചാസാധ്യതയുള്ള മേഖലകളെ നയം പ്രത്യേകമായി പരിഗണിക്കുന്നു. ഹൈടെക് മാനുഫാക്ചറിങ് പാർക്കുകളുടെയും ഇന്നൊവേഷൻ ക്ലസ്റ്ററുകളുടെയും നിർമ്മാണ സാധ്യതകളും ചട്ടക്കൂടിലുണ്ട്.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി വിഷ്ണുരാജ് പി, എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ-ബിപ്പ് സിഇഒ സൂരജ് എസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.