
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ തെരഞ്ഞെടുപ്പ് പ്രക്രിയയെപ്പോലും അട്ടിമറിച്ച് സംസ്ഥാന യൂത്ത് കോണ്‍ഗ്രസിനെ കൈപ്പിടിയിലൊതുക്കിയ കെ സി വേണുഗോപാലിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ എ, ഐ ഗ്രൂപ്പുകള്‍. എതിര്‍പ്പുകളെല്ലാം അവഗണിച്ച്, യൂത്ത് കോണ്‍ഗ്രസിന്റെ നേതൃസ്ഥാനങ്ങളില്‍ സ്വന്തം ആളുകളെ നിയോഗിച്ചതിലൂടെ എഐസിസി ജനറല്‍ സെക്രട്ടറി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പാണ് നല്‍കുന്നത്. നിലവില്‍ കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളും കെസി പക്ഷക്കാരാണ്. യുവാക്കളെ ഒപ്പംനിര്‍ത്തി ശക്തനായി നിന്നിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തോടെ ഷാഫി പറമ്പില്‍ ഉള്‍പ്പെടെ നേതാക്കളുമായി അകല്‍ച്ചയിലാണ്. യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുത്ത ശൈലിയില്‍ തന്നെ കെ സി വേണുഗോപാല്‍ നിലപാട് സ്വീകരിക്കുമ്പോള്‍, വരാനിരിക്കുന്ന കോണ്‍ഗ്രസ് പുനഃസംഘടനയില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് എ, ഐ ഗ്രൂപ്പുകളും വിലയിരുത്തുന്നു. ഇതോടെ, പൊതുശത്രുവായ കെ സി വേണുഗോപാലിനെതിരെ ശക്തമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് മുതിര്‍ന്ന നേതാക്കളെല്ലാം.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍, 1.70 ലക്ഷത്തിലധികം വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിയെ പുതിയ അധ്യക്ഷനാക്കാതെ തഴഞ്ഞത് രമേശ് ചെന്നിത്തലയുടെ നോമിനി ആയതുകൊണ്ടാണെന്നാണ് വ്യക്തമാകുന്നത്. 19,000 വോട്ടുകള്‍ മാത്രം നേടിയ ജനീഷിനെ പ്രസിഡന്റാക്കുക മാത്രമല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുക പോലും ചെയ്യാത്ത ബിനു ചുള്ളിയിലിന് സ്ഥാനം നല്‍കാന്‍ വര്‍ക്കിങ് പ്രസിഡന്റ് എന്ന പോസ്റ്റും കെ സി വേണുഗോപാല്‍ സൃഷ്ടിച്ചു. ചെന്നിത്തലയെ അപ്രസക്തനാക്കുന്ന തരത്തിലാണ് ഇപ്പോഴുള്ള നീക്കങ്ങള്‍. യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിത്വം കൈവശമുണ്ടായിരുന്ന എ ഗ്രൂപ്പിനും ശക്തമായ അടിയായിരുന്നു കെ സിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്.
വരാനിരിക്കുന്ന വലിയ ആപത്ത് തിരിച്ചറിഞ്ഞ് ഒരുമിച്ച് മുന്നോട്ടുപോകാനാണ് നേതാക്കളുടെ തീരുമാനം. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചാണ് കേരള യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിശ്ചയിച്ചതെന്നത് പരാതിയായി രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ മൗനം പാലിക്കുന്ന രമേശ് ചെന്നിത്തല ശക്തമായ പ്രതിഷേധമാണ് ദേശീയ നേതൃത്വത്തിന് മുന്നില്‍ ഉയര്‍ത്തിയിട്ടുള്ളത്. ചിതറിപ്പോയ ഗ്രൂപ്പുകള്‍ പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. മുഖ്യമന്ത്രിസ്ഥാനമോഹിയായാണ് കെ സി വേണുഗോപാല്‍ എത്തുന്നതെന്ന് തിരിച്ചറിയുന്ന പ്രതിപക്ഷനേതാവിനും ഇതിനോടൊപ്പം നില്‍ക്കേണ്ടിവരും. അബിന്‍ വര്‍ക്കിക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന്‍ എത്തിയതും ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നതിന്റെ സൂചനയായി.
താഴെ തട്ടിൽ നിന്ന് പ്രവർത്തിച്ച ഉയർന്ന് വന്നയാളാണ് അബിൻ. കൂടുതൽ പരിഗണിക്കപ്പെടേണ്ട വ്യക്തി ആണെന്നതിൽ സംശയം ഇല്ലെന്നും അബിന്റെ അഭിപ്രായം കൂടി തേടിയിട്ട് വേണമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നതെന്നുമാണ് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോൺഗ്രസ് നേതൃത്വത്തിൽ നിന്നു താനും അവഗണന നേരിട്ടിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, പ്രൊമോഷന്‍ നല്‍കി ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞ അബിന്‍ വര്‍ക്കി പരസ്യമായി എതിര്‍പ്പ് അറിയിച്ചെങ്കിലും നേതൃത്വം പരിഗണിക്കുന്നതിന്റെ യാതൊരു സൂചനകളുമില്ല. ഇതോടെ, ദേശീയ സെക്രട്ടറി എന്ന നിലയില്‍ സംസ്ഥാനത്ത് സജീവമാകാനാണ് അബിന്‍ വര്‍ക്കിയുടെ തീരുമാനം. തങ്ങള്‍ക്ക് സ്വാധീനമുള്ള ജില്ലാ കമ്മിറ്റികളുടെ പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് കേരളത്തില്‍ തുടരാന്‍ അബിന്‍ വര്‍ക്കിയും അഭിജിത്തും തീരുമാനമെടുക്കുന്നതോടെ യൂത്ത് കോണ്‍ഗ്രസിലും ഗ്രൂപ്പ് തര്‍ക്കം രൂക്ഷമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.