
രാജ്യതലസ്ഥാനത്ത് സൈനികനായി നടിച്ച് 27കാരിയായ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത കേസിൽ ഡെലിവറി ഏജൻ്റ് അറസ്റ്റിൽ. ഒരു ഇ‑കൊമേഴ്സ് കമ്പനിയിലെ ഡെലിവറി എക്സിക്യൂട്ടീവായ ആരവ് മാലിക് ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവ ഡോക്ടർക്ക് ലഹരിമരുന്ന് കലർത്തിയ മധുരപലഹാരം നൽകി ബോധരഹിതയാക്കിയ ശേഷമാണ് ഇയാൾ ക്രൂരമായി ബലാൽസംഗം ചെയ്തത്. ഡൽഹിയിലെ പ്രശസ്തമായ ആശുപത്രിയിലെ ഡോക്ടറാണ് അതിജീവിത. പൊലീസ് പറയുന്നതനുസരിച്ച്, പ്രതിയും അതിജീവിതയും ഏപ്രിലിലാണ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടത്. ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനൻ്റായിട്ടാണ് ആരവ് മാലിക് സ്വയം പരിചയപ്പെടുത്തിയത്. മാസങ്ങളോളം ചാറ്റ് ചെയ്ത് യുവതിയോട് സൗഹൃദം സ്ഥാപിച്ച ഇയാൾ, താൻ കാശ്മീരിൽ നിന്നുള്ള സൈനികനാണെന്ന് വിശ്വസിപ്പിക്കാൻ യൂണിഫോമിലുള്ള ഫോട്ടോകളും വീഡിയോകളും അയക്കുകയും ചില വ്യാജ രേഖകൾ നിർമ്മിക്കുകയും ചെയ്തു.
ഒക്ടോബർ 16ന് അതിജീവിത ആരവിനെ സഫ്ദർജംഗിലുള്ള തൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു. യുവതിക്കായി മധുരപലഹാരങ്ങളുമായാണ് പ്രതി എത്തിയത്. ലഹരിമരുന്ന് ചേർത്ത മധുരപലഹാരങ്ങൾ കഴിച്ച യുവതി ബോധരഹിതയായതിന് പിന്നാലെ പ്രതി ബലാൽസംഗം ചെയ്യുകയായിരുന്നു. അതേദിവസം തന്നെ യുവതി പൊലീസിൽ പരാതി നൽകുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾ ഡൽഹി കൻ്റോൺമെന്റിലെ ഒരു കടയിൽ നിന്ന് ഓൺലൈനായി സൈനിക യൂണിഫോം വാങ്ങിയാണ് ആൾമാറാട്ടം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ആരവ് മാലിക്കിനെതിരെ ബലാൽസംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം, വ്യാജ രേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരം സഫ്ദർജംഗ് എൻക്ലേവ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ സൈനികനായി ചമഞ്ഞ് മറ്റാരെയെങ്കിലും കബളിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.