
കേന്ദ്ര തൊഴിൽ മന്ത്രാലയം തയ്യാറാക്കിയ കരട് ദേശീയ തൊഴിൽ നയം വിവാദ പുരാതന ഹിന്ദു ഗ്രന്ഥമായ മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ആക്ഷേപം. സാമൂഹിക, സാമ്പത്തിക, ലിംഗ വിവേചനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്ന മനുസ്മൃതി അടിസ്ഥാനപ്പെടുത്തിയ തൊഴില്‍ നയം ഉടന്‍ പിന്‍വലിക്കണമെന്ന് എഐടിയുസി അടക്കമുള്ള തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
കരട് തൊഴിൽ നയത്തിൽ, അധ്വാനത്തെ “രാജധർമ്മം” എന്നാണ് നിര്‍വചിക്കുന്നത്. കൂടാതെ അധ്വാനത്തെ സാമൂഹിക ഐക്യം, സാമ്പത്തിക ക്ഷേമം, കൂട്ടായ അഭിവൃദ്ധി എന്നിവ നിലനിർത്തുന്ന പവിത്രവും ധാർമ്മികവുമായ കടമയായി കണക്കാക്കുന്നുവെന്നും നയം പ്രസ്താവിക്കുന്നു. ജോലി കേവലം ഉപജീവനമാർഗമല്ല, മറിച്ച് ധർമ്മം (നീതിപൂർവകമായ കടമ) ആണെന്ന് നയം പറയുന്നു. എല്ലാ തൊഴിലാളിയെയും- ഒരു കരകൗശല വിദഗ്ധനോ, കർഷകനോ, അധ്യാപകനോ, വ്യാവസായിക തൊഴിലാളിയോ ആകട്ടെ, സാമൂഹിക സൃഷ്ടിയുടെ ചക്രത്തിൽ അനിവാര്യമായ പങ്കാളിയായി അംഗീകരിക്കുന്നുവെന്നും തൊഴില്‍ നയം പ്രസ്താവിക്കുന്നു.
മനുസ്മൃതി, യാജ്ഞവാൽക്യസ്മൃതി, നാരദസ്മൃതി, സുക്രാനിതി, അർത്ഥശാസ്ത്രം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങൾ രാജധർമ്മം എന്ന ആശയം എടുത്തുപറയുന്നുണ്ട്. ഇതിലൂടെ തൊഴിലാളികള്‍ക്ക് നീതി, ന്യായമായ വേതനം, ചൂഷണത്തിൽ നിന്ന് തൊഴിലാളികളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കിയെന്നും നയത്തില്‍ പറയുന്നു. എന്നാല്‍ ജാതി അടിസ്ഥാനമാക്കിയുള്ള ശ്രേണിപരമായ തൊഴിൽ വിഭജനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമല്ലാതെ മറ്റൊന്നും ഇവയിലില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള തൊഴിലാളികളുടെ അവകാശങ്ങൾ, ന്യായമായ വേതനം, സാമൂഹിക നീതി എന്നിവയുടെ തത്വങ്ങൾക്ക് വിരുദ്ധമാണ് മനുസ്മൃതി പോലെയുള്ള ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ സ്വീകരിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു,
ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കാതെയാണ് കരട് നയം തയ്യാറാക്കിയതെന്ന് എഐടിയുസി ആരോപിച്ചു. കരട് നയം ഉടൻ പിൻവലിക്കണം. പൊതുജനാഭിപ്രായത്തിനായി അന്തിമരൂപം നൽകുന്നതിന് മുമ്പ് കേന്ദ്ര ട്രേഡ് യൂണിയനുകളുമായി ചർച്ചകൾ ആരംഭിക്കണമെന്നും എഐടിയുസി ആവശ്യപ്പെട്ടു.
ഉപജീവനമാര്‍ഗം എന്നതിലുപരി ഹിന്ദു ഗ്രന്ഥങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുപോലെ ശ്രമ (തൊഴിൽ) എന്ന ആശയത്തെ മഹത്വവൽക്കരിക്കുന്നതിന് പിന്നില്‍ ബ്രാഹ്മണർക്ക് ഏറ്റവും ഉയർന്ന പദവി ലഭിക്കുന്ന ശ്രേണിപരമായ തൊഴില്‍ വിവേചനം പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) സെന്റർ ഫോർ ഇൻഫോർമൽ സെക്ടർ ആൻഡ് ലേബർ സ്റ്റഡീസിലെ ഫാക്കൽറ്റി അംഗം പ്രദീപ് ഷിൻഡെ പറഞ്ഞു. തൊഴിലിനെ ധർമ്മവുമായോ രാജധർമ്മവുമായോ താരതമ്യം ചെയ്യുന്നത് ഒരു വികലമായ ആശയമാണ്. അത് തൊഴിലാളികളുടെ അവകാശങ്ങൾ, ന്യായമായ വേതനം, സുരക്ഷ എന്നിവ അവഗണിക്കുന്നുവെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.