
കോഴിക്കോട് ബാലുശേരിയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി. സ്കൂള്‍ പഠനകാലത്ത് കഥയെഴുത്ത് മത്സരത്തിലും ചിത്രരചനയിലും പങ്കെടുക്കും. അതിനപ്പുറം മറ്റു ലോകങ്ങളില്ല. മറ്റു പല പെണ്‍കുട്ടികളെയും പോലെ അക്കാലത്ത് അവള്‍ക്കും സിനിമയില്‍ ഒരു ആരാധനാ കഥാപാത്രമുണ്ടായിരുന്നു, മമ്മൂട്ടി. സിനിമാ വാരികകളില്‍ നിന്നും മമ്മൂട്ടിയുടെ വിലാസം തപ്പിയെടുത്ത് അവള്‍ മമ്മൂക്കയ്ക്ക് നിരന്തരം കത്തയയ്ക്കുമായിരുന്നു. കൂട്ടുകാരികളില്‍ പലരും കുഞ്ചാക്കോ ബോബനും ജയറാമിനുമൊക്കെ കത്ത് അയയ്ക്കുമ്പോള്‍ ആ കത്തുകള്‍ക്ക് അവരുടെ ഫോട്ടോയില്‍ ഒപ്പുവച്ചുളള മറുപടികള്‍ ലഭിക്കുമായിരുന്നു. ഒരുപാട് ആഗ്രഹിച്ചെങ്കിലും അവള്‍ക്കൊരിക്കലും അത്തരമൊരു മറുപടി കത്ത് ലഭിച്ചില്ല. ഇടയ്ക്ക് അവള്‍ എഴുത്തിന്റെ ലോകത്ത് സജീവമായി. അതോടെ തിരക്കഥാ രചന അവളുടെ സ്വപ്നമായി. 22-ാം വയസില്‍ വിവാഹം. വിവാഹശേഷം കുടുംബ ജീവിതത്തിലേക്ക്. സിനിമയും തിരക്കഥയും സ്വപ്നമായി അവശേഷിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ പെണ്‍കുട്ടി മലയാള സിനിമയില്‍ ചരിത്രം രചിക്കുകയാണ്. മമ്മൂട്ടിയുടെ ഒരു മറുപടി കത്തിനായി കാത്തിരുന്ന അവള്‍ മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കുന്നു. മലയാളത്തില്‍ മമ്മൂട്ടിയെ മുഖ്യകഥാപാത്രമാക്കി സിനിമ ചെയ്യുന്ന ആദ്യ വനിതാ സംവിധായികയായി അവള്‍ മാറി. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അവളുടെ അടുത്തചിത്രം ആദ്യമായി തിയേറ്ററില്‍ റിലീസായി. ‘പാതിരാത്രി’ തിയേറ്ററുകള്‍ കീഴടക്കുകയാണ്.
‘പുഴു’, ‘പാതിരാത്രി’ എന്നീ രണ്ട് സിനിമകളിലൂടെ റത്തീന എന്ന യുവതി തിരുത്തിക്കുറിക്കുന്നത് മലയാള സിനിമയുടെ ചരിത്രം കൂടിയാണ്. സിനിമയുടെ സാങ്കേതിക മേഖലയിലും പിന്നണിയിലും സ്ത്രീ സാന്നിധ്യം വിരളമായൊരു കാലഘട്ടത്തില്‍ നിന്ന്, മലയാള സിനിമയില്‍ തന്റേതായ ഇടം സൃഷ്ടിച്ച റത്തീനയുടെ വിജയം യുവതലമുറയ്ക്ക് പ്രചോദനമാണ്.
കോഴിക്കോട് ബാലുശേരിയായിരുന്നു നാട്. ഉപ്പ ഗള്‍ഫിലായിരുന്നു. യാഥാസ്ഥിതിക കുടുംബമൊന്നുമല്ലായിരുന്നു. സിനിമയും പാട്ടും ശബ്ദരേഖകളുമൊക്കെ കണ്ടും കേട്ടുമാണ് വളര്‍ന്നത്. വല്യുപ്പ ഭയങ്കര സിനിമാ പ്രേമിയായിരുന്നു. അന്ന് നാട്ടില്‍ നാല് തിയേറ്ററുകളുണ്ട്. വീടിന് തൊട്ടടുത്തുതന്നെ സന്തോഷ് ടാക്കീസ് ഉണ്ടായിരുന്നു. സിനിമയുടെ അനൗണ്‍സ്മെന്റുകളും പോസ്റ്ററുകളും മുളകെട്ടിയുള്ള ഹോര്‍ഡിങ്സുകളുമൊക്കെ കണ്ടാണ് വളര്‍ന്നത്.
സ്കൂള്‍ വിദ്യാഭ്യാസം ബാലുശേരി ഹെെസ്കൂളിലും എംഇഎസ് രാജ റെസിഡന്‍ഷ്യല്‍ സ്കൂളിലുമായിരുന്നു. ബാലുശേരി സ്കൂളില്‍ പഠിക്കുന്ന കാലത്ത് കഥയെഴുത്തിലും ചിത്രരചനയിലും പങ്കെടുക്കുമെന്നല്ലാതെ സിനിമയൊന്നും മനസിലേക്കെത്തിയിട്ടില്ല. എംഇഎസ് രാജ റെസിഡന്‍ഷ്യല്‍ സ്കൂളിലെ അധ്യാപകരാണ് പ്രോത്സാഹനമായത്. ജി കെ നായര്‍ സാറായിരുന്നു വെെസ് പ്രിന്‍സിപ്പല്‍, ഒപ്പം കരുണാകരന്‍ സാറും, എന്നെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ചത് അവരായിരുന്നു. അവരുടെ പിന്തുണയോടെ നാടകങ്ങളെഴുതാന്‍ തുടങ്ങി. എന്റെ എഴുത്തുകള്‍ പുറംവെളിച്ചം കണ്ടതും അക്കാലത്താണ്. പ്രസിദ്ധീകരിക്കാന്‍ അധ്യാപകര്‍ രചനകള്‍ പുറത്തേക്ക് അയച്ചുകൊടുക്കുമായിരുന്നു. അങ്ങനെ ഒരു രചനയ്ക്ക് കോസ്മോ ബുക്കിന്റെ അംഗീകാരം കിട്ടി. എഴുത്തിനെ സീരിയസായി കാണുന്നത് അങ്ങനെയാണ്.
കോളജ് പഠനകാലത്ത് ആദ്യം ചേര്‍ന്നത് കമ്പ്യൂട്ടര്‍ സയന്‍സിനായിരുന്നു. അത് പൂര്‍ത്തിയാക്കിയില്ല. ഇതിനിടെ ബിബിഎ വിദൂരപഠനത്തിന് ചേര്‍ന്നു. പക്ഷേ അക്കാലയളവില്‍ ഗ്രാഫിക് ഡിസെെന്‍, മള്‍ട്ടിമീഡിയ, എഡിറ്റിങ് പഠനത്തിന് ചേര്‍ന്നു. പഠനം കഴിഞ്ഞയുടന്‍ ചെന്നെെയില്‍ ജോലി കിട്ടി.
അവിടെ വച്ച് ചില ഫിലിം മേക്കിങ് ക്ലാസുകളിലൊക്കെ പങ്കെടുത്തു. അങ്ങനെയിരിക്കെയാണ് ജീവിതത്തില്‍ വഴിത്തിരിവായി ആ ട്രെയിന്‍ യാത്ര സംഭവിക്കുന്നത്. ഒരു ദിവസം ചെന്നെെയില്‍ നിന്ന് നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഒപ്പമുണ്ടായിരുന്നത് നടി രേവതി. ട്രെയിനില്‍ വച്ചുതന്നെ പരിചയപ്പെട്ടു. കോഴിക്കോട്ടെത്തിയപ്പോള്‍ രേവതി ചേച്ചിയുടെ കാര്‍ വരാന്‍ അല്പം വെെകി. കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ അവസരം ലഭിച്ചു. പോകാന്‍ നേരം ചേച്ചി വിസിറ്റിങ് കാര്‍ഡ് തന്നു. തിരിച്ച് ചെന്നെെയിലെത്തിയപ്പോള്‍ വിളിച്ചു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. എഡിറ്റിങ് പരിചയമുണ്ട് എന്നറിയിച്ചു. രേവതി ചേച്ചിയുടെ ശുപാര്‍ശയിലാണ് കെ ഹരിഹരന്‍ എന്ന സംവിധായകന്റെ അടുക്കലെത്തുന്നത്. എന്നെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ അദ്ദേഹമാണ് സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കൂ എന്നുപറഞ്ഞത്.
ഇതിനിടയിലാണ് വിവാഹം. 22-ാം വയസില്‍. പിന്നീട് കുടുംബജീവിതത്തിന്റെ തിരക്കുകളായി. സിനിമ ഇടയ്ക്ക് എപ്പോഴോ മനസില്‍ നിന്നുംപോയി. ഗര്‍ഭിണിയായ കാലത്താണ് എഴുത്തും വായനയും സിനിമയും വീണ്ടും തിരിച്ചെത്തുന്നത്. മകന്‍ പിറന്ന് ഏറെ നാളുകള്‍ കഴിയുന്നതിനു മുമ്പുതന്നെ രേവതി ചേച്ചിയെ വീണ്ടും വിളിച്ചു. എനിക്ക് സിനിമ ചെയ്യണം. അസിസ്റ്റന്റായി കൂട്ടുമോ എന്നു ചോദിച്ചു. ചെന്നെെയില്‍ എന്തെങ്കിലും അവസരമുണ്ടെങ്കില്‍ പറയണേ എന്നുപറഞ്ഞു. ആയിടെയാണ് ‘കേരള കഫേ’ എന്ന ചിത്രത്തിലെ ‘മകള്‍’ എന്ന ഹ്രസ്വചിത്രം രേവതി ചേച്ചി സംവിധാനം ചെയ്യുന്നത്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്ന സമയം. ഒപ്പം നില്‍ക്കാന്‍ പറഞ്ഞു. അതായിരുന്നു തുടക്കം. രേവതി ചേച്ചി ചെയ്ത അടുത്ത ചിത്രമായ ‘റെഡ് ബില്‍ഡിംഗ് വെയര്‍ ദി സണ്‍സെറ്റ്‍‘ല്‍ അസിസ്റ്റന്റായി കൂടി.
അതുകഴിഞ്ഞ് എന്തുചെയ്യണമെന്ന് ആലോചിക്കുമ്പോഴാണ് രേവതിയുടെ മാനേജര്‍ സജിചേട്ടന്‍ സെവന്‍ ആര്‍ട്സുമായി പരിചയപ്പെടുത്തുന്നത്. ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിന്റെ തമിഴ് പതിപ്പ്. അവര്‍ക്ക് പ്രൊഡക്ഷന്‍ നോക്കി നടത്താന്‍ ഒരാള്‍ വേണം. ഞാന്‍ എന്തിനും റെഡി. സീരിയലിന്റെ പ്രൊഡക്ഷന്‍ വര്‍ക്ക് വലിയ പരിക്കുകളില്ലാതെ ചെയ്തതോടെ ആത്മവിശ്വാസമായി. സെവന്‍ ആര്‍ട്സ് വിജയകുമാര്‍ സാറിനെ കാണാന്‍ അക്കാലത്ത് സംവിധായകന്‍ പ്രിയദര്‍ശന്‍ സാര്‍ വരുമായിരുന്നു. അദ്ദേഹത്തോട് അസിസ്റ്റന്റ് ഡയറക്ടര്‍ മോഹം പറഞ്ഞു. അന്ന് അദ്ദേഹത്തോടൊപ്പം പത്തുപേരുണ്ട്. അതോടെ ആ പ്രതീക്ഷ മങ്ങി. സംസാരത്തിനിടെ അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഡിസൈനിങ്ങിന്റെ കാര്യം പറഞ്ഞു. “ഞാന്‍ ഡിസൈനിങ് ഒക്കെ പഠിച്ചിട്ടുണ്ട്. ഞാനിതൊക്കെ ചെയ്യും” എന്നുപറഞ്ഞു. “എന്നാല്‍ ശ്രമിച്ചുനോക്കൂ” എന്നായി പ്രിയന്‍ സാര്‍. മോഹന്‍ലാല്‍ നായകനായ ‘അറബിയും ഒട്ടകവും മാധവന്‍ നായരും’ ആയിരുന്നു സിനിമ. സുഹൃത്തായ ആര്‍ട്ട് ഡയറക്ടര്‍ മനു വഴി ജയറാം പോസ്റ്റര്‍വാലയെ വിളിച്ചു. ഒരുമിച്ച് സിനിമ ഏറ്റെടുത്തു. ഫോട്ടോഷൂട്ടും ഡിസൈനും പ്രൊഡക്ഷനും എല്ലാം. ആ സിനിമയോടെ പ്രൊഡക്ഷന്‍ രംഗത്ത് ധൈര്യമായി. ഇതിനിടെ നാട്ടില്‍ വരണമെന്ന ആഗ്രഹമുണ്ടായി. കൊച്ചിയില്‍ പ്രൊഡക്ഷന്‍ രംഗത്ത് സജീവമാകണമെന്നായി താല്പര്യം. അങ്ങനെയാണ് നാട്ടിലെത്തിയപ്പോള്‍ പി വി ഗംഗാധരന്‍ സാറിന്റെ സിനിമയില്‍ സ്വന്തമായി പ്രൊഡക്ഷന്‍ ചെയ്യാനുള്ള അവസരം ലഭിച്ചത്. ‘ഉയരെ‘യിലൂടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി.
കുട്ടിക്കാലത്ത് കൊണ്ടുനടന്ന ആരാധന വളര്‍ന്നപ്പോഴും ഉപേക്ഷിച്ചിരുന്നില്ല. പലതവണ ഷൂട്ടിങ് ലൊക്കേഷനുകളിലെത്തി ദൂരെ നിന്ന് മമ്മൂക്കയെ കണ്ടിട്ടുണ്ട്. പിന്നീട് നമ്പര്‍ തപ്പിയെടുത്ത് മെസേജ് അയയ്ക്കലും പതിവായി. ഒരു ദിവസം “എനിക്ക് ഒന്ന് നേരില്‍ കാണണം” എന്ന് മമ്മൂക്കയ്ക്ക് മെസേജ് അയച്ചു. തൊടുപുഴയ്ക്കടുത്ത് ലൊക്കേഷനിലായിരുന്നു മമ്മൂക്ക. വരാന്‍ പറഞ്ഞു. ചെന്നപ്പോള്‍ “നീയല്ലേ എന്നെ ഇടയ്ക്കിടെ മെസേജ് അയച്ച് ഫോളോ ചെയ്യുന്നത്” എന്നൊരു ചോദ്യം. സൗഹൃദത്തോടെയായിരുന്നു ചോദ്യം. “എന്താ ഉദ്ദേശ്യം” എന്ന് വീണ്ടും ചോദ്യം. “എനിക്കൊരു സിനിമ ചെയ്യണമെന്ന് ഞാന്‍”’ “ചെയ്തോ” എന്ന് മമ്മൂക്ക. “അതല്ല മമ്മൂക്കയെ വച്ച് സിനിമ ചെയ്യണം” തുറന്നുപറഞ്ഞു. “ഇപ്പോള്‍ ചെയ്യാന്‍ പറ്റുമോ, കുറച്ചുകൂടി സെറ്റായിട്ട് വാ” എന്ന് പറഞ്ഞുവിട്ടു. പിറ്റേന്നു മുതല്‍ മമ്മൂക്കയെ വച്ചുള്ള സിനിമയ്ക്കായുള്ള പ്രയത്നത്തിലായിരുന്നു ഞാന്‍. 2018ല്‍ ‘ഉയരെ’ ചെയ്യുന്ന സമയത്താണ് ഞാന്‍ ഒരു കഥയുമായി കാണാന്‍ വരട്ടെ എന്ന് വീണ്ടും ചോദിക്കുന്നത്. വരാന്‍ പറഞ്ഞു. ഒന്നുരണ്ട് ചെറിയ കഥകള്‍ പറഞ്ഞു. അതില്‍ ഒരെണ്ണം മമ്മൂക്കയ്ക്ക് ഇഷ്ടമായി. വലിയ ബജറ്റും ഒരുപാട് യാത്രയുമൊക്കെ വേണ്ടിവരുന്ന ചിത്രം. അതിന്റെ വര്‍ക്കുകള്‍ ആരംഭിക്കാനിരിക്കെയാണ് കോവിഡ് വരുന്നത്.
കോവിഡ് വന്നതോടെ ആ പ്രോജക്ട് നിലച്ചു. കോവിഡ് കഴിയട്ടെ, വലിയ സിനിമകള്‍ക്കുള്ള സാഹചര്യം ഉടനുണ്ടാവില്ലെന്ന് മമ്മൂക്ക പറഞ്ഞു. ചെറിയ സിനിമ വന്നാല്‍ നമുക്ക് നോക്കാം എന്നും പറഞ്ഞു. പിറ്റേന്ന് മുതല്‍ ചെറിയ സിനിമയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിലായി. അങ്ങനെയിരുന്നപ്പോഴാണ് ഹര്‍ഷദിക്ക തന്റെ കയ്യില്‍ ഒരു ചെറിയ കഥയുണ്ട് എന്ന് പറയുന്നത് ഞാന്‍ നേരത്തെ മമ്മൂക്കയോട് പറഞ്ഞ കഥ തിരക്കഥയാക്കുന്നത് ഹര്‍ഷദിക്കയായിരുന്നു. മമ്മൂക്ക ചെയ്തിട്ടില്ലാത്ത, പ്രത്യേക മാനറസിങ്ങളുള്ള ഒരു നെഗറ്റീവ് കഥാപാത്രം. മമ്മൂക്കയോട് കഥ പറഞ്ഞു. ഇഷ്ടമായി. അങ്ങനെയാണ് ‘പുഴു’ എന്ന സിനിമ യാഥാര്‍ത്ഥ്യമാവുന്നത്. അന്നത്തെ സാഹചര്യത്തില്‍ സിനിമ ഒടിടി റിലീസായിരുന്നു.
തിരക്കഥാകൃത്ത് ഷാഹി കബീര്‍ സുഹൃത്തായിരുന്നു. ഷാഹി വഴിയാണ് തിരക്കഥാകൃത്ത് ഷാജി മാറാടിനെ പരിചയപ്പെടുന്നത്. അങ്ങനെയാണ്. ‘പാതിരാത്രി‘യുടെ കഥ കേള്‍ക്കുന്നത്. നവ്യ എന്റെ സുഹൃത്താണ്. ഒരു നവരാത്രിക്ക് നവ്യയെ കണ്ടപ്പോള്‍ “നമുക്ക് ബാലാമണിയെ ഒന്ന് മാറ്റിപ്പിടിച്ചാലോ, ഒരു പൊലീസ് വേഷം കൈയ്യിലുണ്ട്” എന്നു പറഞ്ഞു. മുഴുനീള പൊലീസ് വേഷം നവ്യ ചെയ്തിട്ടില്ല. നവ്യക്കും കഥ ഇഷ്ടമായി. ഇതിനിടെ സൗബിനുമായി വേറൊരു സിനിമയുടെ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. രണ്ട് പൊലീസുകാരുടെ കഥയാണ് ‘പാതിരാത്രി’. സൗബിനോട് നവ്യക്കൊപ്പം അഭിനയിക്കാമോയെന്ന് ചോദിച്ചു. സൗബിന്‍ റെഡിയായിരുന്നു. ഇതോടെ സിനിമ പ്രതീക്ഷിച്ചതിലും വലിയൊരു ചിത്രമായി മാറി.
ഷാജി മാറാട് പൊലീസ് ഉദ്യോഗസ്ഥനായതിനാല്‍ പൊലീസ് പശ്ചാത്തലത്തെക്കുറിച്ച് ഒരു ധാരണയുണ്ടായിരുന്നു. പുരുഷ പൊലീസുകാരുടെ മാനറിസത്തില്‍ നിന്നും വ്യത്യസ്തമാണ് എസ്ഐ റോളിലുള്ള നവ്യയുടെ വേഷം. വനിതാ പൊലീസുകാരെ ഞങ്ങള്‍ക്ക് അത്ര അടുത്തറിയില്ല. അപ്പോഴാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്ഐ വനിതയാണ് എന്നറിയുന്നത്. ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് പെര്‍മിഷന്‍ വാങ്ങി നവ്യ എസ്ഐ ഷാഹിനയെ കാണാനെത്തി, അടുത്തറിഞ്ഞു. ഷൂട്ടിങ് സമയത്ത് കുമളിയിലെ വണ്ടിപ്പേട്ട പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരുപാട് സഹായമുണ്ടായി. ‘പാതിരാത്രി‘യില്‍ അഭിനയിച്ചിരിക്കുന്ന പലരും യഥാര്‍ത്ഥ പൊലീസുകാരാണ്.
സത്യത്തില്‍ എല്ലാവര്‍ക്കും എന്റെ രണ്ടാമത്തെ പടം ഇറങ്ങുന്നു എന്നത് മാത്രമായിരുന്നു. ആദ്യ ഷോ നടക്കുമ്പോള്‍ ഞാന്‍ തിയേറ്ററില്‍ കയറിയില്ല. ‘ഷേണായീസി‘ന് മുന്നിലൂടെ നടക്കുകയായിരുന്നു. ലേബര്‍ റൂമില്‍ ഒരു സ്ത്രീ അനുഭവിക്കുന്നതുമാതിരി ടെന്‍ഷനായിരുന്നു അപ്പോള്‍. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ സിനിമ ഓകെയാണ് എന്ന് പലരും പറഞ്ഞുതുടങ്ങി. അപ്പോഴാണ് ശ്വാസം വീണത്.
ഞാന്‍ മലയാള സിനിമയുടെ സാങ്കേതിക രംഗത്തേക്ക് കടന്നുവന്നപ്പോള്‍ സെറ്റുകളില്‍ സ്ത്രീകള്‍ വിരളമായിരുന്നു. ഇന്ന് അതില്‍ നിന്നൊക്കെ ഇന്‍ഡസ്ട്രി ഒരുപാട് വളര്‍ന്നു. സ്ത്രീ ടെക്നീഷ്യന്മാര്‍ വര്‍ധിക്കുന്നുണ്ട്. പക്ഷെ, മൊത്തത്തില്‍ എടുക്കുമ്പോള്‍ വളരെ കുറച്ച് ശതമാനം മാത്രമാണത്. വനിതാ സംവിധായകര്‍ പലരും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും സ്ഥിരമായി നിലനില്‍ക്കുന്നില്ല. ഒരുപക്ഷെ സ്വന്തം സാഹചര്യങ്ങളാവാം. അല്ലെങ്കില്‍ എന്തൊക്കെയോ സമ്മര്‍ദങ്ങളാവാം. സ്ത്രീകള്‍ക്ക് അംഗീകാരം കിട്ടുക എന്നത് വളരെ കഷ്ടപ്പാടുള്ള കാര്യമാണ്. “സ്ത്രീകള്‍ക്ക് അത് ചെയ്യാന്‍ പറ്റുമോ, ഇത് ചെയ്യാന്‍ പറ്റുമോ” എന്നൊക്കെയുള്ള ഒരു സ്വാഭാവിക സംശയം പൊതുസമൂഹത്തില്‍ എവിടെയുമുണ്ട്. വീട്ടുകാര്യങ്ങളില്‍ ആ സംശയം ആര്‍ക്കുമില്ല. അവസരങ്ങള്‍ സ്ത്രീകള്‍ തന്നെ ഉണ്ടാക്കിയെടുക്കണം. ഏത് മേഖലയിലായാലും ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവരുന്നതും സ്ത്രീകളാണ്. അവര്‍ എക്സ്ട്രാ ഓര്‍ഡിനറിയാണെന്ന് തെളിയിച്ചുകഴിഞ്ഞാല്‍ മാത്രമേ പരിഗണിക്കപ്പെടു. അവര്‍ അംഗീകരിക്കപ്പെടൂ. അതൊരു യാഥാര്‍ത്ഥ്യമാണ്.
സിനിമ ധാരണയായിട്ടുണ്ട്. കഥയുണ്ട് സ്വന്തം തിരക്കഥയില്‍ ഒരു സിനിമ ഉടന്‍ ഉണ്ടാവില്ല. അതിന് കുറച്ചുകൂടി ആത്മവിശ്വാസം വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.