22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

നടന വൈഭവത്തിന്റെ നിറഞ്ഞാട്ടം; നരേന്ദ്രപ്രസാദിന്റെ ഓർമ്മകൾക്ക് രണ്ട് വയസ്

Janayugom Webdesk
November 3, 2025 10:24 am

സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ തുടങ്ങി ആടിയ വേഷങ്ങളിലെല്ലാം കൈയൊപ്പ് ചാർത്തിയാണ് നരേന്ദ്രപ്രസാദ് മറഞ്ഞത്. മലയാള സിനിമയിലെ ക്ഷോഭിക്കുന്ന നടന്‍, ആയിരം മുഖങ്ങള്‍, ആയിരം ഭാവങ്ങള്‍.. വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഭാവുകത്വം പകര്‍ന്നു നൽകിയ അതുല്യ നടന്‍. ഒരു പ്രത്യേക കാറ്റഗറിയില്‍ അല്ലെങ്കില്‍ ഒരു വേഷത്തില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ സാധിക്കുന്നതായിരുന്നില്ല ആ നടന വൈഭവത്തെ. പ്രതിനായകന്‍, വില്ലന്‍, രാഷ്ട്രീയക്കാരന്‍, അച്ഛന്‍, മുത്തച്ഛന്‍ ഇങ്ങനെ എത്രയോ കഥാപാത്രങ്ങൾ കൊണ്ട് നരേന്ദ്രപ്രസാദ് മലയാളികളുടെ മനസ് നിറച്ചു.

മനസ് കീഴടക്കിയ കുളപ്പുള്ളി അപ്പന്‍

ആറാം തമ്പുരാനിലെ ‘കുളപ്പുള്ളി അപ്പന്‍’, ആലഞ്ചേരി തമ്പ്രാക്കളിലെ ‘ചന്ദപ്പന്‍ ഗുരുക്കള്‍’, സുകൃതത്തിലെ ‘ഡോക്ടര്‍’, ആയിരപ്പറയിലെ ‘പദ്‍മനാഭ കൈമള്‍’, ഏകലവ്യനിലെ ‘സ്വാമി അമൂര്‍ത്താനന്ദ’, മേലേപ്പറമ്പില്‍ ആണ്‍വീടിലെ ‘ത്രിവിക്രമന്‍ പിള്ള’… അങ്ങനെ നീളുന്നു അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ. ആകാരത്തിലും അഭിനയത്തിലും ശബ്‍ദത്തിലും ഒറ്റയടിക്ക് ശ്രദ്ധിക്കപ്പെടുന്ന ഈ അഭിനേതാവിനെ മലയാള സിനിമാലോകം വേഗത്തില്‍ തിരിച്ചറിഞ്ഞു. ഇന്ന് (നവംബർ 3) അദ്ദേഹം ഓർമ്മയായിട്ട് 2 വർഷം.

തലമുറകളുടെ പ്രിയപ്പെട്ട അധ്യാപകൻ 

1945 ഒക്ടോബർ 26ന് മാവേലിക്കരയിൽ ആയിരുന്നു ജനനം. തലമുറകളുടെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്നു അദ്ദേഹം. മാവേലിക്കര ബിഷപ്പ് മൂർ കോളജ്, പന്തളം എൻഎസ്എസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളജ്, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസ്സുകള്‍ക്ക് മറ്റു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ പോലും ചെന്നിരിക്കുമായിരുന്നു. ഷേക്സ്പിയര്‍ ക്ലാസുകള്‍ക്കായിരുന്നു ആരാധകര്‍ ഏറെ. ഓരോ കഥാപാത്രങ്ങളുടെ ഡയലോഗ് മോഡുലേഷനുകള്‍ ഒരു നാടകവേദിയിലെന്നപോലെ അദ്ദേഹം പുനരാവിഷ്കരിക്കുമായിരുന്നെന്ന് വിദ്യാർത്ഥികൾ അനുസ്‍മരിച്ചിട്ടുണ്ട്. 1980-കളിലാണ് അദ്ദേഹം നാടക രംഗത്ത് സജീവമാകുന്നത്.

നാടകസംഘത്തിലൂടെ സിനിമയിലേക്ക്

അദ്ദേഹത്തിന്റെ നാട്യഗൃഹം എന്ന നാടകസംഘം കേരളത്തിലെ നാടക ചരിത്രത്തിലെ പ്രധാന ഏടായി. 14 നാടകങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ശ്യാമപ്രസാദിന്റെ ‘പെരുവഴിയിലെ കരിയിലകള്‍’ എന്ന ടെലിഫിലിമിലൂടെയാണ് ആദ്യം കാമറക്ക് മുന്നിലെത്തി. മലയാള സിനിമയിലെ ശബ്‍ദസാന്നിധ്യമായും അദ്ദേഹം കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. ഭരതൻ സംവിധാനം ചെയ്‌ത വൈശാലിയില്‍ ബാബു ആന്റണി അവതരിപ്പിച്ച ‘ലോമപാദ രാജാവി‘ന് ശബ്‍ദം പകര്‍ന്നത് നരേന്ദ്രപ്രസാദ് ആയിരുന്നു. പി ശ്രീകുമാർ സംവിധാനം ചെയ്ത ‘അസ്ഥികള്‍ പൂക്കുന്നു’ എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ് സ്ക്രീനില്‍ അഭിനേതാവായി. 14 വര്‍ഷം കൊണ്ട് 120ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ‘കച്ചവട സിനിമയിലാണ് ഞാന്‍ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ് അതിലില്ല. സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കല്‍പ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ’, ചലച്ചിത്രതാരം എന്ന നിലയില്‍ പ്രശസ്‍തിയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇതായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.