
കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം കുട്ടികളുടെ സുരക്ഷയെക്കരുതി വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട ജനപ്രിയ ‘ലബൂബു’ കളിപ്പാട്ടങ്ങൾ വ്യാജമാണെന്ന് ഔദ്യോഗിക വിതരണക്കാരായ പോപ് മാർട്ട് അറിയിച്ചു. ലബൂബു കളിപ്പാട്ടങ്ങളുടെ ചില ഭാഗങ്ങൾ എളുപ്പത്തിൽ വേർപെട്ട് പോവുകയും അത് കുട്ടികളിൽ ശ്വാസംമുട്ടലിന് സാധ്യതയുണ്ടാക്കുകയും ചെയ്യുമെന്ന നിർമ്മാണപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം TOY3378 Labubu എന്ന കോഡിലുള്ള ഉൽപ്പന്നം തിരിച്ചുവിളിക്കാൻ നിർദ്ദേശിച്ചത്. ഉൽപ്പന്നം വാങ്ങിയവർക്ക് തിരികെ നൽകി പണം തിരികെ വാങ്ങാമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ, കുവൈത്ത് തിരിച്ചുവിളിച്ച TOY3378 എന്ന ഉൽപ്പന്നം യഥാർത്ഥ ‘ലബൂബു’ കളിപ്പാട്ടങ്ങൾ അല്ലെന്നും, തങ്ങൾ ഇത് നിർമ്മിക്കുകയോ വിൽക്കാൻ അംഗീകാരം നൽകുകയോ ചെയ്തിട്ടില്ലെന്നും പോപ് മാർട്ട് വിശദീകരിച്ചു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കമ്പനി എടുത്തുപറഞ്ഞു.
വിപണിയിൽ എത്തിയിട്ടുള്ള അപകടകരമായ വ്യാജ കളിപ്പാട്ടങ്ങൾ സംബന്ധിച്ച് കുവൈത്തിലെ അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വ്യക്തമാക്കിയതായി പോപ് മാർട്ട് അറിയിച്ചു. തങ്ങളുടെ യഥാർത്ഥ ‘ലബൂബു’ ഉൽപ്പന്നങ്ങൾ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുകയും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നുണ്ടെന്നും കമ്പനി ഉറപ്പിച്ചു പറഞ്ഞു. കുവൈത്തിലേതുൾപ്പെടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളോട് ഔദ്യോഗിക ചാനലുകൾ (ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, അംഗീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, റീട്ടെയിൽ കടകൾ) വഴി മാത്രം ലബൂബു കളിപ്പാട്ടങ്ങൾ വാങ്ങാൻ കമ്പനി ശക്തമായി നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.