21 December 2025, Sunday

എച്ച്പിവി വാക്സിനേഷന്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി; യോഗമില്ല, ബഡ്ജറ്റില്ല, ഫയലുമില്ല

*രണ്ട് വര്‍ഷമായിട്ടും നിര്‍മ്മാണം ആരംഭിച്ചില്ല 
Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2025 10:46 pm

2024 ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ വാഗ്ദാനം ചെയ്ത പെണ്‍കുട്ടികളിലെ ഗര്‍ഭാശയഗള കാന്‍സര്‍ (എച്ച്പിവി) ചെറുക്കാനുള്ള വാക്സിനേഷന്‍ പദ്ധതി കടലാസില്‍ ഒതുങ്ങി. അതേസമയം കേരളത്തില്‍ ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ എച്ച്പിവി വാക്സിനേഷന്‍ പദ്ധതി ആരംഭിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷവും എച്ച്പിവി പദ്ധതി സംബന്ധിച്ച് നാളിതുവരെ യോഗമോ, ഫയലോ, ബജറ്റ് വിഹിതമോ വകയിരുത്തിയിട്ടില്ലെന്ന് വിവരാവകാശ മറുപടിയില്‍ മന്ത്രാലയം വ്യക്തമാക്കി. മധ്യപ്രദേശ് സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ഗൗഡ് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് മോഡി സര്‍ക്കാരിന്റെ മറ്റൊരു ജനവഞ്ചന കൂടി അനാവരണം ചെയ്യപ്പെട്ടത്.
ഇന്ത്യയില്‍ സ്ത്രീകളില്‍ കണ്ടു വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അര്‍ബുദമാണ് ഗര്‍ഭാശയഗള അര്‍ബുദം അഥവാ സെർവിക്കൽ കാൻസർ. ഹ്യുമൻ പാപ്പിലോമാ വൈറസ് (എച്ച്പിവി) ആണ് രോഗത്തിന് കാരണം. ഇന്ത്യയിലെ കാൻസർ മരണങ്ങളിൽ 10% സെർവിക്കൽ കാൻസർ കാരണമാണ്. 

ശരിയായ പ്രായത്തിലുള്ള വാക്സിനേഷനും സ്ഥിരമായ സ്ക്രീനിങ്ങും എച്ച്പിവിയുമായി ബന്ധപ്പെട്ട കാൻസറുകളുടെ സാധ്യത ഗണ്യമായി കുറയ്ക്കും. സെർവിക്കൽ കാൻസർ നേരത്തെ കണ്ടെത്തിയാൽ പൂർണമായി സുഖപ്പെടുത്താവുന്ന രോഗമാണ്. ഇവ കണക്കിലെടുത്താണ് രോഗത്തെ ചെറുക്കുന്ന വാക്സിന്‍ നിര്‍മ്മാണത്തിന് തയ്യാറെടുക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത്. എന്നാല്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും ഇതുവരെ വാക്സിന്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭംഘട്ടം പോലും ആരംഭിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് സാധിച്ചില്ല.

വാക്സിന്‍ നിര്‍മ്മാതാക്കളുമായി കരാറില്‍ പോലും ഏര്‍പ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് വിവരാവകാശ മറുപടി. ബജറ്റ് വിഹിതം അനുവദിക്കാത്തത് കൊണ്ട് തന്നെ ഇതുവരെ തുക ചെലവഴിച്ചതായും രേഖയില്ല. യുണിവേഴ്സല്‍ ഇമ്മ്യുണൈസേഷന്‍ പ്രോഗ്രാം (യുഐപി) പ്രകാരം നിലവില്‍ 12 വാക്സിന്‍ പ്രതിരോധ രോഗങ്ങള്‍ (വിപിഡിഎസ്) ക്കെതിരെ വാക്സിനുകള്‍ നല്‍കുന്നുണ്ട്. എച്ച്പിവി വാക്സിന്‍ ഇതുവരെ ഈ പദ്ധതിയുടെ ഭാഗമായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം മറുപടിയില്‍ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.