
ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രതിനിധി കുഴഞ്ഞുവീണു. ക്ഷണിക്കപ്പെട്ട രണ്ട് മരുന്ന് കമ്പനികളിലൊന്നായ എലി ലില്ലിയുടെ പ്രതിനിധിയായ ഗോർഡൻ എന്നയാളാണ് കുഴഞ്ഞുവീണത്.
ട്രംപ് ഇരുന്നിരുന്ന റെസല്യൂട്ട് ഡെസ്‌കിന് പിന്നിൽ ട്രംപിന്റെ ഉദ്യോഗസ്ഥരോടും ആരോഗ്യ സംരക്ഷണ എക്സിക്യൂട്ടീവുകളോടുമൊപ്പമാണ് ഇദ്ദേഹം നിന്നിരുന്നത്. പരിപാടി തുടങ്ങി 30 മിനിറ്റോളം അതിഥികൾ പ്രസിഡന്റിനും മറ്റുള്ളവർക്കും വേണ്ടി എഴുന്നേറ്റ് നിൽക്കുകയായിരുന്നു. ഇതിനിടെ കുഴഞ്ഞുവീണ ഗോർഡനെ ട്രംപിന്റെ മെഡികെയ്ഡ് സർവീസസ് അഡ്മിനിസ്ട്രേറ്ററായ മെഹ്മത് ഓസ് പരിശോധിച്ചു. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഓസ് അറിയിച്ചു. തുടർന്ന് മാധ്യമങ്ങളെ മുറിയിൽ നിന്ന് പുറത്താക്കുകയും പരിപാടി ഒരു മണിക്കൂറോളം നിർത്തിവെക്കുകയും ചെയ്തു. അദ്ദേഹത്തിന് തലകറക്കമുണ്ടായതാണെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും പിന്നീട് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
പുനരാരംഭിച്ച ചർച്ചയിൽ ശരീരഭാരം കുറയ്ക്കുന്ന മരുന്നുകളുടെ വില കുറയ്ക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ ഭീമന്മാരായ എലി ലില്ലി, നോവോ നോർഡിസ്ക് എന്നിവരുമായി കരാറിലെത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. രണ്ട് കമ്പനികളും ജിൽപി-1 എന്ന മരുന്ന് വിലക്കുറവിൽ നൽകാൻ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. എലി ലില്ലിയും നോവോ നോർഡിസ്കും സെപ്ബൗണ്ട്, വെഗോവി എന്നീ കമ്പനികളുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ടൈപ്പ് 2 പ്രമേഹം, അമിതഭാരം എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ജിൽപി-1 അഗോണിസ്റ്റുകൾ സമീപകാലത്ത് അമേരിക്കയിൽ വലിയ പ്രചാരം നേടിയിരുന്നു. എന്നിരുന്നാലും ഈ മരുന്നുകൾക്ക് പ്രതിമാസം ആയിരം ഡോളറിൽ അധികം ചെലവ് വരുന്നതിനാൽ സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.