23 January 2026, Friday

ഭിന്നശേഷിക്കാര്‍ക്കെല്ലാം യുഡിഐഡി കാര്‍ഡ് നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി

Janayugom Webdesk
തൃശൂര്‍
November 7, 2025 4:21 pm

എല്ലാ ഭിന്നശേഷി വ്യക്തികള്‍ക്കും യുഡിഐഡി കാര്‍ഡ് വിതരണം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറാനുള്ള ലക്ഷ്യത്തിലാണ് കേരളമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു. തന്മുദ്ര യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ടത്തില്‍ തൃശൂര്‍ ജില്ലയിലും കോട്ടയം ജില്ലയിലുമാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 

ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടുകൂടി വൈവിധ്യപൂര്‍ണ്ണമായ പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് ഭിന്നശേഷി ശാക്തീകരണത്തിന്റെയും പുനരധിവാസത്തിന്റെയും മേഖലയില്‍ പുതിയ മാതൃകകള്‍ സൃഷ്ടിച്ചാണ് സാമൂഹിക നീതി വകുപ്പ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിത്വവുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്നതിന് ഇന്ന് അനിവാര്യമായ ഒന്നാണ് യുഡിഐഡി കാര്‍ഡ്. സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യു.ഡി.ഐ.ഡി കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നതിനും മെഡിക്കല്‍ ബോര്‍ഡില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും സഹായകമാകുകയാണ് തന്മുദ്രയിലൂടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതുവരെ യുഡിഐഡി കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവരെ കണ്ടെത്തി യു.ഡി.ഐ.ഡി. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനും ഭിന്നശേഷിക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കുടുംബശ്രീയുടെ സഹകരണത്തോടെ പുതിയൊരു ഡ്രൈവിനാണ് തുടക്കംകുറിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തില്‍ സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനിലും നടത്തും. അങ്കണവാടി കേന്ദ്രീകരിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ യു.ഡി.ഐ.ഡി രജിസ്‌ട്രേഷന്‍ നടത്തുന്നതിനു വേണ്ട ട്രെയിനിങ്ങും ഉദ്ഘാടനത്തിന് ശേഷം സംഘടിപ്പിച്ചു. 

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി എം സാനി അധ്യക്ഷത വഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. സൗമ്യ, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ ആര്‍ പ്രദീപന്‍, ഡെപ്യുട്ടി ഡിഎംഒ ഡോ. സുജ്‌ല, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ പി സജീവ്, വയോമിത്രം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ റിനീഷ് തിരുവള്ളൂര്‍ എന്നിവര്‍ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.