
ദൂരെയൊരു വീട്ടിലെ റേഡിയോയിൽ വല്ലപ്പോഴും യേശുദാസിന്റെ പാട്ട് കേൾക്കാറുള്ളത് മാത്രമാണ് കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ ശോഭനയ്ക്ക് സംഗീതവുമായുള്ള ഏകബന്ധം. പാട്ടെഴുതുന്നതും ട്യൂണിടുന്നതുമെല്ലാം പാട്ടുകാരൻ തന്നെയാണെന്നാണ് അന്ന് ആ പെൺകുട്ടി കരുതിയത്. പ്രീഡിഗ്രി പ്രായത്തിൽ അയൽവാസിയായ കുളത്തൂപ്പുഴ രവിയെന്ന സംഗീത മാനസന്റെ കരം ഗ്രഹിച്ച് ചെന്നൈയിൽ ചെന്ന് ഏറെ നാൾ കഴിഞ്ഞാണ് ഓരോ ചലച്ചിത്ര ഗാനത്തിന്റെയും ഇതൾ വിരിയുന്നതിന്റെ പൊരുൾ ശോഭന അറിയുന്നത്.
ചിരിയിൽ പൊതിഞ്ഞ് ശോഭന പറയും, “കല്യാണം കഴിച്ചപ്പോൾ പോലും രവിയേട്ടന് മദ്രാസിൽ എന്താണുദ്യോഗമെന്ന് എനിക്കറിയില്ലായിരുന്നു.” വഴികാട്ടാൻ ആരോരുമില്ലാതെ ചെന്നെയിലെ സിനിമാ ലോകത്തെത്തുന്ന തുടക്കക്കാർ നേരിടുന്ന എല്ലാ വ്യഥകളും ഇരുവരും അനുഭവിച്ചു. വീടുകൾ മാറി മാറിയുള്ള ജീവിതം. വാടക കഴിഞ്ഞ് വീട്ടു ചെലവിന് മിച്ചം പിടിക്കാൻ ഒന്നുമില്ലാതെ പ്രയാസപ്പെട്ട നാളുകൾ. ആലാപനമോഹമുപേക്ഷിച്ച് ഒരു നാൾ ഈണങ്ങളെ പുൽകിയ കുളത്തൂപ്പുഴ രവിക്ക് രവീന്ദ്രൻ മാസ്റ്ററാകാൻ ഏറെ നാൾ വേണ്ടി വന്നില്ല.
സംഗീത ലോകം എന്നും ഓമനിക്കുന്ന ഒറ്റക്കമ്പിനാദവും ഹരിമുരളീരവവും പ്രമദവനവും മഞ്ഞക്കിളിയുടെ മൂളിപ്പാട്ടും പോലെ തേനും വയമ്പും ചാലിച്ച് ഏഴു സ്വരങ്ങളും തഴുകിയൊഴുകിയ ഗാനകുസുമങ്ങൾ എത്രയെത്ര… പല്ലവിയും അനുപല്ലവിയും പോലെ രവീന്ദ്രന്റെ സംഗീത യാത്രയിലുടനീളം ശ്രുതി മീട്ടിയ പ്രിയസഖി ശോഭനയുടെ സ്മൃതിചിത്രങ്ങളിലൂടെ…
മദ്രാസിലെ മാമൻ
കുട്ടിക്കാലത്തൊന്നും ഞാൻ അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ല. ഞാൻ നാലിലോ അഞ്ചിലോ പഠിക്കുന്ന കാലത്തു തന്നെ തിരുവനന്തപുരത്തെ സംഗീത പഠനം കഴിഞ്ഞ് രവിയേട്ടൻ മദ്രാസിലേക്ക് പോയിരുന്നു. സഹോദരി രാജമ്മയുടെ മകൾ പ്രസന്ന എന്റെയൊപ്പം കുളത്തൂപ്പുഴ സ്കൂളിൽ പഠിച്ച കുട്ടിയാണ്. പഠിക്കാനും കളിക്കാനുമൊക്കെ ഞാനെപ്പോഴും ആ വീട്ടിൽ പോകുമായിരുന്നു. കുട്ടികളെല്ലാം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, അവർക്ക് മദ്രാസിലൊരു മാമനുണ്ടെന്ന്. നേരിൽ കണ്ടിട്ടില്ലെങ്കിലും എനിക്കും അദ്ദേഹം മാമനായി. വല്ലപ്പോഴുമൊരിക്കൽ നാട്ടിലെത്തുമ്പോൾ മിന്നായം പോലെ ഒന്നു കണ്ടാലായി. 1973 ൽ പിതാവിന്റെ മരണമറിഞ്ഞ് മദ്രാസിൽ നിന്നെത്തിയ അദ്ദേഹം ചടങ്ങുകൾ തീരും വരെ വീട്ടിലുണ്ടായിരുന്നു. ആ 16 ദിവസങ്ങളിലെ അടുപ്പമാണ് വഴിത്തിരിവായത്. ഞാനന്ന് അഞ്ചൽ സെന്റ് ജോൺസ് കോളജിൽ പ്രീഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥിനിയാണ്. ഇഷ്ടമാണെന്നും, കല്യാണം കഴിക്കാമെന്നും അന്നൊരു ദിവസം എന്നോട് പറഞ്ഞെങ്കിലും ആ പ്രായത്തിൽ മറുപടി പറയാൻ എനിക്കായില്ല. ഒരു ദിവസം അദ്ദേഹം എന്റെ വീട്ടിൽ വന്ന് മകളെ കെട്ടിച്ചു തരാമോ എന്ന് നേരിട്ടു ചോദിച്ചു. ഇല്ലെന്ന് തീർത്തു പറഞ്ഞ അമ്മ എന്നെ കണക്കിന് ശകാരിക്കുകയും ചെയ്തു. നാട്ടിൻപുറമല്ലേ, ഇതിനിടെ ഞങ്ങളെ ചുറ്റിപ്പറ്റി കഥകളുമിറങ്ങി. രണ്ടു വീട്ടുകാരുടെയും സമ്മതം കിട്ടില്ലെന്നുറപ്പായതോടെ തിരുവനന്തപുരം കിള്ളിപ്പാലം സബ് രജിസ്ട്രാർ ഓഫീസിൽ ചെന്ന് കല്യാണം നടത്തി. പ്രണയ വിവാഹമല്ല, വാശിക്കല്യാണം എന്നും പറയാം. മദ്രാസിലെ മാമൻ അന്നു തൊട്ട് എന്റെ രവിയേട്ടനായി.
ഗാനമേളകളിലൂടെ വീണ്ടും കോടമ്പാക്കം
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാഡചെന്നൈയിലേയ്ക്ക് അവസാന മടക്കംമിയിലെ പഠനം കഴിഞ്ഞിറങ്ങിയ കാലത്തു തന്നെ തണ്ടർ ബേർഡ്സ് എന്നൊരു ഗാനമേള ട്രൂപ്പ് സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ചിരുന്നു. ഹിന്ദി ഗായകനായിരുന്നു രവിയേട്ടൻ. പിന്നീട് കുറച്ചു നാൾ കൊല്ലത്ത് കെ എസ് ജോർജിന്റെ ട്രൂപ്പിലും പാടി. നാമമാത്രമായ വരുമാനം മാത്രം. വല്ലാതെ ഞെരുങ്ങി. അങ്ങനെയാണ് എന്തും വരട്ടെയെന്നു കരുതി വീണ്ടും മദ്രാസിലേക്ക് പോയത്. കല്യാണത്തിനു മുമ്പ് സിനിമയിൽ പാടാൻ അവസരം തേടി കോടമ്പാക്കത്തെ തെരുവുകളിലൂടെ അലഞ്ഞു നടന്ന നിരാശ ഉള്ളിലുണ്ടെങ്കിലും നേരിയ പ്രതീക്ഷ മനസിലുണ്ടായിരുന്നു. 1975 ജനുവരിയിൽ ഞങ്ങളൊന്നിച്ച് മദ്രാസ് ജീവിതം തുടങ്ങി. പ്രതിമാസം 75 രൂപയ്ക്ക് അഡയാറിൽ ഒരു വാടക വീടെടുത്തു. കുളത്തൂപ്പുഴയെന്ന കുഗ്രാമം മാത്രം കണ്ടിട്ടുള്ള എനിക്ക് മദിരാശി പട്ടണം ഒരു വിസ്മയ ലോകമായിരുന്നു. മലയാളം, തമിഴ് പാട്ടുകളിൽ കോറസ് പാടാനുള്ള അവസരം രവിയേട്ടന് ഇടയ്ക്കിടെ കിട്ടിത്തുടങ്ങി. ‘വെള്ളിയാഴ്ച’ എന്നൊരു ചിത്രത്തിൽ ബാബുരാജിന്റെ ഈണത്തിൽ ഒരു പാട്ടു പാടിയെങ്കിലും പിന്നീട് കാര്യമായ അവസരങ്ങൾ വരാതായപ്പോൾ ഡബ്ബിങ്ങിലേക്ക് തിരിഞ്ഞു. അക്കാലത്തെ പ്രണയ നായകൻ രവികുമാറിന് എല്ലാ ചിത്രങ്ങളിലും ശബ്ദം നൽകിയത് രവിയേട്ടനാണ്. രവികുമാറിന് സിനിമകൾ കുറഞ്ഞത് ഞങ്ങൾക്കും തിരിച്ചടിയായി. അക്കാലത്ത് ഒരു കോറസിനിടെയാണ് യേശുദാസുമായി അടുപ്പത്തിലാവുന്നത്. അതിനു മുമ്പ് ദാസേട്ടനെ നേരിൽ അറിയില്ലായിരുന്നു. അക്കാഡമിയിൽ തന്റെ ജൂനിയറായി പഠിച്ചയാളാണെന്ന് അറിഞ്ഞതോടെ ദാസേട്ടന്റെ ഇഷ്ടം കൂടി. അക്കാലത്ത് മദ്രാസിലെ ചില നാടക സംഘക്കാർക്കൊപ്പവും പാടാൻ പോയിട്ടുണ്ട്. പാട്ടും സംഗീതവുമായി രാപകൽ ഓടി നടന്നാണ് വാടക തുകയൊക്കെ കണ്ടെത്തിയത്. ഇരട്ടക്കുട്ടികളും പിന്നീട് മൂന്നാമനും ജനിച്ചതോടെ കൂടുതൽ വരുമാനം കണ്ടെത്തിയേ മതിയാവൂ എന്ന നിലയായി. സാമ്പത്തിക പ്രതിസന്ധി വല്ലാതെ ഉലച്ചപ്പോൾ ലോണെടുത്ത് ഒന്നോ രണ്ടോ കാർ വാങ്ങി സിനിമാ സെറ്റുകാർക്ക് വാടകയ്ക്ക് നൽകി വരുമാനം കണ്ടെത്താമെന്നും കരുതി. ആദ്യം അഭിപ്രായം തേടിയത് ദാസേട്ടനോടു തന്നെ. “പാട്ടുകാരനാകണമെന്ന മോഹം മാറ്റിവച്ച് നിനക്ക് എന്തു കൊണ്ട് സംഗീതം ചെയ്തുകൂടാ.” എന്ന ദാസേട്ടന്റെ ചോദ്യം ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു. പാട്ടുപാടാൻ പോലും സിനിമക്കാർ ചാൻസ് തരുന്നില്ല. പിന്നല്ലേ സംഗീതം എന്നൊക്കെ മറുന്യായങ്ങൾ നിരത്തിയെങ്കിലും ദാസേട്ടൻ വിട്ടില്ല. ദേവരാജൻ മാഷും ദക്ഷിണാമൂർത്തി സ്വാമിയും അർജുനൻ മാഷുമൊക്കെ നിറഞ്ഞു നിൽക്കുമ്പോൾ തനിക്കൊരിടം കിട്ടുമോ എന്ന ചിന്തയുണ്ടായത് സ്വാഭാവികം.
ഹിറ്റ് മേക്കർ ശശികുമാർ ‘ചൂള’ എന്നൊരു പടത്തിന്റെ പണിപ്പുരയിലായിരുന്നു അന്ന്. സത്യൻ അന്തിക്കാടും പൂവച്ചൽ ഖാദറുമാണ് ഗാനരചന. സംഗീതവും ആലാപനവും യേശുദാസിന് പറഞ്ഞു വച്ച ചിത്രം. ശശികുമാർ സാറിനോട് ദാസേട്ടൻ രവീന്ദ്രൻ മാസ്റ്ററുടെ കാര്യം പറഞ്ഞു. പുതിയൊരാൾ വേണോ എന്നായിരുന്നു ആദ്യത്തെ പ്രതികരണം. “ധൈര്യമായി ചെയ്യിക്കാം. പാട്ടു നന്നായില്ലെങ്കിൽ എന്റെ ചെലവിൽ മാറ്റി ചെയ്തു തരാം”. ദാസേട്ടൻ ഇത്രയും കൂടി പറഞ്ഞപ്പോൾ ശശികുമാർ സാർ വഴങ്ങി. “താരകേ… മിഴിയിതളിൽ കണ്ണീരുമായി…” എന്ന സത്യന്റെ പാട്ട് സൂപ്പർ ഹിറ്റായി. യേശുദാസിന്റെ സ്വര സാധ്യത നന്നായി പ്രയോജനപ്പെടുത്തിയ പാട്ട്. ഖാദറിക്കയുടെ “സിന്ദൂര സന്ധ്യയ്ക്ക് മൗനം…” എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടു. 1979 ൽ റിലീസായ ചൂളയുടെ വിജയത്തിൽ പാട്ടുകൾക്കും വലിയ പങ്കുണ്ടായിരുന്നു. ചൂള ഹിറ്റായതോടെ തുടർച്ചയായി സിനിമകൾ വന്നു. തേനും വയമ്പും, ചിരിയോ ചിരി, താരാട്ട്, ചാമരം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ. 1983 ൽ മാത്രം രവിയേട്ടൻ ചെയ്തത് 13 സിനിമകളാണ്. ആദ്യത്തെ റെക്കാഡിങ് കഴിഞ്ഞ് രാത്രി പത്തുമണിയോടെ അദ്ദേഹം വീട്ടിലെത്തി. എന്നെ പാട്ടു കേൾപ്പിക്കാനുള്ള തിടുക്കമായിരുന്നു. അന്ന് വീട്ടിൽ ടേപ്പ് റിക്കോഡറില്ല. തൊട്ടടുത്തു താമസിക്കുന്ന സിത്താറിസ്റ്റ് കൃഷ്ണന്റെ വീട്ടിൽ ചെന്ന് പാട്ടു കേട്ടെങ്കിലും, ”താരകേ…” എനിക്കൊട്ടും ഇഷ്ടമായില്ല. മംഗളം നേരുന്നു ഞാൻ പോലെയുള്ള പാട്ടല്ലേ രവിയേട്ടാ നല്ലത്. ഇത് വേറൊരു രീതിയാണല്ലോ എന്നായിരുന്നു എന്റെ മറുപടി. ശോഭേ, എല്ലാം അതു പോലായാൽ ശരിയാകുമോ. വ്യത്യസ്തമായ ഈണമല്ലേ വേണ്ടത്. രണ്ടു മൂന്നു തവണ ഒന്നു കേട്ടു നോക്കൂ എന്ന് രവിയേട്ടൻ പറഞ്ഞത് ശരിയായിരുന്നു. താരകേ… പിന്നീട് എനിക്ക് ഹൃദയരാഗമായി മാറി. എന്റെ വിവരക്കുറവ് മനസിലാക്കിയ അദ്ദേഹം കുറച്ചു നാൾ എന്നെ സംഗീതം പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും പരാജയപ്പെട്ടു.

ഹൃദയത്തിൽ ചാലിച്ച ഒരു ഗാനം
ഒരു ഗായകനെ മാത്രം മനസിൽ കണ്ട് ചിട്ടപ്പെടുത്തിയ ഗാനം. ആ പാട്ടിന് അനുസൃതമായി രൂപപ്പെടുത്തിയ കഥാസന്ദർഭം. രവിയേട്ടന്റെ ജീവിത യാത്രയിൽ അങ്ങനെയുമൊരു മുഹൂർത്തമുണ്ടായി. ദാസിന് പഴയ പോലെയൊന്നും പാടാൻ കഴിയുന്നില്ലെന്ന മട്ടിൽ ആയിടയ്ക്ക് സിനിമാ ലോകത്തൊരു സംസാരമുണ്ടായി. മാഷിന് അത് വലിയ പ്രയാസമുണ്ടാക്കി. അങ്ങനെയിരിക്കെയാണ് സംഗീത പ്രധാനമായ ആറാം തമ്പുരാനുമായി ഷാജി കൈലാസ് വരുന്നത്. ഗിരീഷടക്കം അവരെല്ലാം ഏറെ നേരം ആലോചിച്ചാണ് ദാസേട്ടനു വേണ്ടി അസാധ്യ ഈണത്തിലുള്ള ‘ഹരിമുരളീരവം…’ ഒരുക്കിയത്. റെക്കോഡിങ് കഴിഞ്ഞിറങ്ങിയ രവിയേട്ടന്റെ സന്തോഷം ഒന്നു കാണണമായിരുന്നു. കടം വീട്ടലോ കടമ നിറവേറ്റലോ ആയിരുന്നു അദ്ദേഹത്തിന് ആ പാട്ട്. ചൂളയിൽ അവസരമൊരുക്കിയ നാളുകളിൽ ദാസേട്ടൻ തന്നെയാണ് പേരിനൊപ്പമുണ്ടായിരുന്ന കുളത്തൂപ്പുഴ വെട്ടിക്കളഞ്ഞ് രവീന്ദ്രൻ എന്നാക്കിയത്. പാട്ടുകളിൽ ഭൂരിഭാഗവും ദാസേട്ടനാണ് നൽകിയതെങ്കിലും ജയേട്ടനും (പി ജയചന്ദ്രൻ) ശ്രീകുമാറിനും ബിജു നാരായണനുമൊക്കെ അവർക്കിണങ്ങുന്ന പാട്ടുകൾ നൽകിയിട്ടുണ്ട്. പാലാഴി പൂമങ്കേ, ആലിലത്താലിയുമായ്, നാദരൂപിണീ, രാമായണക്കാറ്റേ, പത്തു വെളുപ്പിന് എന്നിങ്ങനെ എത്രയെത്ര ഗാനങ്ങൾ. അവസരം തേടി ആദ്യ വരവിൽ മദ്രാസിൽ കറങ്ങി നടന്ന കാലത്ത് ജയേട്ടന്റെ മുറിയിൽ മൗണ്ട് റോഡിലെ സാമ ലോഡ്ജിലായിരുന്നല്ലോ താമസം. കളിത്തോഴനൊക്കെ ഇറങ്ങി ജയേട്ടൻ സ്റ്റാറായി വരുന്ന കാലവുമായിരുന്നു അത്. തരംഗിണിയും എച്ച്എംവിയും ഉത്സവഗാനങ്ങൾ, വസന്ത ഗീതങ്ങൾ എന്നീ പേരുകളിൽ ആൽബങ്ങളും കാസറ്റുകളും ഇറക്കാൻ തുടങ്ങിയതോടെ രവിയേട്ടന്റെ തിരക്ക് കൂടി. മാമാങ്കം, അരയന്നമേ ആരോമലേ, വലംപിരി ശംഖിൽ ഉൾപ്പടെ നൂറുകണക്കിന് ഹിറ്റ് ഗാനങ്ങൾ. ഞങ്ങളുടെ നാട്ടിലെ കുളത്തൂപ്പുഴ ശാസ്താവിനെക്കുറിച്ചൊരുക്കിയ പാട്ട് ഇന്നും ക്ഷേത്രങ്ങളിലെ ഭക്തി ഗാനമാണ്. അക്കാലത്താണ് ബിച്ചു തിരുമലയുമായി അടുത്ത സൗഹൃദത്തിലായത്. ഒഎൻവി സാർ, പി ഭാസ്കരൻ, യൂസഫലി, ശ്രീകുമാരൻ തമ്പി, സത്യൻ, ഗിരീഷ്, കൈതപ്രം , പൂവച്ചൽ ഖാദർ, കെ ജയകുമാർ, എസ് രമേശൻ നായർ, ആർ കെ ദാമോദരൻ എന്നിങ്ങനെ നല്ലൊരു ടീമും ഒപ്പമുണ്ടായിരുന്നത് രവിയേട്ടന് അനുഗ്രഹമായി.
സിനിമാ മോഹവുമായി മദ്രാസിലെത്തിയ നാൾ മുതൽ പാട്ട് പാടാനും ഗുരുവിനെ കണ്ടെത്താനുമുള്ള നിരന്തരമായ അന്വേഷണമായിരുന്നു. എല്ലാം വിഫലമായി. കോടമ്പാക്കത്തെ വീട്ടിൽ ദേവരാജൻ മാസ്റ്ററെ കാണാൻ പോയത് എനിക്കറിയാം. മുഖത്തടിച്ചതു പോലെയായിരുന്നു മറുപടി. അത്തരത്തിൽ എത്രയോ അനുഭവങ്ങൾ. പണ്ട് പഠിച്ചതെല്ലാം ധ്യാനിച്ച് തംബുരുവിൽ സംഗീതോപാസന നടത്തി ഏഴു സ്വരങ്ങളെയും ഹൃദയത്തോട് ചേർക്കുകയായിരുന്നു. വിദ്യാസാഗർ, എസ് പി വെങ്കിടേഷ്, ശരത്, രാജാമണി എന്നിവരൊക്കെ വിവിധ ഘട്ടങ്ങളിൽ ശിഷ്യന്മാരായിരുന്നു. സംഗീതത്തിലേക്ക് പൂർണമായി തിരിഞ്ഞ ശേഷവും പാടാൻ കിട്ടുന്ന അവസരമൊന്നും പാഴാക്കിയിട്ടില്ല. മധുരനൊമ്പരക്കാറ്റിൽ വിദ്യയുടെ ഈണത്തിൽ ‘ശ്രുതിയമ്മ, ലയമച്ഛൻ…’ എന്ന നാലുവരി ആസ്വദിച്ചാണ് പാടിയത്. ഹിസ് ഹൈനസ് അബ്ദുള്ളയിലെ ‘ദേവസഭാതല’ത്തിൽ ദാസേട്ടനുമൊത്ത് രവിയേട്ടന്റേത് മികച്ച കോമ്പിനേഷനാണ്. ഇടയ്ക്കൊന്ന് പറയട്ടെ, പണ്ട് ഇറക്കി വിട്ട ദേവരാജൻ മാസ്റ്റർ ‘ചൂള’യുടെ പൂജയ്ക്ക് ചെന്നൈയിലെ തരംഗിണി സ്റ്റുഡിയോയിൽ എത്തിയിരുന്നു. കുറച്ച് കറക്ഷൻ പറഞ്ഞു കൊടുത്ത് അഭിനന്ദിക്കുകയും ചെയ്തു. എന്തൊക്കെയായാലും ദേവരാജൻ മാസ്റ്ററോട് അദ്ദേഹത്തിന് ആരാധനയായിരുന്നു. മാഷിനെപ്പോലെ മുൻ ശുണ്ഠിയൊന്നുമുണ്ടായിരുന്നില്ല. ‘സൗപർണികാമൃത വീചികൾ പാടും’ എന്ന ഗാനമാലപിക്കാൻ തുടക്കക്കാരിയായ മിൻമിനി വന്നപ്പോൾ രവിയേട്ടൻ ക്ഷമയോടെയാണ് സ്റ്റുഡിയോയിലിരുന്ന് പാട്ട് പഠിപ്പിച്ചത്. പിന്നീട് ആ കുട്ടി വലിയ സിങ്ങർ ആയല്ലോ. കോടമ്പാക്കത്ത് ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ അലഞ്ഞ നാളുകൾ 2005 മാർച്ച് മൂന്നിന് 61-ാം വയസിൽ വിടപറയും വരെ രവിയേട്ടൻ മറന്നില്ല. അതുകൊണ്ടാവണം പ്രയാസമനുഭവിച്ച സുഹൃത്തുക്കളെ അദ്ദേഹം മനസറിഞ്ഞ് സഹായിച്ചിരുന്നത്. മൂന്ന് ആൺമക്കളെയും നല്ല നിലയിൽ വളർത്തി. നന്നായി കുടുംബം നോക്കി. സ്വത്ത് കൂട്ടി വെക്കുന്ന ശീലം ഇല്ലാതിരുന്നതിനാലാവാം, അദ്ദേഹത്തിന്റെ അവസാന നാളുകളിലും വാടക വീട്ടിലായിരുന്നു താമസം. മദ്രാസിൽ വിരുതംപാക്കത്ത് 1998ൽ ഒരു വീടു വച്ചെങ്കിലും പിന്നെയത് വിറ്റു. ഇപ്പോൾ താമസിക്കുന്ന വീടു പോലും 2014 ൽ എറണാകുളത്ത് നടത്തിയ രവീന്ദ്ര സംഗീത സന്ധ്യയിലെ സ്പോൺസർഷിപ്പിലൂടെ ലഭിച്ചതാണ്. വീടായാലും കാറായാലും മടുപ്പ് തോന്നിയാൽ ഉടൻ കൈവിടും. അതായിരുന്നു ശീലം. മുപ്പതോളം വാടക വീടുകളിൽ താമസിച്ചിട്ടുണ്ട്. ഏതാണ്ട് അത്ര തന്നെ കാറുകളും മാറിയിട്ടുണ്ട്. ആ ശീലത്തോട് ഞാൻ പലപ്പോഴും നീരസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും രവിയേട്ടന്റെ വാശിയാണ് ജയിച്ചത്.
തിരുവനന്തപുരത്തും കൊച്ചിയിലും ധാരാളം റെക്കാഡിങ് സ്റ്റുഡിയോകൾ വന്നു തുടങ്ങിയ കാലം. ചെന്നെ ജീവിതത്തിൽ നിന്ന് മെല്ലെ പിന്മാറാൻ രവിയേട്ടൻ ആലോചിച്ചു. തിരുവനന്തപുരത്ത് പേയാടാണ് വാടക വീടെടുത്തത്. പിന്നീട് കുറച്ചു നാൾ കൊച്ചിയിലും താമസിച്ചു. വടക്കും നാഥനിലെ ‘ഗംഗേ…’ അടക്കമുള്ള പാട്ടുകൾ അക്കാലത്ത് ചെയ്തവയാണ്. ആ സിനിമ കുറച്ച് വൈകിയാണിറങ്ങിയത്. ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയും അക്കാലത്താണ് പുറത്തു വന്നത്. ആ പാട്ടിനൊപ്പം പിള്ളേർ തുള്ളിച്ചാടുകയായിരുന്നു. അതു കണ്ട കൂട്ടുകാരിൽ ചിലർ പറഞ്ഞു, രവിയേട്ടാ ട്രെന്റ് മാറുകയാണ്. ഇനിയൊന്ന് മാറ്റിപ്പിടിക്കേണ്ടിവരും. നമ്മുടെ സംഗീതത്തിന് ഒരു ചുക്കും സംഭവിക്കില്ലെടോ എന്നൊക്കെ അവരോട് പറഞ്ഞെങ്കിലും പതിയെ കച്ചേരികളിലേക്ക് തിരിയാനുള്ള ആലോചന തുടങ്ങി. രണ്ടു മണിക്കൂറോളം ഒറ്റ ഇരിപ്പുള്ളതല്ലേ എന്നു കരുതി കൊച്ചിയിലെ ഒരാശുപത്രിയിൽ ചെന്ന് ഹെൽത്ത് ചെക്കപ്പ് നടത്തിയപ്പോൾ എല്ലാം ഒകെ. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വല്ലാത്ത ചുമ തുടങ്ങി. പല ഡോക്ടർമാരെയും കണ്ടിട്ടും ഒരു മാറ്റവുമില്ല. വീണ്ടും പഴയ ആശുപത്രിയിൽ ചെന്ന് ടെസ്റ്റ് ചെയ്തപ്പോഴാണ് അന്നനാളത്തിൽ അർബുദത്തിന്റെ തുടക്കമാണെന്ന് കണ്ടെത്തിയത്. തുടർ ചികിത്സ അപ്പോളോയിൽ ആകാമെന്നു കരുതി വീണ്ടും ചെന്നൈയിലേയ്ക്ക് പോയി. വിജയ ഹോസ്പിറ്റലിൽ ചെന്ന് ചില ടെസ്റ്റുകൾ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുമ്പോഴായിരുന്നു ഹൃദയാഘാതം. അടുത്തുള്ള രാമചന്ദ്ര മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയെങ്കിലും രക്ഷപെടുത്താനായില്ല. ജീവിതം കരുപ്പിടിപ്പിച്ച മണ്ണിലേക്കു തന്നെ മടങ്ങാനായിരുന്നു വിധി. അഞ്ച് പടങ്ങൾക്ക് അഡ്വാൻസ് വാങ്ങി കമ്പോസിങ് തുടങ്ങാനിരിക്കുകയായിരുന്നു. രഞ്ജിത് ഉൾപ്പടെ ആരും അഡ്വാൻസ് തിരികെ ആവശ്യപ്പെട്ടില്ല. അവർക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു രവീന്ദ്ര സ്മൃതികൾ പോലും.
രവീന്ദ്രനെന്ന സംഗീതജ്ഞന്റെ സഖിയായും നിഴലായും ഒപ്പമുണ്ടായിരുന്ന 31 വർഷങ്ങളുടെ ധന്യസ്മൃതികളിലാണ് ഇന്നും ശോഭന. രവീന്ദ്രൻ മാസ്റ്ററുടെ കൂടി സ്വപ്നമായിരുന്ന ഓൾഡ് ഏജ് ഹോമിന്റെ നിർമ്മാണം പാലക്കാട് കോങ്ങാട് നടന്നു വരുന്നു. ഇടയ്ക്ക് അവിടെ ചെല്ലണം. മാസ്റ്ററെപ്പോലെ തന്നെ സിനിമാവൃത്തങ്ങളിൽ വിപുലമായ സുഹൃദ്ബന്ധങ്ങളില്ല. ലളിതഗാനങ്ങളടക്കം ആയിരത്തോളം പാട്ടുകളുണ്ടെങ്കിലും താരകേയും ഹരിമുരളീരവവും പ്രമദവനവും പോലെ ശോഭന ഇന്നും താലോലിക്കുന്ന കുറെ പാട്ടുകളുണ്ട് .രാജീവം വിടരും, അഴകേ, ഉത്രാടപ്പൂനിലാവേ, പായിപ്പാട്ടാറ്റിൽ വള്ളംകളി, സായന്തനം, ആരും…, കുടജാദ്രിയിൽ എന്നിങ്ങനെ എണ്ണിയാൽ തീരാത്തവ. പക്ഷേ കേൾക്കുമ്പോൾ മനസ് വിങ്ങും. മധുര സ്മരണകൾക്ക് മങ്ങലേൽക്കാതിരിക്കാൻ കഴിവതും അവയെല്ലാം മനസിലെ മൗനരാഗമാക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള് ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.