
ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയുടെ മുഖമായി വാഴ്ത്തപ്പെട്ടിരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ), സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് ഇപ്പോൾ. ഐഎസ്എല്ലിന് വരുന്ന 15 വർഷത്തേയ്ക്കുള്ള വാണിജ്യ അവകാശങ്ങൾക്ക് സ്പോൺസറെ കണ്ടെത്താനുള്ള പരിശ്രമങ്ങളിൽ ആരെയും ആകർഷിക്കാനാകാതെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പരാജയപ്പെട്ടത് ഇന്ത്യൻ ഫുട്ബോളിന്റെയും ഐഎസ്എല്ലിന്റെയും ഭാവിയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു. തകര്‍ച്ചയിലേക്ക് തള്ളിവിടുകയും അതിന്റെ ഭാവി പാതയെക്കുറിച്ച് നിർണായകമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. ഐഎസ്എല്ലിനെ ലേലം കൊള്ളാൻ ആരുമില്ലാത്ത ദുരവസ്ഥയിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി എന്താണ്?
കഴിഞ്ഞ കുറെകാലങ്ങളിലായി തുടരുന്ന പ്രതിസന്ധിയും സാമ്പത്തിക അസ്ഥിരതയും ഒഴിവാക്കി വരും ദശകത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള ഒരു നാഴികക്കല്ലായി ഐഎസ്എൽ ലേലത്തിലൂടെ എഐഎഫ്എഫ് തീരുമാനിച്ചിരുന്നു. പ്രശസ്ത ഉപദേഷ്ടാക്കളുടെയും മേൽനോട്ട അധികാരികളുടെയും പങ്കാളിത്തമുണ്ടായിട്ടും, ഒരു നിർദ്ദേശം പോലുമില്ലാതെ ടെൻഡർ പ്രക്രിയ അവസാനിക്കുകയായിരുന്നു. ഇത് ഘടനാപരമായ ബലഹീനതകളും അസ്ഥിരമായ സാമ്പത്തിക മാതൃകയും ചൂണ്ടിക്കാട്ടുന്നു. ഫെഡറേഷന് നൽകേണ്ട 50 കോടിയുടെ ഉയർന്ന തവണ, നിർബന്ധിത പ്രമോഷൻ/തരംതാഴ്ത്തൽ, വീഡിയോ അസിസ്റ്റന്റ് റഫറി നിയമനവും നടപ്പിലാക്കലും തുടങ്ങിയ വ്യവസ്ഥകളും മറ്റ് സാമ്പത്തിക ബാധ്യതകളും ഉൾപ്പെടെ എഐഎഫ്എഫ് കർശനമാക്കിയ ലേല വ്യവസ്ഥകൾ ലേലം കൊള്ളാൻ ആളില്ലാതാക്കി. സംഘാടനം-വിപണനം എന്നിവയുമായി ബന്ധപ്പെട്ട മാസ്റ്റർ റൈറ്റ് കരാർ ഏറ്റെടുക്കുന്നവർ പ്രതിവർഷം 50 കോടി എഐഎഫ്എഫിന് നൽകണമെന്ന വ്യവസ്ഥ 37.5 കോടി രൂപ അല്ലെങ്കിൽ ഐഎസ്എല്ലിന്റെ മൊത്ത വരുമാനത്തിന്റെ 5% എന്നാക്കി ചുരുക്കിയിട്ടും ആരുമെത്തിയില്ല. സ്പോൺസറുടെ അഭാവം അടിസ്ഥാന വികസനം, ലീഗ് പ്രവർത്തനങ്ങൾ, ദേശീയ ടീം പരിപാടികൾ തുടങ്ങിയ നിർണായക കാര്യങ്ങൾക്കുള്ള ധനസഹായം ഇല്ലാതാക്കുന്നു.
എഐഎഫ്എഫ് മുമ്പ് പ്രധാന വ്യവസായികളുടെ പിന്തുണയുള്ള സംയുക്ത സംരംഭമായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് ആശ്രയിച്ചിരുന്നു. ആ കരാറും അവസാനിക്കുകയാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റേയും സ്റ്റാർ സ്പോർട്സിന്റേയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്ഡിഎൽ). എഐഎഫ്എഫും എഫ്സിഡിഎലും തമ്മിലുള്ള മാസ്റ്റർ റൈറ്റ് എഗ്രിമെന്റ് ഈ ഡിസംബറിൽ അവസാനിക്കുകയാണ്. ഇത് പുതുക്കാൻ എഐഎഫ്എഫ് തയ്യാറായില്ല. സംപ്രേക്ഷണാവകാശം സംബന്ധിച്ച തർക്കമാണ് കാരണം. പുതിയ നിക്ഷേപമില്ലാതെ ടീമുകളും ലീഗുകളും ബജറ്റ് വെട്ടിക്കുറയ്ക്കുന്നു. ലീഗുകൾ മാറ്റിവയ്ക്കുന്നു, അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. അനിശ്ചിതത്വത്തിനിടയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഫസ്റ്റ്-ടീം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതോടെ ഇത് പ്രകടമായി. ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിൽ ദേശീയ ടീം തെരഞ്ഞെടുപ്പുകൾക്കും മികച്ച ആഭ്യന്തര, അന്തർദേശീയ കളിക്കാരെ ആകർഷിക്കുന്നതിനുമുള്ള പ്രധാന ഉറവിടമായിരുന്നു ഐഎസ്എൽ. ലേലക്കാരെ നേടുന്നതിൽ പരാജയപ്പെടുന്നത് ലീഗിന്റെ വിശ്വാസ്യതയിലും രാജ്യാന്തര ടൂർണമെന്റുകളിലെ പങ്കാളിത്തത്തിലും പുരോഗതിയിലും കരിനിഴൽ വീഴ്ത്തുന്നു. ഇന്ത്യയുടെ വിശാലമായ ഫുട്ബോൾ അഭിലാഷങ്ങൾക്ക് നേരെ ചുവപ്പുകാർഡ് വീശുന്നു.
2014ൽ ലീഗ് ആരംഭിച്ചതിനുശേഷം ലോകകപ്പ് യോഗ്യതാ ലക്ഷ്യങ്ങൾ ലാക്കാക്കി നീങ്ങിയിരുന്നു. അതേസമയം, ഇന്ത്യൻ ഫുട്ബോൾ ഐഎസ്എൽ, ഐ‑ലീഗ് എന്നീ സഹവർത്തിത്വ ലീഗുകളുടെ പരസ്പര വെല്ലുവിളികളെ നേരിടുന്നുമുണ്ട്. ഐഎസ്എൽ കൂടുതൽ ശ്രദ്ധയും വിഭവങ്ങളും നേടിയിട്ടുണ്ടെങ്കിലും, മാധ്യമങ്ങളുടെ സാന്നിധ്യം, ഫണ്ടിന്റെ കുറവ്, ആരാധകരുടെ പിന്തുണ കുറയുന്നത് എന്നിവ ഐ‑ലീഗിനെ ബാധിക്കുന്നു. മറ്റ് വിജയകരമായ ഫുട്ബോൾ രാജ്യങ്ങളെ പോലെ, ഫുട്ബോൾ ഘടനയെ ഏകീകരിക്കുന്നതിനായി ഉയർത്തൽ‑താഴ്ത്തൽ സംവിധാനത്തിന് കീഴിൽ ലീഗുകളെ സംയോജിപ്പിക്കുന്ന പരിഷ്കരണവും ആവശ്യപ്പെടുന്നു. എന്നാൽ അത്തരം വ്യവസ്ഥാപരമായ മാറ്റങ്ങൾക്ക് സ്ഥിരമായ ഭരണവും ധനസഹായവും ആവശ്യമാണ്. അവ നിലവിൽ ഇല്ല എന്നതാണ് ഉണ്മ. എഐഎഫ്എഫ് ഭാരവാഹികൾക്കെതിരായ നിയമ ഹർജികളും പങ്കാളികൾക്കിടയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതും അടക്കം ഒടുക്കമില്ലാത്ത ഭരണ വിവാദങ്ങളുമായി ഈ പ്രതിസന്ധി പൊരുത്തപ്പെടുന്നു. ലേലക്കാരെ ആകർഷിക്കുന്നതിലെ പരാജയം സാമ്പത്തിക പ്രശ്നങ്ങളുടെ മാത്രമല്ല, ഇന്ത്യൻ ഫുട്ബോൾ സ്ഥാപനങ്ങളിലെ ഭരണപരമായ സമീപനത്തെയും തന്ത്രപരമായ നീക്കങ്ങളെയും കുറിച്ച് ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഉയർത്തുന്നു.ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി എന്തായിരിക്കണം? ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ഏതൊക്കെ നിർണായക നടപടികളെ ആശ്രയിച്ചിരിക്കുന്നു?
ഫുട്ബോൾ സ്നേഹികൾക്ക് ഉത്തരമുണ്ട്. സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഐഎസ്എല്ലിന്റെ സാമ്പത്തിക മാതൃക പുനർമൂല്യനിർണയം ചെയ്യണം. പങ്കാളികളുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ഭരണ സുതാര്യതമെന്ന് ബോധ്യപ്പെടുത്തണം. ഉയർത്തൽ‑താഴ്ത്തൽ ചട്ടക്കൂടും ഐഎസ്എല്ലിനും ഐ‑ലീഗിനും ഇടയിൽ മികച്ച ഏകോപനവും ഉൾപ്പെടുന്ന ഏകീകൃതവും ഘടനാപരവുമായ ഒരു ഫുട്ബോൾ സംവിധാനം ഉറപ്പാക്കണം. വാണിജ്യ വെല്ലുവിളികൾക്കിടയിലും അടിസ്ഥാനതലത്തിലും യുവജന വികസന പരിപാടികളിലും തുടർച്ചയായ നിക്ഷേപം ഉറപ്പാക്കണം. വരുമാന സ്രോതസുകൾ വർധിപ്പിക്കുന്നതിന് വിശാലമായ മാധ്യമ പങ്കാളിത്തവും സ്പോൺസർഷിപ്പ് മാതൃകകളും വികസിപ്പിക്കേണ്ടതുമുണ്ട്.
ടെന്‍ഡര്‍ ക്ഷണം സ്വീകരിക്കാനാരുമില്ല
പ്രക്ഷേപണം, സ്പോൺസർഷിപ്പ്, ഡിജിറ്റൽ, മെർച്ചൻഡൈസിങ് എന്നിവയുൾപ്പെടെ ഐഎസ്എല്ലുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും കൈകാര്യം ചെയ്യുന്നതിന് പുതിയ വാണിജ്യ പങ്കാളിയെ കണ്ടെത്താനാണ് ടെൻഡർ ക്ഷണിച്ചത്. 2025 ഒക്ടോബർ 16ന് റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർഎഫ്പി) പുറത്തിറക്കി. ലേലത്തിനായി നാല് ബിഡ്ഡർമാർ ചർച്ചകളിൽ പങ്കെടുത്തെങ്കിലും അന്തിമ നിർദ്ദേശം ആരും സമർപ്പിച്ചില്ല. സന്നദ്ധരായെത്തിയ ബിഡ്ഡർമാർ ആവശ്യപ്പെട്ട പ്രകാരം പരിഷ്കാരങ്ങളും വ്യക്തതയും വരുത്തുകയും സമയപരിധി നീട്ടുകയും ചെയ്തിരുന്നു. എന്നാൽ, നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്തുന്നതിൽ ടെൻഡർ പരാജയപ്പെട്ടു. എഫ്എസ്ഡിഎലിന് പുറമേ ഡ്രീം സ്പോർട്സിന്റെ ഉടമസ്ഥതയിലുള്ള ഫാൻകോഡ്, കോൺഷ്യന്റ് ഹെറിറ്റേജ് ഗ്രൂപ്പ് (കോൺഷ്യന്റ് ഫുട്ബോൾ അക്കാദമിയുടെ ഉടമകൾ), ഒരു വിദേശ കൺസോർഷ്യം എന്നിവയാണ് രംഗത്തുണ്ടായിരുന്നത്.
ഈ നാല് കമ്പനികളുമായി എഐഎഫ്എഫ് 2025 ഒക്ടോബർ 25ന് ഓൺലൈൻ പ്രീ-ബിഡ് കോൺഫറൻസ് നടത്തിയിരുന്നു. മാസ്റ്റർ റൈറ്റ് എഗ്രിമെന്റ് നടപടികളിൽ സുതാര്യത ഉറപ്പാക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എൽ നാഗേശ്വര റാവുവിന്റെ മേൽനോട്ടത്തിലായിരുന്നു ഇത്. റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിലെ വിവിധ നിബന്ധനകളിൽ വ്യക്തത തേടി 100ലധികം ചോദ്യങ്ങളാണ് നിലവിലെ കരാറുകരായ എഫ്എസ്ഡിഎൽ നല്‍കിയത്. എല്ലാ കക്ഷികളിൽ നിന്നുമുള്ള 234 മൊത്തം ചോദ്യങ്ങൾക്ക് എഐഎഫ്എഫ് മറുപടി നൽകിയിരുന്നു. ബിഡ് നിബന്ധനകൾ, സമയപരിധികൾ, മൂല്യനിർണയ ഘടനകൾ എന്നിവ പരിഷ്കരിക്കുകയും ചെയ്തു. എന്നാൽ, ടെൻഡറിന്റെ സാമ്പത്തിക മാതൃകയെക്കുറിച്ചും ഘടനാപരമായ വ്യക്തതയില്ലായ്മയെക്കുറിച്ചും ആശങ്കകൾ ഉന്നയിച്ച് ഇവരെല്ലാം പിന്മാറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.