22 January 2026, Thursday

‘വന്ദേ മാതര’ വിവാദം മോഡിയുടെ വർഗീയ അജണ്ട

Janayugom Webdesk
November 10, 2025 5:00 am

ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തെ ഉത്തേജിപ്പിച്ച ദേശീയ ഗാനങ്ങളിൽ ഒന്നായിരുന്നു ‘വന്ദേ മാതരം’. അതിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം സ്വാതന്ത്ര്യ സമരത്തിൽ ആ ഗാനം ഏതൊരു ലക്ഷ്യത്തോടെയാണോ ആലപിക്കപ്പെട്ടത് അതിനു കടകവിരുദ്ധമായ ലാക്കോടെയായിരുന്നു. സാതന്ത്ര്യസമരത്തിൽ ജാതി, മത, ഭാഷാ, വംശ, വർണ ഭേദമന്യേ എല്ലാ ഇന്ത്യക്കാരെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു വന്ദേ മാതര ഗാനാലാപനത്തിന് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ആ ഗാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും വിദ്വേഷ പ്രചാരണത്തിനുമുള്ള ആയുധമാക്കി മാറ്റാനാണ് മോഡിയുടെയും അമിത് ഷായുടെയും ബിജെപി, സംഘ്പരിവാർ നേതൃത്വത്തിന്റെയും ശ്രമം. അതിനുവേണ്ടി എന്ത് നുണകളും പ്രചരിപ്പിക്കാനും ചരിത്രവസ്തുതകളെ വളച്ചൊടിക്കാനും തനിക്കും കൂട്ടാളികൾക്കും യാതൊരു മടിയുമില്ലെന്നാണ് പ്രധാനമന്ത്രി ആവർത്തിച്ചു തെളിയിക്കുന്നത്. വിവാദ ബംഗാളി എഴുത്തുകാരനായ ബങ്കിം ചന്ദ്ര ചട്ടോപാധ്യായയുടെ ‘ആനന്ദമഠം’ എന്ന നോവലിൽ ഉൾപ്പെട്ടിട്ടുള്ള ഗാനമായിരുന്നു വന്ദേ മാതരം എന്ന് ആരംഭിക്കുന്ന ശ്ലോകം. ആറ് ശ്ലോകങ്ങൾ ഉൾപ്പെട്ട പ്രസ്തുത ഗാനത്തിന്റെ ആദ്യത്തെ രണ്ട് ശ്ലോകങ്ങൾ മാത്രമാണ് 1937 ഒക്ടോബർ 26 മുതൽ നവംബർ ഒന്നുവരെ കൽക്കത്തയിൽ നടന്ന കോൺഗ്രസിന്റെ പ്രവർത്തക സമിതി ദേശീയ ഗാനമായി പ്രഖ്യാപിക്കുന്നത്. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്രു, സർദാർ വല്ലഭ് ഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്ര പ്രസാദ്, മൗലാന അബുൾകലാം ആസാദ്, സരോജിനി നായിഡു, ജെ ബി കൃപലാനി, ഭുലാഭായ് ദേശായി, ജമ്നാലാൽ ബജാജ്, നരേന്ദ്ര ദേവ് തുടങ്ങി ദേശീയപ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രവർത്തകസമിതി തീരുമാനമെടുത്തത്. ഗുരുദേവ് രബീന്ദ്ര നാഥ ടാഗോറിന്റെ അഭിപ്രായം ആരായുകയും അനുമതി നേടിയുമാണ് പ്രവർത്തകസമിതി ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാതെ, അതിനെതിരെ വ­ഞ്ചനാപരമായ സമീപനം അവലംബിച്ചവരുടെ പിന്മുറക്കാരാണ് ഇപ്പോ­ൾ ദേ­ശീയതയുടെ മൊത്തക്കച്ചവടക്കാരായി സ്വയം അവതരിപ്പിക്കാ­ൻ ശ്രമിക്കുന്നത്.

വന്ദേ മാതരത്തിന്റെ ആദ്യത്തെ രണ്ട് ശ്ലോകങ്ങളെ 1950 ജനുവരി 24ന് കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി ‘ജന ഗണ മന’യ്ക്ക് തുല്യമായ പദവിയിൽ ദേശീയ ഗാനമായി അംഗീകരിക്കുകയുണ്ടായി. അത് എങ്ങനെ, എ­ന്തുകൊണ്ട് എന്നത് സംശയാതീതമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഗാനരചയിതാവായ ബങ്കിം ചന്ദ്ര ചട്ടോപാധ്യായ തന്റെ സാഹിത്യജീവിതത്തിന്റെ തുടക്കത്തിൽ ലിബറല്‍ ബംഗാളി ഹിന്ദു ബുദ്ധിജീവികളുടെ ഗണത്തിൽപ്പെട്ടിരുന്ന എഴുത്തുകാരനായിരുന്നു. എന്നാൽ ആനന്ദമഠം എന്ന വിവാദ നോവൽ എഴുതപ്പെട്ട കാലഘട്ടത്തോടെ അദ്ദേഹം തികഞ്ഞ യാഥാസ്ഥിതികതയിലേക്ക് ചുവടുമാറുന്നതായി കാണാം. പഠാന്മാരടക്കം ബംഗാളി മുസ്ലിങ്ങൾ കൂടി ഉൾപ്പെട്ട ബംഗാളി ദേശീയതയിൽ നിന്നും ഹിന്ദു ദേശീയതയിലേക്കുള്ള ചട്ടോപാധ്യായയുടെ മാറ്റമാണ് ആനന്ദ മഠത്തിലൂടെ അനാവൃതമാകുന്നത്. ആ മാറ്റം ഇന്ത്യയുടെ ദേശീയതയ്ക്കും ജനതയുടെ ഐക്യത്തിനും സ്വാതന്ത്ര്യ സമരത്തിനും നേരെ ഉയർത്തുന്ന വെല്ലുവിളി രബീന്ദ്രനാഥ് ടാഗോറും സുഭാഷ് ചന്ദ്രബോസുമടക്കം ദേശീയ നേതാക്കളും സാഹിത്യകാരന്മാരും തിരിച്ചറിയുകയും അകലം പാലിക്കുകയും ചെയ്തിരുന്നു. വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ദേശീയ ഗാനമായി തെരഞ്ഞെടുക്കുകയും ബാക്കി ഭാഗങ്ങൾ തിരസ്കരിക്കുകയും ചെയ്തതിനോട് ബോസ് തുടക്കത്തിൽ വിയോജിച്ചിരുന്നുവെങ്കിലും ടാഗോറിന്റെ വിശദീകരണത്തെ തുടർന്ന് അദ്ദേഹം തന്റെ നിലപാട് തിരുത്തുകയാണ് ഉണ്ടായത്. പിൽക്കാലത്ത് ഇന്ത്യൻ നാഷണൽ ആർമി (ഐഎന്‍എ) രൂപീകരിക്കുമ്പോൾ ദേശീയ ഗാനമായി വന്ദേ മാതരത്തിനു പകരം ജന ഗണ മന ബോസ് തെരഞ്ഞെടുത്തത് ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ‘വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾക്ക് അതിന്റെതായ സ്വതന്ത്ര വ്യക്തിത്വവും പ്രചോദനാത്മക സവിശേഷതയും ഉണ്ടെന്നും അത് ഏതെങ്കിലും സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നില്ലെന്നും’ ടാഗോർ ‘ആനന്ദമഠത്തി‘നെ പരാമർശിക്കുന്ന ഒരു കത്തിൽ പറയുന്നുണ്ട്. ഇതിനെയാണ് ‘മുസ്ലിം പ്രീണന’മായി ചിത്രീകരിക്കാൻ മോഡിയെയും സംഘ് പരിവാറിനെയും പ്രേരിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് മോഡിയും ഷായും സംഘ്പരിവാറും വിസ്‌മൃതങ്ങളായ ചരിത്രസംഭവങ്ങൾ ഓരോന്നായി ചികഞ്ഞെടുത്ത് വിവാദങ്ങൾ സൃഷ്ടിക്കാനും ദേശീയ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി പരസ്യവിചാരണയ്ക്കും മുതിരുന്നത്? മോഡിഭരണം 15 വർഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ‘ചാർസോ പാർ’ മുദ്രാവാക്യവുമായി പ്രചരണത്തിനിറങ്ങിയ മോഡിക്ക് സ്വന്തംപാർട്ടിക്ക് കേവലഭൂരിപക്ഷം ഉറപ്പുവരുത്താനായില്ല. എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ കൂടാതെ സർക്കാർ രൂപീകരിക്കാൻ മോഡിക്ക് കഴിയുമായിരുന്നില്ല. മൂന്നാം മോഡി സർക്കാർ അതിന്റെ കാലാവധി പൂർത്തിയാക്കുമ്പോൾ വികസനവും വളർച്ചയും സംബന്ധിച്ച അവകാശവാദങ്ങൾക്കപ്പുറം തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും മൂലധന നിക്ഷേപങ്ങളുടെ അനിയന്ത്രിതമായ പുറത്തോട്ടുള്ള കുത്തൊഴുക്കിന്റെയും ചിത്രത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മോഡി സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരവും കാപട്യവും തുറന്നുകാട്ടുന്ന പ്രചരണ തന്ത്രമാണ് ഇപ്പോൾ അവസാനിച്ച ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കാണാനായത്. ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രതിപക്ഷ പാർട്ടികളുടെ നടപടിയെ ‘റവഡി സംസ്കാരം’ എന്ന് അധിക്ഷേപിച്ചുപോന്ന മോഡിക്കും കൂട്ടർക്കും വോട്ടിനുവേണ്ടി പണം വാരിയെറിഞ്ഞുള്ള പ്രഖ്യാപനങ്ങൾ കൂടാതെ തെരഞ്ഞെടുപ്പുകളെ നേരിടാനാവില്ലെന്ന് വന്നിരിക്കുന്നു. 1,17,00,000വനിതകൾക്ക് സംരംഭങ്ങൾ ആരംഭിക്കാനെന്ന പേരിൽ 10,000 രൂപ വീതം വിതരണം ചെയ്യുന്ന പദ്ധതി പ്രഖ്യാപിച്ചത് ബിഹാർ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മുമ്പു മാത്രമാണ്. എന്നിട്ടും സ്വന്തം ‘ഹിന്ദുത്വ’ വോട്ട് ബാങ്ക് നിലനിർത്തണമെങ്കിൽ മതവിദ്വേഷം ആളിക്കത്തിച്ചാലേ മതിയാകൂ എന്നതാണ് സ്ഥിതി. അത്തരം ഹീന തന്ത്രങ്ങളുടെ ഭാഗമാണ് ‘വന്ദേ മാതരം’ പോലെയുള്ള ചരിത്ര സംഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ അന്തരീക്ഷം മലീമസമാക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള കുത്സിത ശ്രമം.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.