24 January 2026, Saturday

സിഒപി30: പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ക്ക് അംഗീകാരം

Janayugom Webdesk
ബെലം
November 11, 2025 9:48 pm

ആമസോണിയൻ നഗരമായ ബെലെമിൽ ബ്രസീൽ ആതിഥേയത്വം വഹിക്കുന്ന യുഎന്‍ കാലവസ്ഥാ ഉച്ചകോടിയുടെ (സിഒപി30) പ്രധാന അജണ്ടയ്ക്ക് അംഗീകാരം. ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുക, ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറുന്നതിനുള്ള പാത ഒരുക്കുക, ദരിദ്ര രാജ്യങ്ങളെ കഠിനമായ കാലാവസ്ഥയിൽ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ ധനസഹായം നൽകുക എന്നീ ചര്‍ച്ചാ വിഷയങ്ങള്‍ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ അംഗീകരിച്ചു. കാലാവസ്ഥാ ധനസഹായം പോലുള്ള പ്രധാന വിഷയങ്ങൾ വീണ്ടും അവഗണിക്കപ്പെടുമെന്ന അവകാശ പ്രവര്‍ത്തകരുടെയും രാജ്യങ്ങളുടെയും ആശങ്കകൾക്കിടയിലാണ് അജണ്ടയ്ക്ക് അംഗീകാരം ലഭിച്ചത്.

ഇതിനുപുറമേ, 2027 ലെ യുഎൻ കാലാവസ്ഥാ ഉച്ചകോടി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയില്‍ നടത്താന്‍ രാജ്യങ്ങള്‍ തത്വത്തില്‍ സമ്മതിച്ചു. 2026 ലെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഓസ്‌ട്രേലിയയും തുർക്കിയും മത്സരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് ലോകത്തിലെ ഏറ്റവും ദുർബലമായ സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പസഫിക് ദ്വീപുകളുടെ പങ്കാളിത്തതോടെയാണ് ഓസ്ട്രേലിയ ശ്രമം നടത്തുന്നത്.

അതേസമയം, കാർബൺ രഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതിൽ പരാജയപ്പെടുന്ന സർക്കാരുകൾ ക്ഷാമത്തിനും സംഘര്‍ഷത്തിനും കാരണമാകുമെന്ന് ഐക്യരാഷ്ട്ര സഭാ കാലാവസ്ഥാ മേധാവിയുടെ മുന്നറിയിപ്പ് നല്‍കി. സിഒപി30 ഉച്ചകോടിയില്‍ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ഫ്രെയിംവർക്ക് കൺവെൻഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റീൽ. കാലാവസ്ഥാ ദുരന്തങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുമ്പോൾ, അതിനുള്ള പരിഹാരങ്ങള്‍ ഇതിനോടകം തന്നെ നിലവിലുണ്ടെന്ന് സര്‍ക്കാരുകള്‍ ഓര്‍മ്മിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകം ഇതിനകം തന്നെ അതിശക്തമായ കാലാവസ്ഥ പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് സെെമണ്‍ പറഞ്ഞു. ശക്തമായ ചുഴലിക്കാറ്റുകള്‍, വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവയിലൂടെയാണ് ഇത് സംഭവിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് വര്‍ധിച്ചതോടെ ഭക്ഷ്യ ഉല്പന്നങ്ങളില്‍ വിലക്കയറ്റത്തിന് കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.