
2025 — 2047 ദേശീയ തൊഴിൽ നയം കരടുരേഖ കേന്ദ്ര തൊഴിൽ മന്ത്രാലയം ഒക്ടോബർ എട്ടിന് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ നയം പ്രാബല്യത്തിൽ വരും. ഇത് 500 ദശലക്ഷം തൊഴിലാളികളെ ബാധിക്കുമെന്ന് രേഖ കണക്കാക്കുന്നു. 2025–27, 2027–37, 2037- 47 എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് നയം നടപ്പാക്കുക.
44 കേന്ദ്ര തൊഴിലാളി നിയമങ്ങൾ 29 ആയി വെട്ടിച്ചുരുക്കി വ്യവസായിക ബന്ധം, സാമൂഹ്യസുരക്ഷ, വ്യവസായസുരക്ഷ, വേതനനിർണയം എന്നിങ്ങനെ നാല് പുതിയ ലേബർ കോഡുകളാക്കിയിരിക്കുന്നു. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ ഇവ പാർലമെന്റ് അംഗീകരിച്ചു. ഈ കോഡുകൾ നോട്ടിഫിക്കേഷൻ വഴി പ്രാവർത്തികമാക്കുക മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. അത് ഉടനടി പ്രാബല്യത്തിൽ വരും. ഈ നിയമങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ വെളിവാക്കുന്നതാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള ദേശീയ തൊഴിൽ നയം.
നാം പിന്തുടരുന്നതും, ജസ്റ്റിസ് ഗജേന്ദ്ര ഗഡ്കർ ചെയർമാനായുള്ള ഒന്നാം തൊഴിൽ കമ്മിഷൻ ശുപാർശകൾ പ്രകാരം നടപ്പിലാക്കിയതുമായ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതാണ് ഈ നയം. നിർദിഷ്ട ദേശീയ തൊഴിൽ നയത്തിൽ ഇന്ന് നിലവിലുള്ള തൊഴിൽ നിയമ സമ്പ്രദായങ്ങൾ പാടെ മാറ്റി. ആയിരത്താണ്ട് പഴക്കമുള്ള മനുസ്മൃതി, നാരദസ്മൃതി, ശൂക്ര നീതി, യാജ്ഞവൽക്യസ്മൃതി, അർത്ഥശാസ്ത്രം, ഭാരതീയ സംസ്കാരം എന്നിവയെ അടിസ്ഥാനമാക്കി രൂപം നൽകിയ തൊഴിലാളി നയമാണ് നിലവിൽ വരുന്നത്. തൊഴിൽ എന്നത് ഒരു ധർമ്മമാണ്, അവകാശമല്ല എന്നതാണ് പുതിയ കാഴ്ചപ്പാട്. ഭരണഘടന വിഭാവനം ചെയ്യുന്ന ആമുഖം, മൗലിക അവകാശങ്ങൾ, നിർദേശക തത്വങ്ങൾ, ഫെഡറലിസം മറ്റ് അന്തർദേശീയമായി അംഗീകരിച്ചിട്ടുള്ള അടിസ്ഥാന തത്വങ്ങൾ, കോടതി വിധികൾ എന്നിവയെ പാടെ നിരാകരിക്കുന്നതാണ് ഈ പുതിയ നയം.
ഈ ലേഖകൻ 1988ൽ ഇന്ത്യൻ പാർലമെന്റിൽ തൊഴിൽ മൗലിക അവകാശമാണെന്ന സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. അതിന് പൂർണ അംഗീകാരമാണ് ലഭിച്ചത്. ബംഗളൂരു വാട്ടർ സപ്ലൈ കേസ് മുതൽ അടുത്തിടെ സുപ്രീം കോടതി നടത്തിയിട്ടുള്ള തീരുമാനങ്ങൾ വരെ. തൊഴിൽ ഒരു അവകാശമായി അംഗീകരിക്കുമ്പോൾ അത് നീക്കം ചെയ്ത് ധർമ്മമായി, കടമയായി, സേവനമായി മാറ്റം ചെയ്യുന്നതാണ് പുതിയ നയം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ദർശനങ്ങളെ അപ്പാടെ ഇത് ഉന്മൂലനം ചെയ്യുന്നു.
തൊഴിലാളികൾ ദുർബലരും, തൊഴിലുടമകൾ ശക്തരും ആകയാൽ തൊഴിലാളി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് തൊഴിൽ മന്ത്രാലയവും അതിന്റെ കീഴിലുള്ള സംവിധാനങ്ങളും. പുതിയ ദേശീയ നയവും, അതിനനുസൃതമായ കോഡുകളും നടപ്പാക്കുമ്പോൾ തൊഴിൽ വകുപ്പ് തൊഴിലുടമകളെ സംരക്ഷിക്കുന്ന വകുപ്പ് മാത്രമായി മാറുന്നു.
ഉല്പാദന വർധനവിന് ഏതു മാർഗവും തൊഴിലുടമകൾക്ക് സ്വീകരിക്കാം. കരാർ സമ്പ്രദായത്തിലൂടെ വ്യവസായ ബന്ധങ്ങളെ നിർണയിക്കാൻ കഴിയുന്ന വ്യവസായ ബന്ധ നിയമങ്ങളും ഈ നയത്തിൽ അടങ്ങിയിരിക്കുന്നു. നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ വരുന്നതോടെ ഇന്നത്തെ തൊഴിൽ — തൊഴിലുടമ ബന്ധങ്ങൾ രാജധർമ്മത്തിലേക്കും, ചാതുർവർണ്യത്തിലേക്കുമാണ് നയിക്കുക. ഇവിടെയാണ് ഡോ. റാം മനോഹർ ലോഹ്യ വിശദീകരിച്ച ജാതി സമ്പ്രദായം ഉടലെടുക്കുന്നത്. ‘ചലനമറ്റവർഗം’ ആണ് ജാതി എന്ന നിലയിൽ തൊഴിൽ ചെയ്യുന്നവൻ കീഴ്ജാതിയായും, തൊഴിലുടമകൾ മേൽ ജാതിയായും പരിണമിക്കുന്നു. മനുസ്മൃതിയുടെ തത്വശാസ്ത്രം പ്രാവർത്തികമാക്കുകയാണ് പുതിയ തൊഴിൽ നയം. ഭാരതീയ സംസ്കാരം എന്നതു വഴി ഭരണകൂടം നമ്മെ ജീർണിച്ച സാമൂഹ്യ വ്യവസ്ഥയിലേക്കും ഏകലവ്യന്മാരെ സംഭാവന ചെയ്യുന്ന തൊഴിലാളി ബന്ധങ്ങളിലേക്കും വഴി തിരിച്ചുവിടുകയാണ്. ഈ പുത്തൻ നയം പുതിയ ഒരു ജാതി വ്യവസ്ഥയിലേക്കാണ് നമ്മെ എത്തിക്കുക. ഉല്പാദന ബന്ധങ്ങളിലും, ഉല്പാദന ഉപാധികളിലും വരുന്ന വമ്പിച്ച മാറ്റത്തിന്റെ ഫലമായി അന്യവല്‍ക്കരിക്കപ്പെടുന്നത് 800 ദശലക്ഷം ഇന്ത്യൻ തൊഴിലാളികളാണ്.
ഇന്ത്യയെന്ന ജനാധിപത്യ മതേതര രാഷ്ട്രം മുമ്പോട്ട് പോകുന്നത് നാം അംഗീകരിച്ചിട്ടുള്ള ഭരണഘടനയ്ക്ക് അനുസൃതമായാണ്. ഭരണഘടനയുടെ ആമുഖവും, മൂന്നാം അധ്യായത്തിലെ മൗലിക അവകാശങ്ങളും, നാലാം അധ്യായത്തിലെ നിർദേശക തത്വങ്ങളും, ഫെഡറലിസവും പാടെ ഇല്ലാതാക്കുന്നതാണ് ഈ തൊഴിൽ നയം. ദുർബല തൊഴിലാളികൾ മുഴുവനായും തെരുവിലേക്ക് എറിയപ്പെടും. അവർ ധർമ്മത്തിന്റെയും, ഔദാര്യത്തിന്റെയും മറവിൽ അവകാശങ്ങളില്ലാത്ത അടിമകളാകും. നൂറ്റാണ്ടുകളായി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ നഷ്ടപ്പെടുമെന്ന് മാത്രമല്ല മനുസ്മൃതിയും, ഏകാത്മക മാനവവാദവും, ജീർണിച്ച പുരാതന സംസ്കാരവും പുതിയ തൊഴിൽ രംഗമായി മാറുന്നതാണ്.
പുതിയ തൊഴിൽ നയം അപ്രായോഗികമാണ്. കേവലം 39% ആളുകൾക്ക് മാത്രം അറിയാവുന്ന ഡിജിറ്റൽ സമ്പ്രദായം മനുഷ്യ നിർമ്മിത ബുദ്ധി (എഐ) എന്നിവയാണ് ഈ നയം നടപ്പാക്കുന്നതിന് ഉപയോഗിക്കുക. തൊഴിൽ എടുക്കുന്ന ഒരു വലിയ വിഭാഗം ഇതോടെ പുറന്തള്ളപ്പെടും. ഇത് ഒരു പുതിയ വർഗസമര സാധ്യത അനിവാര്യമാക്കിത്തീർക്കുന്നു. ട്രേഡ് യൂണിയനും, കൂട്ടായ വിലപേശലും കളരിക്ക് പുറത്താണ്, യന്ത്രവല്‍ക്കരണം, കരാർ സമ്പ്രദായം, പരിശോധനകളില്ലാത്ത വ്യവസായ സ്വാതന്ത്ര്യം എന്നിവ യഥേഷ്ടം നടത്താൻ കഴിയുന്ന തൊഴിലുടമയും നിർബന്ധിത സാഹചര്യങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളും തുല്യതാബോധം ഇല്ലാതാക്കുന്നു. നിർദിഷ്ട ദേശീയ തൊഴിൽ നയം പ്രാവർത്തികമാക്കിയാൽ തൊഴിൽ ഉടമ (എന്റര്‍പ്രെണര്‍), തൊഴിലാളി എന്ന കൂലി അടിമ എന്നീ രണ്ട് വർഗങ്ങളായി സമൂഹം വേർതിരിക്കപ്പെടും. ഇത് പുതിയ ഒരു വർഗസമരത്തിന്റെ വിത്ത് പാകുകയാണ്.
ഭരണഘടനയുടെ നേരെ വിപരീത ദിശയിലേക്കുള്ള പ്രയാണമാണ് പുത്തൻ ദേശീയ തൊഴിൽ നയം. പുരാതന ഇതിഹാസങ്ങളിലും, സ്മൃതികളിലും നിന്ന് ഊർജം ഉൾക്കൊണ്ട് വരുന്ന ഈ ദേശീയ തൊഴിൽ നയം ഉല്പാദന ഉപാധികളിലും, ഉല്പാദന ബന്ധങ്ങളിലും വന്നിട്ടുള്ള മാറ്റത്തിന്റെ ഫലമായി നമ്മെ പുതിയ സംഘർഷത്തിലേക്കാണ് നയിക്കുക.
ഒരു ജനാധിപത്യ സമ്പ്രദായത്തിൽ ഉല്പാദകന് മേലാളിത്വവും തൊഴിൽ ചെയ്യുന്നവന് കീഴാളത്തവും സംഭാവന ചെയ്യുന്ന നയം സ്വാഗതാർഹമല്ല. സാമൂഹ്യ സംഘർഷത്തിന് വഴി തെളിക്കുന്ന ഇത് തുല്യതാബോധത്തിന്റെ ശവപ്പറമ്പും ചൂഷണത്തിന്റെ വിളനിലവുമായി മാറും. സമ്പത്തിന് സമ്പൂർണ മേൽക്കോയ്മ നല്കുന്ന ഈ പുത്തൻ തൊഴിൽ നയം നിരാകരിക്കപ്പെടേണ്ടതാണ്. എന്നാൽ കുൽസിത മാർഗങ്ങളിലൂടെ കേന്ദ്ര ഗവൺമെന്റ് ഇത് നടപ്പാക്കാനുള്ള തത്രപ്പാടിലാണ്.
പുതിയ ദേശീയ തൊഴിൽ നയം അനുസരിച്ച് അവ നടപ്പാക്കുന്നത് കേന്ദ്രം, സംസ്ഥാനം, ജില്ല എന്ന മൂന്ന് സംവിധാനങ്ങളിലൂടെ ആയിരിക്കും. ഡൽഹിയിലെ വി വി ഗിരി ലേബർ ഇൻസ്റ്റിറ്റ്യൂട്ട് തൊഴിലാളികളുടെ കഴിവ് വർധിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസിയാകും. എല്ലാ നടപടിക്രമങ്ങളും ഡിജിറ്റലായി, ആപ്പ് സംവിധാന ത്തിലേക്ക് മാറും. എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് — നിർമ്മിത ബുദ്ധി) ആയിരിക്കും തൊഴിൽ കാര്യങ്ങൾ കൈകാര്യം ചെയുക. തൊഴിൽ മന്ത്രാലയം ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന, ചുമതല നിർവഹിക്കുന്ന മന്ത്രാലയമായി മാത്രം കണക്കാക്കപ്പെടും. ഇപ്പോൾ സംഭരിച്ചുവച്ചിട്ടുള്ള പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ, പിഎംവൈ ഫണ്ട് തുടങ്ങിയ തൊഴിലാളികളുടെ പൂർണ അവകാശമായ സമ്പത്ത് മുഴുവനായും ഒറ്റ സാമൂഹ്യസുരക്ഷാ ഫണ്ടിലേക്ക് നീക്കം ചെയ്യപ്പെടും. കോടിക്കണക്ക് വരുന്ന ഫണ്ട് ഏകീകരിക്കുന്നത് ഗവൺമെന്റിന്റെ വരുതിയിൽ കൊണ്ടുവരുന്നതിന് ഇത് സഹായകരമാണ്. തൊഴിലാളികളുടെ സങ്കടങ്ങൾ ബോധിപ്പിക്കുവാനുള്ള പോർട്ടൽ ഉണ്ടാകും. അവ കൈകാര്യം ചെയ്യുന്നത് നിർമ്മിതബുദ്ധി (എ ഐ) കളായിരിക്കും. കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളിക്ക്, അവർ തൊഴിലുടമയുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന്റെ ലംഘനം ഉണ്ടായാൽ ഈ പോർട്ടൽ ഉപയോഗിക്കാം. ഈ പുതിയ നയത്തിൽ സ്ഥിരം — താൽക്കാലിക — കാഷ്വൽ തുടങ്ങിയ തൊഴിലാളികൾ ഉണ്ടാകുകയില്ല. തൊഴിൽ ഉടമയും — തൊഴിലാളികളും തമ്മിൽ കൈമാറുന്ന ഉടമ്പടിയാണ് തൊഴിൽ മേഖലയെ മുന്നോട്ട് നയിക്കുക. കമ്പ്യൂട്ടർ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികൾ അവകാശ സംരക്ഷണങ്ങൾക്ക് പുറത്താണ്. 60% തൊഴിലാളികൾക്ക് അറിവില്ലാത്ത കമ്പ്യൂട്ടർ തൊഴിൽ മേഖലയെ നയിക്കുമെന്ന സ്ഥിതിവിശേഷം വന്നാൽ ബഹുഭൂരിപക്ഷം ആളുകളും തൊഴിലുടമയുടെ ഔദാര്യത്തിന് വഴങ്ങേണ്ടി വരും. അവർ നിരാലംബരും അവകാശങ്ങൾ നേടിയെടുക്കാൻ കഴിയാത്തവരുമാകും. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ പദ്ധതികൾ ഉണ്ട് എന്നവകാശപ്പെടുമ്പോൾ സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന പിന്നാക്കക്കാരും, പട്ടികജാതിക്കാരും ശബ്ദം ഇല്ലാത്തവരായി പിന്തള്ളപ്പെടും. നാം പിന്തുടർന്നുവരുന്ന റിസർവേഷൻ സമ്പ്രദായം നിരാകരിച്ച് പിന്നാക്ക അധഃസ്ഥിതവിഭാഗത്തെ തീർത്തും ജീവിക്കാൻ അനു വദിക്കാത്ത സ്ഥിതിവിശേഷമാണ് ഇതുമൂലമുണ്ടാകുക. 2047ലെ വികസിത ഭാരതമെന്ന സങ്കല്പത്തിൽ ബഹുഭൂരിപക്ഷം തൊഴിലാളികളും പാടെ ഉപേക്ഷിക്കപ്പെട്ടവരാകുന്നതാണ് നിർദിഷ്ട വികസന പരിപാടികൾ.
തൊഴിൽ അവകാശം എന്നതിന് പകരം ധർമ്മം എന്ന് നിർവചിക്കപ്പെടുകയും ജനസംഖ്യയുടെ ബഹുഭൂരിപക്ഷമായ തൊഴിലാളികൾ അന്യവല്‍ക്കരിക്കപ്പെടുകയും ഭരണകൂടം എന്നത് അവകാശസംരക്ഷണത്തിന് ഉതകുന്ന സമ്പ്രദായം എന്നതിന് പകരം തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും, കഴിവ് വർധിപ്പിക്കുവാനുള്ള ഉപാധിയായി മാറുകയും ചെയ്യുമ്പോൾ ഭരണഘടനാ ശില്പിയായ ഡോ. ബി ആർ അംബേദ്ക്കർ ചൂണ്ടികാട്ടിയ തുല്യതാബോധവും, വികസനവും പാടെ ഇല്ലായ്മ ചെയ്യപ്പെടുകയാണ്. അദ്ദേഹം ചുട്ടെരിച്ച മനുസ്മൃതി പുനരുജീവിപ്പിക്കുന്ന ഈ ദേശീയ തൊഴിൽ നയം പാടെ നിരാകരിക്കപ്പെടണം.
(ലേഖകൻ മുൻ എംപിയും, എച്ച്എംഎസ് മുൻ ദേശീയ പ്രസിഡന്റും അഭിഭാഷകനുമാണ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.