
കൃത്യം നാല്പത്തഞ്ചു വർഷം മുമ്പ് 1980 നവംബർ 16 നാണ് കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിക്കോപ്ടർ അപകടത്തിൽ ജയൻ നമ്മെ വിട്ടുപോകുന്നത്. അദ്ദേഹത്തിന്റെ ആകസ്മിക വേർപാടിൽ ആരാധകർ മനസ് മരവിച്ചിരിക്കുമ്പോൾ നവംബർ 27ന് പ്രേംനസീറും ജയനും അഭിനയിച്ച ‘നായാട്ട്’ എന്ന സിനിമ പ്രദർശനത്തിനെത്തി.
പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള ജയന്റെ തകർപ്പൻ പ്രകടനവും പ്രേംനസീറുമായുള്ള കിടിലൻ സംഘട്ടനവും കണ്ട് ആകാംഷയോടെ കാത്തിരിക്കുമ്പോഴാണ് ഇടവേള കഴിഞ്ഞ്, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഒരു ഗാനരംഗം വരുന്നത്. വില്ലന്റെ സങ്കേതത്തിൽ ഏകനായി നിൽക്കുന്ന ജയൻ. നൃത്തം ചെയ്യാൻ തയ്യാറെടുത്ത് ചുറ്റും തരുണീമണികൾ. അതിലൊരുത്തി ജയനെ തൊട്ടുരുമ്മി, കയ്യിൽ കത്തിയും പിടിച്ച് ലാസ്യഭാവത്തിൽ പാടുകയാണ്.
‘കണ്ടത് കണ്ണുകൾ തൻ സുകൃതം…’
ഗർജനം എന്ന സിനിമയിൽ ജയൻ അഭിനയിച്ച ഗാനരംഗം നായാട്ടിനൊപ്പം സൈഡ് റീലായി കാണിക്കുകയാണ്. പാട്ടിനിടയിൽ വില്ലൻ ഒരു നർത്തകിയെ തന്റെേ കയ്യിലുള്ള തോക്കിൽ നിന്ന് നിറയൊഴിക്കുന്നു. നർത്തകിയുടെ നിലവിളി ഉയരുന്നു. രംഗം നിശ്ചലം… പിന്നെ ജയൻ ഗാനം പൂർത്തിയാക്കുന്നു.
“കടലലയിൽ കുതിച്ചുയരും മീനവനെന്നറിയുക നീ
കണ്ണുകളാൽ കാണ്മതെല്ലാം ഉണ്മയല്ലെന്നറിയുക നീ
പാപി നിൻ സുസ്മേരം… അന്ത്യങ്ങൾക്കുന്മാദം
ജുംതക ജുംതക ജുംതകതാ…
കൂട്ടിനൊരാളെയും കിട്ടിയെടി…”
ഈ ഗാനത്തിനു ശേഷം ജയന്റെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗം. തുടർന്ന് ‘തമ്പുരാട്ടി നിൻ കൊട്ടാരത്തിൽ…’ എന്നു തുടങ്ങുന്ന ഗാനരംഗവും.
‘നായാട്ട്’ പൂർത്തിയായ ഉടനെത്തന്നെ ഗർജ്ജനം എന്ന സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ജയൻ അഭിനയിച്ച രണ്ടു ഗാനരംഗങ്ങളും ഒരു സംഘട്ടന രംഗവുമാണ് ആകെ ചിത്രീകരിക്കാനായത്. അതാണ് നായാട്ട് എന്ന സിനിമയോടൊപ്പം സൈഡ് റീലായി കാണിച്ചത്. 45 വർഷങ്ങൾക്കു മുമ്പ് കണ്ട ഈ ദൃശ്യങ്ങളും പാട്ടിന്റെ വരികളും തെളിമയോടെ ഇന്നും മനസിലുണ്ട്.
അമിതാബ് ബച്ചനെ സൂപ്പർതാരമാക്കിയ ‘സഞ്ജീർ’ എന്ന സിനിമയുടെ റീമേക്ക് ആയിരുന്നല്ലോ നായാട്ട്. അതിൽ വില്ലനായ അജിത്തിന്റെ ഒരു നിശാപ്പാർട്ടിയിൽ ബച്ചൻ പങ്കെടുക്കുന്ന രംഗത്തിൽ ബിന്ദു എന്ന നടി പാടിയാടുന്ന, ജനപ്രിയ ഗാനമാണ് ‘ദിൽജലോൻ ക ദിൽ ജലാ കെ…’ ഈ ഗാനസന്ദർഭം മലയാളത്തിലുമുണ്ട്. അനുരാധയും ലാലു അലക്സും കൂടി വില്ലനായ സണ്ണിയുടെ ഭവനത്തിൽ നടക്കുന്ന പാർട്ടിയിൽ ആടിപ്പാടുന്ന ‘എന്നെ ഞാനേ മറന്നു…’ എന്ന ഗാനരംഗം. ജയൻ കണ്ടുകൊണ്ടു നിൽക്കുന്ന ഈ ഗാനം പ്രദർശനത്തിന്റെ ആദ്യവാരത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. ഗർജനത്തിലെ ഗാനരംഗങ്ങളും സംഘട്ടനവും കൂട്ടിച്ചേർത്തപ്പോൾ, സിനിമയുടെ നീളം കുറയ്ക്കാനായി രണ്ടാം വാരം മുതൽ ഈ നൃത്തഗാനം മുറിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഒരു പ്രിന്റിലും ഉൾപ്പെടുത്തിയുമില്ല! ഒട്ടേറെ മനോഹരമായ ഗാനരംഗങ്ങളിൽ ജയൻ തിളങ്ങിയിട്ടുണ്ട്.
1974 ൽ പുറത്തിറങ്ങിയ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന സിനിമയിലെ അതീവ ഹൃദ്യമായ ഒരു ഗാനം പാടിക്കൊണ്ടാണ് ജയൻ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ആ ഗാനമിങ്ങനെ:
‘ആദ്യത്തെ രാത്രിയെ വരവേൽക്കാൻ
കാർത്തിക വിളക്കുകൾ കൊളുത്തി’
(രചന: പി ഭാസ്കരൻ, സംഗീതം: ജി. ദേവരാജൻ. പാടിയത്: യേശുദാസ്).
കെ പി ഉമ്മറിന്റെയും ഷീലയുടെയും വിവാഹച്ചടങ്ങിൽ ആശംസകൾ നേർന്ന് ജയൻ പാടുന്നതാണ് സന്ദർഭം. ദേവരാജന്റെ ഈണത്തിൽ വേറേയും മനോഹര ഗാനങ്ങൾ ജയൻ പാടിയഭിനയിച്ചിട്ടുണ്ട്. ഐ വി ശശി സംവിധാനം ചെയ്ത പ്രേംനസീർ നായകനായ അഞ്ജലി എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ,
‘ജനുവരി രാവിൽ എൻ മലർ വനിയിയിൽ’
(രചന: ശ്രീകുമാരൻ തമ്പി, പാടിയത്: യേശുദാസ്, വർഷം 1977). സുഹൃത്തിന്റെ ഭാര്യയായ രാജകോകിലയെ വളച്ചെടുക്കലാണ് പാട്ടിലൂടെ ജയന്റെ ലക്ഷ്യം.
‘മോചനം’ എന്ന സിനിമയിൽ ഉണ്ണിമേരിയുമൊരുമിച്ച് സ്വപ്നരംഗമെന്നോണം ചിത്രീകരിച്ച, ‘ധന്യേ ധന്യേ… മനസ്സിലെ പൂങ്കുയിൽ നിന്നെക്കുറിച്ചിന്നു പാടീ’ എന്ന പാട്ടും ജയൻ ശ്രദ്ധേയമാക്കി. (എം ഡി രാജേന്ദ്രൻ, യേശുദാസ്, 1979)
(മിമിക്രിക്കാർ ജയന്റേതാക്കി മാറ്റിയ ഒരു ഗാനം ദേവരാജന്റെ ഈണത്തിലുണ്ട്. ‘മീൻ’ എന്ന സിനിമയിലെ ‘ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളേ…’ യേശുദാസ് പാടിയ ഈ ഗാനം സിനിമയിൽ പാടുന്നതാകട്ടെ ജോസും). ജയനെക്കുറിച്ച് ഓർക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റ് ഗാനം മനസിൽ തെളിയാതിരിക്കില്ല. ഒരു വിവാഹ സൽക്കാരവേളയിൽ പാടുന്ന,
‘കസ്തൂരിമാൻമിഴി മലർശരമെയ്തു’ (മനുഷ്യമൃഗം, പാപ്പനംകോട് ലക്ഷ്മണൻ, കെ ജെ ജോയ്, യേശുദാസ്, 1980).
ഗാനരംഗങ്ങളിലെ തന്റെ ചടുലമായ നൃത്തച്ചുവടുകളാൽ ജയൻ ആരാധകരെ വിസ്മയിപ്പിച്ചു. സിംഗപ്പൂർ നടിയായ ‘മാഡലിൻ ടോ‘യുമൊത്ത് സിംഗപ്പൂർ തെരുവോരങ്ങളിലൂടെ ആടിപ്പാടുന്ന,
‘ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ’ (ചിത്രം: ലൗ ഇൻ സിംഗപ്പൂർ, രചന: ഏറ്റുമാനൂർ ശ്രീകുമാർ, സംഗീതം: ശങ്കർ ഗണേഷ്, പാടിയത്: പി ജയചന്ദ്രൻ, പി സുശീല, വർഷം: 1980), ഇതേ ചിത്രത്തിലെ ‘ഞാൻ രാജ മഹരാജ…’(ജയചന്ദ്രൻ), തന്റെ കാമുകിയും കാബറ ഡാൻസറുമായ ജയഭാരതിയുടെ കൂടെ നിശാക്ലബിൽ പാടുന്ന, ‘ജിൽ ജിൽ ചിലമ്പനങ്ങി ചിരിയിൽ’ (പുതിയ വെളിച്ചം, ശ്രീകുമാരൻ തമ്പി, സലിൽ ചൗധരി, പി. ജയചന്ദ്രൻ & പി സുശീല, 1979) എന്നീ ഗാനങ്ങൾ അവയിൽ ചിലതു മാത്രം.
‘അവനോ അതോ അവളോ? ’ എന്ന ചിത്രത്തിൽ ബോട്ടിലൂടെ യാത്ര ചെയ്ത് പ്രകൃതി ഭംഗി ആസ്വദിച്ച് ജയൻ പാടുന്നു: ‘വെള്ളി മേഘം ചേല ചുറ്റിയ മാമലകൾ’ (ബിച്ചുതിരുമല, എം. കെ. അർജുനൻ, ജയചന്ദ്രൻ, 1979). ഇതേ ചിത്രത്തിൽ യേശുദാസിന്റെ ശബ്ദത്തിൽ ജയൻ പാടിയ ‘തുളസീവനം വിരിഞ്ഞു…’ എന്ന ഗാനവുമുണ്ട്. ‘ഏതോ ഒരു സ്വപ്നം’ എന്ന ചിത്രത്തിൽ ആൾ ദൈവമാണ് ജയൻ. തന്റെ ആശ്രമത്തിലെത്തുന്ന ഭക്തരുടെ മുന്നിലിരുന്നു ജയൻ ഭക്തി നിർഭരമായി പാടുന്നു:
‘ശ്രീപദം വിടർന്ന സരസീരുഹത്തിൽ…’ (ശ്രീകുമാരൻ തമ്പി, സലിൽ ചൗധരി, യേശുദാസ്, 1978), ‘സർപ്പം’ എന്ന ചിത്രത്തിലെ സ്വപ്നരംഗത്തിൽ നർത്തകികൾക്കൊപ്പം ജയനും സീമയും ‘എഴാം മാളിക മേലേ ഏതോ കാമിനി പോലേ ’ എന്ന ഗാനവുമായി എത്തി. (ബിച്ചു തിരുമല, കെ ജെ ജോയ്, യേശുദാസ്, വാണിജയറാം, 1979). ‘അങ്ങാടി’ എന്ന ചിത്രത്തിൽ, പണക്കാരി പെൺകുട്ടിയായ സീമ ജയനെ കാണാനായി അദ്ദേഹത്തിന്റെ കുടിലിലെത്തുന്നു. അവിടെ വച്ച് ഇരുവരുടെയും കണ്ണുകളിലുടെ പ്രണയം മൊട്ടിടുന്നു. തുടർന്ന്,
‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ
കഥകൾ കൈമാറും അനുരാഗമേ’ എന്ന ഗാനത്തിന്റെ വരവായി. (ബിച്ചു തിരുമല, ശ്യാം, യേശുദാസ്, എസ് ജാനകി, 1980)
സാമ്യമുള്ള ഒരു ഗാനം നായാട്ട് എന്ന സിനിമയിലുണ്ട്: ‘കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം കളഞ്ഞുപോയൊരാ സ്വപ്നങ്ങൾ. ഗാനരംഗത്ത് ജയനും സറീന വഹാബും. പശ്ചാത്തലമായാണ് ഗാനം ഉൾപ്പെടുത്തിയത്. (ശ്രീകുമാരൻ തമ്പി, ശ്യാം, പി ജയചന്ദ്രൻ, വാണി ജയറാം). കരിപുരണ്ട ജീവിതങ്ങൾ എന്ന സിനിമയിൽ ജയനും ജയഭാരതിയും ചേർന്ന് പാടുന്നു:
‘കുടമുല്ലക്കാവിലെ കുസൃതിക്കാറ്റേ…’
വിവാഹം കഴിഞ്ഞുള്ള ഭാവി ജീവിതം എങ്ങനെയാകാണമെന്ന് സ്വപ്നം കാണുകയാണ് കമിതാക്കൾ. ശ്രീകുമാരൻ തമ്പിയുടെ ‘ഇടിമുഴക്ക’ത്തിൽ മീശയില്ലാത്ത ജയനാണ് ശോഭന (റോജ രമണി)യുമൊരുമിച്ച് ‘കാലം തെളിഞ്ഞു പാടം കനിഞ്ഞു… ’ എന്ന യുഗ്മഗാനം പാടുന്നത്. (ശ്രീകുമാരൻ തമ്പി, ശ്യാം, പി ജയചന്ദ്രൻ, എസ് ജാനകി, 1980). എന്നാൽ കഴുകൻ എന്ന സിനിമയിൽ കപ്പട മീശയുമായി ജയൻ പാടുന്ന ഗാനമാണ് ‘എന്തിനീ ജീവിത വേഷം’ (ശ്രീകുമാരൻ തമ്പി, എം കെ അർജുനൻ, യേശുദാസ്, 1979)
‘കൊമ്പിൽ കിലുക്കും കെട്ടി…’ എന്ന പാട്ട് പാടിയാണ് ചന്തയിൽ സാധനങ്ങൾ വിറ്റ് കാളവണ്ടിയിൽ ജയനും രവിമേനോനും ബാലൻ കെ നായരും സംഘവും മടങ്ങുന്നത്. (കരിമ്പന, ബിച്ചു തിരുമല, എ ടി ഉമ്മർ, യേശുദാസും സംഘവും, 1980)
‘ദൂരെ പ്രണയകവിത പാടുന്നു’ (ദീപം), ‘നീരാട്ട് എൻ മാനസറാണി’ (അനുപല്ലവി), ‘കാറ്റും ഈ കാടിൻ്റെ കുളിരും’ (തടവറ), ‘പൗർണമിപ്പെണ്ണേ…’ (ബെൻസ് വാസു), ‘ആകാശഗംഗാതീരത്തു നിന്നും… (മൂർഖൻ). ഇങ്ങനെ എത്രയെത്ര പ്രണയഗാനങ്ങളിലൂടെയാണ് ജയൻ ആരാധകരുടെ മനം കവർന്നത്.
ഒരു വിരുന്നുസൽക്കാരത്തിൽ സുമലതയോടെപ്പം മനോഹരമായി ചുവടുവയ്ക്കുന്ന ജയനെ, തന്റെ ജീവനെടുത്ത ‘കോളിളക്ക’ത്തിൽ നമുക്ക് കാണാം. ഒരുപക്ഷേ, കുറച്ചു കാലം കൂടി ജയൻ ഉണ്ടായിരുന്നെങ്കിൽ കോരിത്തരിപ്പിക്കുന്ന സംഘട്ടനങ്ങൾ കൂടാതെ ആകർഷകമായ ഗാനങ്ങളും നൃത്തരംഗങ്ങളും കാണാൻ നമുക്ക് ഭാഗ്യമുണ്ടായേനെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.