
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 150-ാം വാര്‍ഷികാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബങ്കിം ചന്ദ്ര ചാറ്റര്‍ജി ഒരു സ്വതന്ത്ര ഗാനമായി രചിച്ച ഇത് പിന്നീട് 1882ല്‍ തന്റെ ആനന്ദമഠം എന്ന നോവലില്‍ അദ്ദേഹം ഉള്‍പ്പെടുത്തുകയായിരുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍, മിക്ക ദേശീയവാദികളും അന്നും ഇന്നും ഒരു സ്വതന്ത്ര രചനയായി ഈ ഗാനത്തെ വായിക്കുന്നുണ്ടെങ്കിലും നോവലും ഗാനവും യഥാര്‍ത്ഥത്തില്‍ പരസ്പര പൂരകമാണെന്ന് ഞാന്‍ കരുതുന്നു. ‘വന്ദേമാതരം’ എന്നത് മാതൃരാജ്യത്തിന്റെ ദേവതയ്ക്കുള്ള ഒരു സ്തുതിഗീതമാണ്; ബങ്കിം സ്വയം തയ്യാറാക്കിയ ഒരു ദേവത. അവള് വൈകാതെ ഹിന്ദു ആരാധനയുടെ കേന്ദ്ര സ്ഥാനത്തേക്ക് കുതിച്ചു. ജവഹര്‍ലാല്‍ നെഹ്രു 1920കളില്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ, അവരാണ് യഥാര്‍ത്ഥ രാജ്യം എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, അവരതിനെ പരിഹസിച്ചു. രാജ്യം ഒരു ദേവതയാണെന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. ‘എല്ലാ ക്ഷേത്രങ്ങളിലും ഞങ്ങള്‍ ആരാധിക്കുന്നത് നിന്റെ പ്രതിരൂപത്തെയാണ്’ എന്ന ഗീതത്തിലെ വരികള്‍ ഞൊടിയിടയില്‍ സത്യമായി. 18-ാം നൂറ്റാണ്ടിന്റെ അവസാനം വിനാശകരമായ ക്ഷാമം ബംഗാളിനെ തകര്‍ത്തു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പിന്തുണയോടെ ഒരു പാവ നവാബ് ആയിരുന്നു അന്ന് ഭരിച്ചിരുന്നത്. ആവര്‍ത്തിച്ചുള്ള വിളനാശങ്ങള്ക്കിടയിലും കര്‍ഷകരെ കമ്പനി നിരന്തരം ചൂഷണം ചെയ്തു. എന്നാല്‍ മുസ്ലിം നവാബാണ് കുറ്റക്കാരനെന്ന് ബങ്കിം ചിത്രീകരിച്ചു. മുസ്ലിം ദുഷ്ടതയുടെ ഭയാനകമായ ചിത്രമായി അത് വികസിച്ചു. ഒരു വശത്ത് നവാബും കമ്പനി സേനയും മറുവശത്ത് ആയുധധാരികളായ ഹിന്ദു സന്ന്യാസിമാരും മുസ്ലിം ഫക്കീര്മാരുമായി കടുത്ത യുദ്ധങ്ങള്‍ ഉണ്ടായിരുന്നു. ബങ്കിം തന്റെ വിവരണത്തില്‍ നിന്ന് ഫക്കീര്‍ കലാപങ്ങളെ ഒഴിവാക്കി.
‘ഉയര്‍ന്ന ജാതി‘ക്കാരായ സന്ന്യാസിമാരുടെ സംഘം മുസ്ലിങ്ങളെ കൊല്ലാനും, അവരുടെ കുടിലുകള്‍ കൊള്ളയടിക്കാനും, പള്ളികള്‍ തകര്‍ക്കാനും, സ്ത്രീകളെ പിടികൂടാനും, മരിച്ചവരുടെ മുഖത്ത് ചവിട്ടാനും ഗ്രാമീണ ഹിന്ദുക്കളെ പ്രേരിപ്പിക്കുന്നു. യുദ്ധം തുടരുന്നിടത്തോളം ജാതി ശ്രേണികള്‍ താല്‍ക്കാലികമായി മാറ്റിവയ്ക്കുന്നു. എന്നാല്‍ വിജയത്തിനുശേഷം അവ പുനഃസ്ഥാപിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. ബ്രിട്ടീഷുകാര്‍ താരതമ്യേന ചെറിയ ശത്രുക്കളാണ്. അവരെ ഇല്ലാതാക്കാന്‍ സമയം വന്നിട്ടില്ലെന്നും ഹിന്ദുക്കള്‍ ആദ്യം അവരുടെ കഴിവുകള്‍ പഠിക്കണമെന്നും ഒരു അഭൗമ ശബ്ദം വിമത നേതൃത്വത്തെ ആശ്വസിപ്പിക്കുന്നു. മറുവശത്ത്, മുസ്ലിങ്ങള്‍ക്കെതിരായ രക്തച്ചൊരിച്ചില്‍ ഏറ്റവും വിശുദ്ധ കടമയായി ദേവി നിശ്ചയിക്കുന്നു. ഇതിലെ മാതൃരാജ്യത്തിന്റെ ദേവി, മൂന്ന് ദേവതകളുടെ സംയോജനമാണ് — ജഗദ് ധാത്രി, കാളി, ദുര്‍ഗ. തന്റെ മക്കള്‍ ശത്രുവിനെ തകര്‍ത്തുകഴിഞ്ഞാല്‍, വര്‍ത്തമാനകാലത്തെ നാണക്കേടില്‍ നിന്നും ഭൂതകാല പ്രതാപത്തിനും ഭാവിയിലെ മഹത്വത്തിനും ഉടമയാകുന്നവള്. ഗാനം സൗമ്യമായും ആര്ദ്രമായുമാണ് ആരംഭിക്കുന്നത്. ആദ്യത്തെ രണ്ട് ഖണ്ഡങ്ങളില്‍ സമൃദ്ധവും ശാന്തവുമായ ഭൂമിയെ, സമൃദ്ധവും മൃദുവുമായ സംസ്കൃത വാക്കുകളില്‍ പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ താമസിയാതെ, അത് വാളുകളുടെ മൂര്‍ച്ചയിലേക്ക്, ശത്രുവിന് നാശം വിതറാന്‍ ഉയര്‍ത്തിയ ഇടിമുഴക്കമുള്ള ശബ്ദങ്ങളിലേക്ക് മാറുന്നു. ഭൂമി അസുരന്മാരെ നിഗ്രഹിക്കുന്ന ദേവതയായി മാറുന്നു. 10 കൈകളിലും മാരകായുധങ്ങളുണ്ട്. യുദ്ധകാഹളത്തിന് അനുയോജ്യമായ രീതിയില്‍ ശബ്ദ — പ്രഭാവങ്ങള്‍ ഇപ്പോള്‍ കഠിനവും തിരയിളക്കുന്നതുമാകുന്നു. വാക്കുകള്ക്കുമേലുള്ള ബങ്കിമിന്റെ സമാനതകളില്ലാത്ത വൈദഗ്ധ്യത്താല്‍ അവതരിപ്പിക്കപ്പെടുന്ന കവിതയും ഗദ്യവും വികാരഭരിതമായ വാചാടോപം കൊണ്ട് വായനക്കാരെ ആകര്‍ഷിച്ചു. നിരവധി രാഷ്ട്രീയ ആവാസ വ്യവസ്ഥകള്‍ ഈ ഗാനത്തിനുണ്ടായിരുന്നു. കൊളോണിയല്‍ വിരുദ്ധ പ്രകടനങ്ങളില്‍ കോണ്‍ഗ്രസ് ഇത് ഒരു മുദ്രാവാക്യമായി ഉപയോഗിച്ചു. അതേസമയം വര്‍ഗീയ അക്രമങ്ങളില്‍ ഹിന്ദു ദേശീയവാദികളും ഇത് ആലപിച്ചു. ബങ്കിമിന്റെ ജീവിതകാലത്ത് പോലും, മുസ്ലിം വിമര്‍ശകര്‍ നോവലും ഗാനവും വളരെയധികം വേദനിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. അവര്‍ക്ക് രണ്ട് പരാതികളായിരുന്നു. ഒന്നാമതായി, ഹിന്ദുക്കളല്ലാത്തവരെ പ്രത്യേകിച്ച് മുസ്ലിങ്ങളെ, ദേശീയവാദ രംഗത്ത് നിന്ന് ഒഴിവാക്കി. രണ്ടാമതായി മനുഷ്യരൂപത്തിലുള്ള ദൈവത്തെ ഇസ്ലാം കര്‍ശനമായി വിലക്കുന്നു. അതിനാല്‍ അവര്‍ ദേശസ്നേഹമുള്ള സമൂഹത്തിന് പുറത്താകുന്നു. മാത്രമല്ല, ദേവി, യുദ്ധത്തിന് കല്പിക്കുകയും ചെയ്യുന്നു. ഇത് മുഴുവന്‍ രചനയും — നോവലും ഗാനവും — മുസ്ലിങ്ങള്‍ക്കുള്ള ഭീഷണി നിറഞ്ഞതാക്കി.
കോണ്‍ഗ്രസിന്റെ പ്രാദേശിക മന്ത്രിസഭകളുടെ ചരിത്രം എല്ലായ്പ്പോഴും പ്രശ്നരഹിതമായിരുന്നില്ല എന്നതിനാല്‍ മുസ്ലിം അസ്വസ്ഥതകള്‍ ക്രമാനുഗതമായി വര്‍ധിച്ചു. മധ്യ പ്രവിശ്യകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പോലും മുസ്ലിം വിദ്യാര്‍ത്ഥികള്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധിതമാക്കി. 1930കളില്‍ മുസ്ലിം ലീഗ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തുടങ്ങി. പ്രശസ്ത ബംഗാളി കവി ജാസിമുദ്ദീന്‍ തന്റെ അഗാധമായ വേദന ടാഗോറിനോട് പങ്കുവച്ചു.
1894ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ടാഗോര്‍ ഇത് ആലപിച്ചിരുന്നു. അതേസമയം, അദ്ദേഹം തന്റെ ഘരേ ബൈരേ (1915) എന്ന നോവലില്‍ അതിന്റെ സാമുദായിക സാധ്യതകള്‍ അടിവരയിട്ടു. രാജ്യം യഥാര്‍ത്ഥത്തില്‍ ഭൂമിയിലും ജനങ്ങളിലുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവിക രൂപത്തിലുള്ള അതിന്റെ പുനര്‍നിര്‍മ്മാണം ഗൂഢമായ അമൂര്ത്തീകരണത്തിന് തുല്യമാണെന്നും. 1915ല്‍ ഗാന്ധിജിക്ക് ഈ ഗാനം പ്രചോദനമായി. എന്നാല്‍ 1946–47 കാലത്തെ വര്‍ഗീയ കൂട്ടക്കൊലയ്ക്ക് ശേഷം 1947ല്‍ അദ്ദേഹം തന്റെ അഭിപ്രായം പിന്‍വലിച്ചു. 1937ല്‍ നോവല്‍ വായിക്കാന്‍ തുടങ്ങിയ നെഹ്രു കൂടുതല്‍ അസ്വസ്ഥനായി. അതിന്റെ അഭികാമ്യതയെക്കുറിച്ച് ടാഗോറിനോട് ചോദിച്ചു. ആദ്യത്തെ രണ്ട് ഖണ്ഡികകള്‍ മനോഹരമായ നാടിനെ സ്തുതിക്കുന്നത് മാത്രമായതിനാല്‍ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ അവ ആലപിക്കാമെന്നും ബാക്കിയുള്ളവ ഉപയോഗിക്കരുതെന്നും ടാഗോര്‍ ഉപദേശിച്ചു. 1951ല്‍, ഭരണഘടനാ അസംബ്ലി ഈ രണ്ട് ഖണ്ഡികകളും ദേശീയ ഗീതമായി നിലനിര്‍ത്തി. അതേസമയം ടാഗോറിന്റെ മരണശേഷം അദ്ദേഹത്തിന്റെ ‘ജന ഗണ മന’ ദേശീയ ഗാനമായി ഉയര്‍ത്തി. മാറിയ സാഹചര്യങ്ങള്‍ ഗാന്ധിയുടെയും നെഹ്രുവിന്റെയും വീക്ഷണങ്ങളെ പരിഷ്കരിച്ചു എന്നത് വ്യക്തമാണ്. ഗാനത്തോടൊപ്പം നോവല്‍ വായിച്ചപ്പോള്‍, അതിന്റെ അസ്വസ്ഥജനകമായ വര്‍ഗീയ സാധ്യതയെക്കുറിച്ച് അവര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചു. എന്നാല്‍ അടുത്തിടെ വന്ന ഒരു ലേഖനത്തില്‍, ബിജെപിയും ആര്‍എസ്എസ് നേതാവായ റാം മാധവും പരിഷ്കാരങ്ങള്‍ക്ക് പിന്നില്‍ മുസ്ലിം കൈകള്‍ ആരോപിക്കുന്നു. 1937ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ നേടുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ അവസരവാദപരമായി നിലപാട് മാറ്റിയതായും പറയുന്നു. ഗാനം ഉള്‍പ്പെടുന്ന നോവലിലെ വര്‍ഗീയ ഭാഗങ്ങളെക്കുറിച്ച് മൗനം പാലിക്കുകയും കോണ്‍ഗ്രസിന്റെ പ്രതികരണത്തെ വര്‍ഗീയമായി മുദ്രകുത്തുകയും ചെയ്യുന്നു.
ആഘോഷങ്ങളോടെ ഗാനം വീണ്ടും പ്രചരിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനം സ്വാഭാവികമാണ്. മതപരവും സാമുദായികവുമായ വികാരങ്ങളെ സംയോജിപ്പിച്ച്, ദേശസ്നേഹമായി നിര്‍വചിക്കുന്ന ഈ ഗാനം സംഘ്പരിവാറിന്റെ അജണ്ടയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല, പരമ്പരാഗത ദേവ — ഭക്ത ബന്ധത്തെ ഗാനവും നോവലും തകിടം മറിക്കുന്നു. ഇവിടെ പവിത്രമായ പ്രവര്‍ത്തനങ്ങള്‍ ആദ്യത്തേതില്‍ നിന്ന് രണ്ടാമത്തേതിലേക്ക് മാറുന്നു. ദേവിയുടെ പുത്രന്മാരാണ് അവളുടെ മഹത്വം പുനഃസ്ഥാപിക്കാന്‍ യുദ്ധത്തിന് പോകുന്നത് — അവരാണ് ദിവ്യതയുടെ രക്ഷകര്‍. രാമന്റെ ജന്മസ്ഥലം അദ്ദേഹത്തിന് തിരികെ നല്‍കണമെന്ന ഹിന്ദുത്വ ചിന്തയുമായി ഇത് ശക്തമായി സാമ്യം പ്രാപിക്കുന്നു. ബങ്കിമിന്റേത് വളരെ സങ്കീര്‍ണമായ ഒരു മനസായിരുന്നു. ‘ആനന്ദമഠം’ സാമുദായിക ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവസാന വാക്കല്ല. അദ്ദേഹത്തിന്റെ അവസാന നോവലായ സീതാറാം, തന്റെ മുസ്ലിം എതിരാളികളെ പരാജയപ്പെടുത്തുന്ന വീരനും ആദര്‍ശവാദിയുമായ ഒരു രാജാവ് സ്ഥാപിച്ച ഒരു ഹിന്ദു മണ്ഡലത്തെയാണ് സങ്കല്പിക്കുന്നത്. മുസ്ലിങ്ങള്ക്കുമേല് പൊതുവായി ആരോപിക്കപ്പെട്ടിരുന്ന എല്ലാ തിന്മകളെയും അതിലദ്ദേഹം മറികടക്കുന്നു. അദ്ദേഹത്തിന്റെ ഹിന്ദു സഹകാരികള്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു. അവസാനമായി പോകുന്നത് ഹിന്ദു രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെന്ന് ദുഃഖത്തോടെ നിഗമനം ചെയ്യുന്ന ശുദ്ധഹൃദയനായ ഒരു ഫക്കീറാണ്.
(ദ വയര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.