
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നതിന് വോട്ട് ചെയ്യാൻ റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്ന് പൊടുന്നനെ വ്യതിചലിച്ചുകൊണ്ടാണ് ട്രംപിന്റെ നിര്‍ദേശം. എപ്സ്റ്റീൻ കേസിൽ നീതിന്യായ വകുപ്പിന്റെ രേഖകൾ പുറത്തുവിടുന്നതിനെക്കുറിച്ചുള്ള വോട്ടെടുപ്പ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എപ്സ്റ്റീൻ ദുരുപയോഗം ചെയ്തതിലും കടത്തിയതിലും ട്രംപിന് ബന്ധമുണ്ടെന്ന ആരോപണങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞിരുന്നു. ‘എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ ഹൗസ് റിപ്പബ്ലിക്കൻമാർ വോട്ട് ചെയ്യണം, കാരണം ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ല’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
കഴിഞ്ഞ ആഴ്ച ഹൗസ് കമ്മിറ്റി പുറത്തുവിട്ട ഇമെയിലുകളില്‍ എപ്‍സ്റ്റീനുമായി ബന്ധമുള്ള പെണ്‍കുട്ടികളെക്കുറിച്ച് ട്രംപിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ട്രംപ്, പ്രമുഖ ഡെമോക്രാറ്റുകള്‍ക്ക് എപ്‍സ്റ്റീനുമായുള്ള ബന്ധം അന്വേഷിക്കാൻ നീതിന്യായ വകുപ്പിനോട് നിർദ്ദേശിച്ചു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ വെളിപ്പെടുത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോൺഗ്രസിലെ ട്രംപിന്റെ ചില സഖ്യകക്ഷികളുമായുള്ള വിള്ളലിന് കാരണമായിട്ടുണ്ട്. 2019‑ൽ ജയിലിൽ ആത്മഹത്യ ചെയ്ത എപ്സ്റ്റീനെക്കുറിച്ചുള്ള സെൻസിറ്റീവ് രേഖകൾ സർക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ നിരവധി അനുയായികള്‍ വിശ്വസിക്കുന്നു. എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്യുന്നതുൾപ്പെടെ ചില വിഷയങ്ങളിൽ റിപ്പബ്ലിക്കൻമാരെ വിമർശിച്ചതിനെത്തുടർന്ന്, ജോർജിയ സെനറ്റര്‍ മാർജോറി ടെയ്‌ലർ ഗ്രീനിനുള്ള പിന്തുണ ട്രംപ് പിൻവലിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.