27 January 2026, Tuesday

ഇന്റർനെറ്റ് സ്വാതന്ത്ര്യം: ഇന്ത്യ പിന്നോട്ട് , ഭാഗിക സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ

Janayugom Webdesk
ന്യൂഡൽഹി
November 18, 2025 8:52 pm

കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ലോകത്ത് ഇന്റർനെറ്റ് സ്വാതന്ത്ര്യം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ തുടരുന്നതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസ് റിപ്പോർട്ട്. ‘ഫ്രീഡം ഓൺ ദി നെറ്റ് 2025’ എന്ന റിപ്പോർട്ടിലാണ് ഇന്ത്യയെ ഇന്റർനെറ്റ് സ്വാതന്ത്ര്യം ഭാഗികമായ അവസ്ഥയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളിൽ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന്റെ നിലവാരം ഇടിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
ഐസ്‌ലാന്റ്, ഓസ്ട്രേലിയ, കോസ്റ്ററിക്ക എന്നിവയാണ് ഇന്റർനെറ്റ് സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. പട്ടികയിൽ ഏറ്റവും മോശം സ്ഥാനത്ത് കെനിയയാണുള്ളത്.
ജനാധിപത്യ രാജ്യങ്ങളിൽ പോലും ജനങ്ങൾ തങ്ങളുടെ ഡിജിറ്റൽ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ നിയന്ത്രണങ്ങൾ നേരിടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഓൺലെെൻ ഇടങ്ങൾ വ്യാജവും കൃത്രിമവും ഏകപക്ഷീയവുമായ ആഖ്യാനങ്ങളാൽ നിറഞ്ഞിരിക്കുന്നു. സ്വതന്ത്ര ഇന്റർനെറ്റ് പദവിയുള്ള 18 രാജ്യങ്ങളിൽ പകുതിയോളവും ഇന്റർനെറ്റ് സ്വാതന്ത്ര്യ സ്കോറിൽ ഇടിവ് രേഖപ്പെടുത്തി. ചൈനയും മ്യാൻമറുമാണ് ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന് ഏറ്റവും മോശം അന്തരീക്ഷം അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സർക്കാരുകളുടെ സ്വേച്ഛാധിപത്യപരമായ നടപടികൾക്കെതിരെ ഓൺലെെനിൽ ഉയർന്നുവരുന്ന വിമർശനങ്ങളും പ്രതിഷേധങ്ങളും തടയാൻ ഇന്ത്യയടക്കമുള്ള 27 രാജ്യങ്ങളിലും സെൻസർഷിപ്പും ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുണ്ടായ ഇന്ത്യ‑പാകിസ്ഥാൻ സംഘർഷാനന്തരം, രാജ്യത്തെ ഓൺലൈൻ വിവര അന്തരീക്ഷം തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കവും കൊണ്ട് നിറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിച്ചതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വീഡിയോകളും വിവരങ്ങളും ക്രമാതീതമായി വർധിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ സ്വാധീനമുള്ള വ്യക്തികളും സർക്കാർ സ്ഥാപനങ്ങളും അടക്കം വ്യാജ വാർത്തകളും പ്രകോപനപരവും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച സംഭവങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേൽ സർക്കാർ നടത്തിയ നിയന്ത്രണ ശ്രമങ്ങളും റിപ്പോർട്ടിൽ ഉദാഹരണമായി പറയുന്നുണ്ട്: ‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ ഇന്ത്യയുടെ റഫാൽ യുദ്ധവിമാനം വെടിവെച്ചിട്ടു’ എന്ന വാർത്ത നൽകിയ ദി വയർ വെബ്‌സൈറ്റ് മണിക്കൂറുകളോളം നിരോധിച്ചത് വലിയ വിവാദമായിരുന്നു. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ ഇന്ത്യക്കാരെ യുഎസില്‍ നിന്ന് വിലങ്ങണിയിച്ച് നാടുകടത്തുന്നതിനെ കാർട്ടൂണിലൂടെ വിമർശിച്ച തമിഴ് വെബ്‌സൈറ്റായ വികടന്റെ സമൂഹമാധ്യമ അക്കൗണ്ട് മോഡി സർക്കാർ നിരോധിച്ചതും വ്യാപകമായ വിമർശനം ഉയർത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.