
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ഓഫിസുകളില്‍ ഓപ്പറേഷൻ ബ്ലാക്ക് ബോര്‍ഡ് എന്ന പേരില്‍ വിജിലൻസ് നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ചില ഓഫിസുകളിലെ ഉദ്യോഗസ്ഥർ എയ്ഡഡ് മേഖലയിലെ അധ്യാപക/അനധ്യാപകരുടെ സർവീസ് ആനൂകൂല്യങ്ങൾ അനുവദിക്കുന്നതിനായി ഉദ്യോഗസ്ഥരിൽ നിന്നും ഗൂഗിൾ പേ മുഖാന്തിരം പണം കൈപ്പറ്റിയതും എയ്ഡഡ് മേഖലയിലെ അധ്യാപക/അനധ്യാപകരുടെ സർവീസ് ആനൂകൂല്യങ്ങൾക്കുള്ള അപേക്ഷകളിൽ അനാവശ്യ കാലതാമസം വരുത്തിയിരിക്കുന്നതായും കണ്ടെത്തി.
തിരുവനന്തപുരത്ത് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലുള്ള സ്കൂളിൽ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ നിയമിച്ചതായി കണ്ടെത്തി. ആലപ്പുഴയില്‍ കുട്ടനാട് വിദ്യാഭ്യാസ ഓഫിസിലെ എയ്ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട സെക്ഷനിലെ ഒരു സീനിയർ ക്ലർക്കിന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് ഈ ഓഫീസിന്റെ പരിധിയിൽ വരുന്ന രണ്ട് എയ്ഡഡ് സ്കൂളുകളിലെ ക്ലർക്കുമാരുടെ അക്കൗണ്ടിൽ നിന്ന് 77,500 രൂപ ലഭിച്ചതായി കണ്ടെത്തി. ആലപ്പുഴ വിദ്യാഭ്യാസ ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് സംശയാസ്പദമായി 1.40 ലക്ഷം രൂപ ലഭിച്ചത് കണ്ടെത്തി. മലപ്പുറം റീജിയണൽ ഡെപ്യുട്ടി ഡയറക്ടർ ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ ബൈട്രാൻസ്ഫർ അപേക്ഷ പരിഗണിക്കുന്നതിനായി എയ്ഡഡ് സ്കൂൾ അധ്യാപകനിൽ നിന്ന് 2000 രൂപ ഗൂഗിൾ പേ വഴി വാങ്ങിയതായി കണ്ടെത്തി. ഈ ഉദ്യോഗസ്ഥന്റെ തന്നെ ഗൂഗിൾ പേ അക്കൗണ്ടിൽ 20,500 രൂപയുടെ സംശയാസ്പദ ഇടപാടുകളും കണ്ടെത്തി. ഡിഇഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് കണക്കിൽപ്പെടാത്ത 4,900 രൂപയും വിജിലൻസ് പിടിച്ചെടുത്തു. കണ്ണൂർ തളിപ്പറമ്പിലെ ഡിഇഒ ഓഫിസിന് കീഴിലുള്ള എയ്ഡഡ് സ്കൂളിൽ അധ്യാപക തസ്തിക നിലനിർത്താൻ സ്കൂളിൽ പഠിക്കാത്ത മൂന്ന് കുട്ടികള്‍ക്ക് അഡ്മിഷൻ നല്‍കിയതായും ഇതിൽ ഒരു കുട്ടി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണെന്നും കണ്ടെത്തി. തലശേരി ഡഇഒയ്ക്ക് കീഴിലെ എയ്ഡഡ് സ്കൂളിൽ അധ്യാപക തസ്തിക നിലനിർത്തുന്നതിന് ഒരു ക്ലാസിൽ 28 കുട്ടികൾ പഠിക്കുന്നതായി കാണിച്ച് അറ്റൻഡൻസ് അനുവദിച്ചതായി കണ്ടെത്തി. 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകളും ഏഴ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളും ഏഴ് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകളും ഉൾപ്പെടെ 55 ഓഫിസുകളിലാണ് ബുധനാഴ്ച മിന്നല്‍ പരിശോധന നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.