
ആഗോളതലത്തില്‍ റാങ്ക് ചെയ്ത 29 (പിന്നീട് 32) സൂചികകൾക്കു വേണ്ടി ഒരു “ഒരു വിവരദായക ചട്ടക്കൂട്” തയ്യാറാക്കുമെന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് നിതി ആയോഗ് പറഞ്ഞിരുന്നു. രാജ്യത്തിന്റെ റാങ്കിങ് മെച്ചപ്പെടുത്തുക മാത്രമല്ല, സംവിധാനങ്ങൾ മികവുള്ളതാക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും ആഗോളതലത്തിൽ ഇന്ത്യയെക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തുന്നതില്‍ പരിഷ്കാരങ്ങൾ വരുത്തുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ ഇതുവരെ അതുണ്ടായില്ല. ഒരു പുസ്തകത്തിനായി, 2014നെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോൾ എവിടെ നിൽക്കുന്നു എന്ന് താരതമ്യം ചെയ്യാൻ നാല് ഡസനിലധികം ആഗോള സൂചകങ്ങൾ ഞാൻ പരിശോധിച്ചു. ഇടയ്ക്കിടെ ഡാറ്റകള്‍ പരിശോധിക്കാറുണ്ട്. രാജ്യത്തിന്റെ സ്ഥാനം എവിടെയാണ് എന്നറിയുന്നത് എപ്പോഴും പ്രബോധനപരമാണ്. യുഎൻഡിപിയുടെ മാനവ വികസന സൂചികയിൽ, 2014ൽ ഇന്ത്യയുടെ റാങ്ക് 130 ആയിരുന്നത് ഇന്നും മാറിയിട്ടില്ല. “അസമത്വമാണ് ഇന്ത്യയുടെ എച്ച്ഡിഐ 30.7% കുറയ്ക്കുന്നത്. ഇത് മേഖലയിലെ ഏറ്റവും ഉയർന്ന നഷ്ടങ്ങളിലൊന്നാണ്” എന്നാണ് യുഎൻ റിപ്പോർട്ട് പറയുന്നത്. ആരോഗ്യ, വിദ്യാഭ്യാസ അസമത്വം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വരുമാന, ലിംഗ അസമത്വങ്ങൾ ശക്തമായി തുടരുന്നു. സ്ത്രീ തൊഴിൽശക്തി പങ്കാളിത്തവും രാഷ്ട്രീയ പ്രാതിനിധ്യവും പിന്നിലാണ്. സിവിക്കസ് മോണിറ്റർ, പൗരാവകാശത്തില്‍ ഇന്ത്യയെ “തടസമുള്ളത്” എന്നതിൽ നിന്ന് “അടിച്ചമർത്തപ്പെട്ടത്” എന്നതിലേക്ക് താഴ്ത്തി. ലോകത്ത് ആകെ 49 രാജ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മൗലികാവകാശങ്ങൾ പൂർണമായി ആസ്വദിക്കുന്നതിന് നിയമപരവും പ്രായോഗികവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന അധികാരികൾ പൗരാവകാശങ്ങളെ അടിച്ചമര്‍ത്തുന്ന രാജ്യങ്ങൾക്കാണ് സാധാരണയായി ഈ റേറ്റിങ് നൽകുന്നത്. ലോവി ഇൻസ്റ്റിറ്റ്യൂട്ട്, ഏഷ്യ പവർ ഇൻഡക്സില്‍ ഇന്ത്യയുടെ മേധാശക്തി സ്കോർ 41.5ൽ നിന്ന് 39.1 ആയി കുറഞ്ഞതായി രേഖപ്പെടുത്തുന്നു. രാജ്യത്തിന്റെ ‘പ്രധാന ശക്തി‘യെന്ന പദവി നഷ്ടപ്പെട്ടു. ലഭ്യമായ വിഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, പ്രതീക്ഷിച്ചതിലും കുറഞ്ഞ സ്വാധീനമാണ് മേഖലയിൽ ഇന്ത്യ ചെലുത്തുന്നതെന്ന് അതിന്റെ നെഗറ്റീവ് പവർ ഗ്യാപ് സ്കോർ (വിഭവങ്ങളുമായി ബന്ധപ്പെട്ട സ്വാധീനം) സൂചിപ്പിക്കുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
സ്വാതന്ത്ര്യം, നിയമവാഴ്ച, രാഷ്ട്രീയ ബഹുസ്വരത, തെരഞ്ഞെടുപ്പുകൾ, സർക്കാരിന്റെ പ്രവർത്തനം, പൗരസ്വാതന്ത്ര്യം തുടങ്ങിയവ പരിശോധിക്കുന്ന ഫ്രീഡം ഹൗസിന്റെ റിപ്പോര്‍ട്ട് 2014ൽ ഇന്ത്യക്ക് 77 റേറ്റിങ് നൽകി ‘സ്വതന്ത്രം’ എന്ന് രേഖപ്പെടുത്തി. 2025ൽ ഇത് 63 ആയി കുറച്ച്, ‘ഭാഗികമായി സ്വതന്ത്രം’ എന്ന് താഴ്ത്തി. “ഇന്ത്യ ഒരു ബഹുകക്ഷി ജനാധിപത്യ രാജ്യമാണെങ്കിലും, സർക്കാർ വിവേചനപരമായ നയങ്ങൾക്കും മുസ്ലിം ജനതയെ ബാധിക്കുന്ന പീഡനങ്ങളുടെ വർധനവിനും നേതൃത്വം നൽകി” എന്ന് ഫ്രീഡം ഹൗസ് പറയുന്നു. ഇതിനെതിരെ മോഡി സർക്കാർ ആദ്യം രോഷം പ്രകടിപ്പിച്ചെങ്കിലും പിന്നീട് റിപ്പോർട്ടുകളിൽ മൗനം തുടര്‍ന്നു.
രാജ്യങ്ങളുടെ ക്രിമിനൽ — സിവിൽ നീതിന്യായ വ്യവസ്ഥ, മൗലികാവകാശങ്ങൾ, സർക്കാർ നിയന്ത്രണങ്ങൾ, അഴിമതി, സുതാര്യത, ക്രമസമാധാനം, സുരക്ഷ, ഭരണനിർവഹണം എന്നിവ നിരീക്ഷിക്കുന്ന വേൾഡ് ജസ്റ്റിസ് പ്രോജക്ട് പ്രസിദ്ധീകരിച്ച ആഗോള സൂചികയില്‍ ഇന്ത്യയുടെ നില 2014ല്‍ 86 ആയിരുന്നത് 66ലേക്ക് താഴ്ന്നു. ജീവിത സംതൃപ്തി, ആളോഹരി ആഭ്യന്തര ഉല്പാദനം, സാമൂഹിക പിന്തുണ, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതി എന്നിവ അടിസ്ഥാനമാക്കി ഐക്യരാഷ്ട്രസഭ തയ്യാറാക്കുന്ന വേൾഡ് ഹാപ്പിനസ് റിപ്പോർട്ടില്‍ 2014ൽ 111-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 118-ാം സ്ഥാനത്താണ്.
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ, 2014ലെ 140ൽ നിന്ന് ഇന്ന് 151ലേക്ക് താഴ്ന്നു. “മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ, മാധ്യമ ഉടമസ്ഥതയുടെ വര്‍ധിച്ച കേന്ദ്രീകരണം, രാഷ്ട്രീയ പിടിമുറുക്കം എന്നിവ കാരണം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്ന്” ആർഎസ്എഫ് പറയുന്നു. കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മനുഷ്യാവകാശ സൂചികയില്‍ 2014ലെ 87ൽ നിന്ന് നിന്ന് 110ലേക്ക് ഉയർന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ലിംഗ വിവേചന സൂചിക 114 ആയിരുന്നത് 131 ആയിരിക്കുന്നു. “പാർലമെന്റിലെ സ്ത്രീ പ്രാതിനിധ്യം 14.7 ശതമാനത്തിൽ നിന്ന് 13.8% ആയി കുറഞ്ഞു. മന്ത്രിമാരെന്ന നിലയില്‍ സ്ത്രീകളുടെ പങ്കാളിത്തം 6.5 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി കുറയുന്നു” എന്നതായിരുന്നു കാരണം. ആഗോള സാമ്പത്തിക സ്വാതന്ത്ര്യം നിരീക്ഷിക്കുന്ന ഹെറിറ്റേജ് ഫൗണ്ടേഷന്റെ സൂചികയില്‍ നിയമവാഴ്ച, സര്‍ക്കാരിന്റെ വലിപ്പം, നിയന്ത്രണ കാര്യക്ഷമത, തുറന്ന വിപണി എന്നിവയില്‍ 120-ാം സ്ഥാനത്തു നിന്ന് 128-ാം സ്ഥാനത്തെത്തി. “വിപണിയധിഷ്ഠിത പരിഷ്കാരങ്ങളിലെ പുരോഗതി അസമമായിരുന്നു. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു നിയമ ചട്ടക്കൂടിന്റെ അഭാവത്തിൽ ദീർഘകാല സാമ്പത്തിക വികസനത്തിനുള്ള അടിത്തറ ദുർബലമാണ്, സംരംഭകർ കടുത്ത വെല്ലുവിളികൾ നേരിടുന്നു, സര്‍ക്കാരിന്റെ നിയന്ത്രണ ചട്ടക്കൂട് കടുത്തതാണ്” തുടങ്ങിയവയാണ് കാരണം.
ആഗോള വിശപ്പ് സൂചികയില്‍, വിശപ്പ്, കുട്ടികളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് എന്നിവയില്‍ 2014ൽ 76 രാജ്യങ്ങളിൽ 55-ാം സ്ഥാനത്തായിരുന്നു രാജ്യം. ഇന്ന് 123 രാജ്യങ്ങളിൽ 102-ാം സ്ഥാനത്താണ്. “ഇന്ത്യയിൽ വിശപ്പിന്റെ അളവ് ഗുരുതരമാണ്” എന്ന് റിപ്പോർട്ട് പറയുന്നു. കാലക്രമേണ ഈ സൂചികകളുടെ എണ്ണം വര്‍ധിച്ചുവന്നു. നല്ല ഭരണം കൂടുതല്‍ മാറ്റമുണ്ടാക്കുമെന്ന് നാം അനുമാനിച്ചു. എന്നാല്‍ ഈ സൂചികകള്‍ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും ഈ സ്ഥാപനങ്ങൾ നമ്മോട് മുൻവിധിയോടെ പെരുമാറിയെന്നും ഭരണകൂടം നിഗമനത്തിലെത്തി. പിന്നീട്, കണക്കുകള്‍ പുറത്ത് വന്നുകൊണ്ടിരുന്നെങ്കിലും വാർത്തകൾ അവഗണിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു, ഇപ്പോഴും അങ്ങനെ തന്നെയാണ്.
പൊതുവായ മാധ്യമ താല്പര്യമില്ലാതാകുമ്പോള്, എന്ത് മാറ്റങ്ങൾ സംഭവിച്ചുവെന്നും ഏത് ദിശയിലേക്കാണ് പുതിയ ഇന്ത്യ സഞ്ചരിക്കുന്നതെന്നും കണ്ടെത്തേണ്ടത് വ്യക്തികളുടെ ഉത്തരവാദിത്തമാകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.